സൈന്യത്തെ ഏൽപ്പിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും; ബിജെപി

Sunday 19 August 2018 2:55 am IST

ആലപ്പുഴ: സംസ്ഥാനത്തെ അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ വച്ച് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും രാഷ്ട്രീയം കളിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. 

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം ലഭിക്കുന്നതും ചുമതല കൈമാറുന്നതും രണ്ടാണ്. ചുമതല കൈമാറിയാല്‍ അവര്‍ക്ക് സിവില്‍ ഭരണകൂടത്തിന്റെ നിര്‍ദേശം കാത്ത് നില്‍ക്കാതെ അതിവേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. യുദ്ധസമാനമായ അവസ്ഥയാണ് കേരളത്തിലേത്. ഈ സാഹചര്യം മറികടക്കാന്‍ സൈന്യത്തിനേ കഴിയൂ. സംസ്ഥാന സര്‍ക്കാര്‍ ഇനിയും പിടിവാശി കാട്ടിയാല്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം ബിജെപി ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. 

 കേരളത്തിലെ പ്രളയത്തെ ദേശിയ ദുരന്തത്തിന് തുല്യമായി കണ്ട് സഹായം നല്‍കണമെന്ന് ബിജെപി സംസ്ഥാന നേതാക്കള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. ഇതിനകം 760 കോടിയുടെ സഹായം കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചു കഴിഞ്ഞു.  കൂടാതെ ആര്‍മിയുടെ 21 കമ്പനിയും 55 ബോട്ടുകളും രക്ഷാദൗത്യത്തിന് എത്തിച്ചു. നേവിയുടെ 258 റെസ്‌ക്യൂ ടീമുകളും 250 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും കേരളത്തിന് നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി ചെങ്ങന്നൂര്‍ എംഎല്‍എ നടത്തിയ നിലവിളി ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. 

പട്ടാളത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചാനലുകള്‍ക്ക് മുന്നില്‍ എംഎല്‍എയുടെ പ്രകടനം. യഥാര്‍ഥത്തില്‍ പട്ടാളത്തെ വിളിക്കാന്‍ തടസ്സം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. സംസ്ഥാനത്തിന്റെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റുകളായ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ആത്മഹത്യപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 1500 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ ബിജെപിയുടെ നേതൃത്വത്തിലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ആലപ്പുഴ നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകളും ശ്രീധരന്‍ പിള്ള സന്ദര്‍ശിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.