കരിങ്കല്‍ ഖനനം: നരിക്കോട് മല ദുരന്തഭീഷണിയില്‍

Saturday 18 August 2018 8:05 pm IST

 

പാനൂര്‍: പ്രകൃതിക്ഷോഭ ഭീഷണിയില്‍ നില്‍ക്കുന്ന നരിക്കോട് മലയില്‍ കരിങ്കല്‍ ഖനനം തുടര്‍ന്നാല്‍ വരാന്‍ പോകുന്നത് വന്‍ദുരന്തം. വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന വാഴമല, നരിക്കോട്മല, പാത്തിക്കല്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് അറുപത്തിമൂന്നോാളം കരിങ്കല്‍ക്വാറികള്‍. ഇതില്‍ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും ചട്ടംലംഘിച്ച്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടന്ന വരുന്ന നിയമലംഘനം വഴി പ്രകൃതി രമണീയമായതും ചരിത്രപരവുമായി ഏറെ പ്രാധാന്യമുളള ഇവിടം ഇന്നു ദുരന്തഭൂമിയായി മാറി കഴിഞ്ഞു. 

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് അഞ്ച് കുടുംബങ്ങളെ താല്‍ക്കാലികമായി മാറ്റി താമസിപ്പിച്ചിരുന്നു. 

സമുദ്രനിരപ്പില്‍ നിന്നും 1300 അടി ഉയരത്തിലുളള ഈ മല ഇളകിയാല്‍ അത് പാനൂര്‍ മേഖലയില്‍ വന്‍ദുരന്തത്തിനു കാരണമാകും. ഉരുള്‍പൊട്ടലുണ്ടാകുമെന്നും ഒരു മഴക്കുഴി പോലും ഈ മേഖലയില്‍ നിര്‍മ്മിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ട സ്ഥലമാണിത്. ഇവിടെയാണ് മലതുരന്ന് വന്‍കുഴികളായി മാറിയ ക്വാറികള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. മഴക്കെടുതി രൂക്ഷമായതോടെ കലക്ടര്‍ താല്‍ക്കാലികമായി ഒരു ക്വാറികളും പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവു പുറപ്പെടുവിച്ചതു കൊണ്ട് തല്‍ക്കാലം ഖനനം നിര്‍ത്തി വെച്ചിട്ടുണ്ട്. നരിക്കോട്മലയ്ക്കു സമീപത്തെ പാത്തിക്കല്‍ ഭാഗത്താണ് ക്വാറികള്‍ ഏറെ പ്രവര്‍ത്തിക്കുന്നത്. രണ്ടായിരത്തില്‍ ഉരുള്‍പൊട്ടി ഇവിടെ ഏക്കര്‍ കണക്കിനു കൃഷി നശിച്ചിരുന്നു. 

വനവാസി വിഭാഗങ്ങള്‍ അടക്കം നൂറോളം കുടുംബങ്ങള്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസു കൂടിയാണ് നരിക്കോട്മല. ടൂറിസ്റ്റ് കേന്ദ്രമായി കണ്ട് ഇവിടെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ കോടികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. മാറി വന്ന സര്‍ക്കാരുകള്‍ ഖനനത്തിനു അനുമതിയും സഹകരണവും തുടരുകയാണ് പതിവ്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട്‌പോസ്റ്റും നിരീക്ഷണ ക്യാമറയും സ്ഥാപിക്കണമെന്ന കലക്ടറുടെ ഉത്തരവു പോലും അട്ടിമറിച്ചവരാണ് ഇവിടുത്തെ ക്വാറി മുതലാളിമാര്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.