ജീവനുവേണ്ടി യാചിച്ച് ജനങ്ങൾ; അഹന്ത വെടിയാതെ സംസ്ഥാന സർക്കാർ

Sunday 19 August 2018 2:49 am IST

തിരുവനന്തപുരം: കേരളം ദുരിത പ്രളയത്തില്‍ മുങ്ങുമ്പോള്‍ അഹന്ത വെടിയാന്‍ തയാറാകാതെ സംസ്ഥാന സര്‍ക്കാര്‍. ദുരിതക്കയത്തില്‍പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെ നാലുനാള്‍ പിന്നിടുമ്പോള്‍  അവരുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.  ദുരന്തം നാലുനാള്‍ പിന്നിട്ടിട്ടും പ്രളയത്തില്‍പ്പെട്ടവരെ  രക്ഷപ്പെടുത്താന്‍ ഇനിയും സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല.  നിരവധി പേര്‍ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ കേഴുമ്പോള്‍ അവര്‍ എങ്ങനെയെങ്കിലും രക്ഷപ്പെടുമെന്ന നിഗമനത്തിലാണ്  സര്‍ക്കാര്‍. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന തരത്തില്‍ ദുരന്തനിവാരണത്തിനുള്ള ഏകോപനങ്ങള്‍ പാടെ താളം തെറ്റി.

ദുരന്തം വിതച്ചനാള്‍ മുതല്‍ വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജീവനുവേണ്ടി കേഴുന്നവരുടെ ആവശ്യത്തെ  മുഖ്യമന്ത്രി പിണറായി വിജയന്‍ ചിരിച്ച് തള്ളുകയായിരുന്നു. രണ്ടാംനാള്‍ വീണ്ടും ഈ ആവശ്യം ഉയര്‍ന്നെങ്കിലും കൂടുതല്‍ സൈനികരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

 രക്ഷാ പ്രവര്‍ത്തനത്തിന്റെ  ചുമതല പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ദുര്‍ഘടമായ പ്രദേശങ്ങളിലുള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ഇതിനു മുമ്പേ നടത്താമായിരുന്നു.  എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ അവര്‍ക്ക് പോകാന്‍ സാധിക്കൂ. ഇത്രയും വലിയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം എങ്ങനെ ഏകോപിപ്പിക്കണം എന്ന് പരിചയസമ്പത്തുള്ള റവന്യു ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ഇല്ലാതെ പോയതും സ്ഥിതി ദുര്‍ഘടമാക്കി. 

ഓഖി ദുരന്തത്തിലും സുനാമിയിലും ദുരിതബാധിതര്‍ ഇത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അതിനാലാണ് വിഎസ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. 

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കുന്നത് പട്ടാള ഭരണത്തിന് തുല്യമെന്നാണ് ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രതികരണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതും പട്ടാളഭരണവും തമ്മില്‍ എന്ത് ബന്ധമെന്ന് ആര്‍ക്കും മനസ്സിലാകുന്നുമില്ല. സംസ്ഥാന പോലീസിനോ ഫയര്‍ഫോഴ്‌സിനോ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയിലാണ് ദുരന്തം. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ദുരന്തം ബാധിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തി  പരിചയസമ്പന്നരാണ് സൈനികര്‍. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ തയാറാകാതെ അന്ധമായ രാഷ്ട്രീയ തിമിരത്താല്‍ ജനങ്ങളുടെ ജീവന്‍വച്ച് പന്താടുകയാണ് സംസ്ഥാന സര്‍ക്കാര്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.