ഇടക്കാല സഹായം; 500 കോടി

Sunday 19 August 2018 3:01 am IST

കൊച്ചി: ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിനൊപ്പമുണ്ടെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെത്തി ഇന്നലെ ദുരന്തം നേരിട്ടു കണ്ടു വിലയിരുത്തിയ പ്രധാനമന്ത്രി 500 കോടി രൂപയുടെ ഇടക്കാല സഹായം പ്രഖ്യാപിച്ചു. 

ഇതിനു പുറമേ വിവിധ രംഗങ്ങളില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കരുത്തേകുന്ന മറ്റു പദ്ധതികളും മോദി പ്രഖ്യാപിച്ചു. കൂടുതല്‍ സൈനിക സഹായവും പ്രധാനമന്ത്രി ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. നേരത്തെ മൂന്ന് ഘട്ടമായി 260 കോടി അനുവദിച്ചിരുന്നു. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കും. കേരളത്തിലെ തകര്‍ന്ന റോഡുകള്‍ മുഴുവന്‍ നന്നാക്കാന്‍ ദേശീയപാതാ അതോറിറ്റിക്ക് പ്രധാനമന്ത്രി അടിയന്തര നിര്‍ദേശം നല്‍കി. തകര്‍ന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതില്‍ സംസ്ഥാനത്തെ സഹായിക്കാന്‍  എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  തകര്‍ന്ന വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പുനര്‍നിര്‍മിക്കും. 

 പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. അടിയന്തരമായി 2000 കോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഇന്നലെ രാവിലെ എട്ടു മണിയോടെ കൊച്ചി നേവല്‍ ബേസില്‍ വിമാനമിറങ്ങി. കാലാവസ്ഥ പ്രതികൂലമായത് വ്യോമനിരീക്ഷണം വൈകിപ്പിച്ചു. ഒരു ഘട്ടത്തില്‍ ഹെലിക്കോപ്റ്ററില്‍ നിന്ന് പ്രധാനമന്ത്രി തിരിച്ചിറങ്ങുന്ന അവസ്ഥപോലുമുണ്ടായി. പിന്നീട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ക്കുമൊപ്പം ഹെലിക്കോപ്റ്ററില്‍ പ്രധാനമന്ത്രി കൊച്ചിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി.

 റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. പത്തേകാലോടെ പ്രധാനമന്ത്രി ദല്‍ഹിക്കു മടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.