ദേശീയപതാക താഴ്ത്തികെട്ടാതെ കാസര്‍കോട് നഗരസഭയിലും മുന്‍ പ്രധാനമന്ത്രിയോട് അനാദരവ്

Saturday 18 August 2018 8:06 pm IST

 

കാസര്‍കോട്: രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നടക്കുന്ന സമയത്ത് ദേശീയപതാക താഴ്ത്തി കെട്ടാതെ കാസര്‍കോട് നഗരസഭയും മുന്‍പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയത് പ്രതിഷേധത്തിന് കാരണമായി. വ്യാഴാഴ്ച വൈകിട്ട് അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയോടുള്ള ആദരസൂചകമായി ഒരാഴ്ചത്തെ ദേശീയ തലത്തില്‍ ഔദ്യോഗിക ദു:ഖാചരണം നടന്ന് വരികയാണ്. 

ഏതെങ്കിലും വിശിഷ്ട വ്യക്തിയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രം ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങളിലത്രയും ദേശീയപതാക പകുതി ഇറക്കി കെട്ടണമെന്നാണ് ചട്ടം. അത് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരസഭയില്‍ പതാക താഴ്ത്തിക്കെട്ടാത്തത് വന്‍ പ്രതിഷേധത്തിന് കാരണായിരുന്നു. വ്യക്തിയുടെ പ്രാധാന്യത്തിനനുസരിച്ച് സംസ്ഥാനങ്ങളിലും ഇന്ത്യയിലൊന്നാകെയും പതാക പകുതി ഇറക്കിക്കെട്ടണം. ഈ നിര്‍ദേശത്തെ പാടെ ലംഘിച്ചാണ് കാസര്‍കോട് നഗരസഭയില്‍ പതിവുപോലെ മുഴുവനായി ദേശീയപതാക ഉയര്‍ത്തിക്കെട്ടി മുന്‍ പ്രധാനമന്ത്രി വാജ്‌പൈയെ അപമാനിച്ചിരിക്കുന്നത്. മുസ്ലിംലീഗ് നേതൃത്വത്തിലുള്ള നഗരസഭയിലാണ് ഈ അനാദരവ്. 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബിജെപി കൗണ്‍സിലറായ എം.ശ്രീലത ടീച്ചര്‍ ഇത് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവര്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് ആരോപണമുണ്ട്. ഇന്നലെ വൈകീട്ട് വരെ കൗണ്‍സിലര്‍ പറഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തുകയോ ദേശീയപതാക താഴ്ത്തികെട്ടുകയോ ചെയ്യാത്തതത് പ്രതിഷേധത്തിന് കാരണമായി. ദേശീയപതാക താഴ്ത്തികെട്ടാനുള്ള ഉത്തരവ് നഗരസഭയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് ആദ്യം ചെയര്‍പേഴ്‌സണ്‍ ജന്മഭൂമിയോട് പ്രതികരിച്ചത്. കുറച്ച് കഴിഞ്ഞ് ഫോണില്‍ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ പതാക താഴ്ത്തികെട്ടണ്ടത് ഓഫീസ് ജീവനക്കാരാണെന്നും തനിക്ക് ഒന്നും അത് സംബന്ധിച്ച് അറിയില്ലെന്നുമാണ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. ഓഫീസ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.