നേതാക്കളെന്താ ഇങ്ങനെ

Sunday 19 August 2018 3:09 am IST

'പുരകത്തുമ്പോള്‍ വാഴ വെട്ടുക' എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് നേതാക്കളുടെ പെരുമാറ്റം. കേരളത്തെ കാലവര്‍ഷം കശക്കിയെറിയുകയാണ്. ലക്ഷക്കണക്കിനാള്‍ക്കാരുടെ ജീവനോപാതികള്‍ നശിച്ചു. വളരെയധികം ജീവന്‍ നഷ്ടവുമായി. ദുഃഖക്കയത്തില്‍ നിന്നും കേരളം എന്ന് കരകയറുമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. വ്യക്തിപരമായി ഏറെ ദുഃഖസാഹചര്യം മാറ്റി കേരളത്തിന്റെ ദുരന്തം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ആശ്വാസ വാക്കുകളും ഏതറ്റം വരെയും സഹായിക്കുമെന്നുറപ്പും നല്‍കി. അപ്പോഴാണ് കേരളത്തിലൊരു മന്ത്രിയും ഒരു ലോകസഭാംഗവും ജര്‍മ്മനിയില്‍ ചുറ്റുക്കറങ്ങുന്നത്.

കോട്ടും സൂട്ടുമിട്ട് വനം മന്ത്രി കെ. രാജുവും പൊന്നാനി എംപി ഇ.ടി. മുഹമ്മദ് ബഷീറുമാണ് ജര്‍മ്മനിയില്‍ പോയത്. ദുരിതാശ്വാസത്തിന്റെ കോട്ടയം ജില്ല ചുമതലയായിരുന്നു മന്ത്രിക്ക്. മലപ്പുറം ജില്ലയില്‍ കാലവര്‍ഷം ബഷീറിന്റെ മണ്ഡലത്തെയും സാരമായി ബാധിച്ചു. അതൊന്നും കൂസാതെ രാജ്യംവിട്ട നേതാക്കളെന്താ ഇങ്ങനെ ? പേമാരിക്കിടയിലാണ് പുതുയൊരു മന്ത്രിയുടെ പുനപ്രവേശനം. അതും വറുതിയുടെ മാസമായ കര്‍ക്കടകത്തില്‍. വറുതിയില്‍പ്പെട്ടുഴലുന്ന പാര്‍ട്ടിക്ക് ഇ.പി. ജയരാജനെന്ന കേന്ദ്രക്കമ്മിറ്റി അംഗത്തെ എത്രയും പെട്ടെന്ന് മന്ത്രിസ്ഥാനത്തെത്തിക്കേണ്ടതുണ്ടായിരുന്നു.  

ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ല. അല്ലേലും പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തുകാര്യം? സിപിഎമ്മിന് തെലവെത്രയാണ്. വരവാണെങ്കില്‍ കുറവും. ഒന്‍പത് എംപിമാരുടെയും നൂറില്‍ത്താഴെ എംഎല്‍എമാരുടെയും ലെവികൊണ്ടും നിത്യനിദാന ചെലവുപോലും നടക്കില്ല. 

ദല്‍ഹിയില്‍ വമ്പന്‍ കെട്ടിടമുണ്ട്. കേന്ദ്ര കമ്മറ്റി ഓഫീസായി നല്‍കുന്നു. എകെജിയുടെ സ്മാരകമായി നില്‍ക്കുന്ന കെട്ടിടത്തില്‍ വെള്ളവും വെളിച്ചവും കുറയ്ക്കാന്‍ പറ്റുമൊ? നേരത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം . എംപിമാരും എംഎല്‍എമാരുമായി ഒട്ടേറെപ്പേര്‍. ഒത്തുപിടിച്ച് നല്ലനിലയില്‍ ആളും അര്‍ത്ഥവുമൊക്കെയായി കഴിഞ്ഞ പാര്‍ട്ടി. ഇപ്പോഴാകട്ടെ ഭരണം കേരളത്തില്‍ മാത്രം. ആന മെലിഞ്ഞാലും തൊഴുത്തില്‍ക്കെട്ടാന്‍ പറ്റില്ലല്ലൊ.

മാനവും അഭിമാനവും ഉണ്ടാകുന്നത് മടിയിലെ കനം നോക്കിയാണ്. അതേറ്റവും നന്നായി തിരിച്ചറിഞ്ഞ നേതാവാണ് ഇ.പി.ജയരാജന്‍. പണ്ടത്തെ കാലമല്ല ഇതെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടല്ലൊ. കട്ടന്‍കാപ്പികുടിച്ചും കുറ്റിബീഡി വലിച്ചും നടക്കുന്ന നേതാക്കളെ ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍  അംഗീകരിക്കില്ല. അവര്‍ പാര്‍ട്ടിയിലേക്ക് വരില്ല. അലക്കിത്തേച്ച് വെടിപ്പായി നടക്കുന്ന നേതാക്കള്‍ വേണം. പഴയ സഖാക്കള്‍ക്ക് അലക്കിത്തേയ്ക്കാത്ത വസ്ത്രങ്ങള്‍ അലങ്കാരമാണെങ്കില്‍ കാലം മാറി സഖാക്കളെ എന്നോര്‍മിപ്പിച്ചത് ജയരാജനാണല്ലൊ. 

പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാനും പത്രത്തിന്റെ ബോണ്ടിലേക്ക് പണമൊഴുക്കി എത്തിക്കാനും അറിയുന്ന നേതാവ് ജയരാജനാണെന്ന് സംസ്ഥാന കമ്മറ്റിയും കേന്ദ്രകമ്മറ്റിയും പണ്ടെ തിരിച്ചറിഞ്ഞതാണ്. പിന്നെ ചില അച്ചടക്ക നടപടികള്‍. അത് അണികളുടെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍. മാനംകെട്ട് പണമുണ്ടാക്കിയാലും പണം മാനമുണ്ടാക്കിത്തരുമെന്ന ചൊല്ലുണ്ടല്ലൊ. അത് വല്ലതും പ്രതിപക്ഷനേതാവ് അറിയുന്നുണ്ടോ? ആ അറിവില്ലായ്മ കൊണ്ടല്ലെ സത്യപ്രതിജ്ഞയില്‍നിന്നും വിട്ടുനിന്നതും അന്നു പറഞ്ഞത് എവിടെപ്പോയി എന്നൊക്കെ ചോദിക്കുന്നതും. 

യുഡിഎഫ് ഭരണത്തില്‍ 25 കാബിനറ്റ് പദവി. എല്‍ഡിഎഫ് ഭരണത്തിലും 25 കാബിനറ്റ് പദവി എന്ന് ചെന്നിത്തല താരതമ്യപ്പെടുത്തിയിട്ടുണ്ട്. ജയരാജന്‍ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചെന്ന് തെളിഞ്ഞതാണ്. എല്ലാ കേസുകളും എഴുതിത്തള്ളുന്നതുപോലെ വിജിലന്‍സ് ഇതും എഴുതിത്തള്ളിയതുകൊണ്ട് ജയരാജന്‍ കുറ്റക്കാരനല്ലെന്ന് കരുതാനാവില്ല. അടുത്ത ബന്ധുവിനെ നിയമിക്കാന്‍ സ്വന്തം ലെറ്റര്‍പാഡില്‍ എഴുതിനല്‍കിയെന്ന ആരോപണം ആരും നിഷേധിച്ചിട്ടില്ല.

ജയരാജന് ക്ലീന്‍ചിറ്റ് നല്‍കാന്‍ തയ്യാറാവാത്തതിനാലാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. ജയരാജന്‍ തെറ്റ് ചെയ്തുവെന്ന് സിപിഎം പറഞ്ഞതാണ്. അന്ന് പറഞ്ഞത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ പറയാനാകുമോ? ജയരാജനെയും പി.കെ.ശ്രീമതിയെയും സിപിഎം കേന്ദ്രകമ്മറ്റി ശാസിച്ചതും ഈ കേസിലാണ്. അതിനാല്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയണം. 

അന്ന് തനിക്കെതിരെ പറഞ്ഞവര്‍ക്ക് തെറ്റ് ബോധ്യമായെന്ന് ജയരാജന്‍ പറയുന്നു. ആര്‍ക്കാണ് ബോധ്യം. സിപിഎമ്മിനോ കോടിയേരിക്കോ ആദര്‍ശം പറയുന്ന സിപിഐയും ചീഫ് വിപ്പ് സ്ഥാനം വാങ്ങി മൗനം പാലിക്കുകയാണ്. പിസി ജോര്‍ജിനെ ചീഫ് വിപ്പാക്കിയത് ധൂര്‍ത്താണെന്ന് ആക്ഷേപിച്ചവര്‍ പൂര്‍വകാല പ്രാബല്യത്തോടെ ജനങ്ങളോട് മാപ്പ് പറയണം. ചെലവ് ചുരുക്കാന്‍ 19 മന്ത്രിമാര്‍ മതിയെന്ന് പറഞ്ഞ് അധികാരമേറ്റവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. യുഡിഎഫിന്റെ കാലത്തും ഇപ്പോഴും കാബിനറ്റ് പദവികള്‍ 25 ആണ്. 21 മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, ആര്‍. ബാലകൃഷ്ണപിള്ളയുടെ കാബിനറ്റ് പദവി എന്നിങ്ങനെയായിരുന്നു യുഡിഎഫ് കാലത്തെങ്കില്‍ ഇപ്പോള്‍ 20 മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, ബാലകൃഷ്ണപിള്ളയുടെയും വി.എസ്.അച്യുതാനന്ദന്റെയും കാബിനറ്റ് പദവികള്‍ എന്നതാണ് അവസ്ഥ. ഒരു മന്ത്രിയെ കുറച്ചതിലൂടെ വര്‍ഷം 7.5കോടി ഖജനാവിന് ലാഭമെന്ന് മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞത് ശരിയാണെങ്കില്‍ഇപ്പോള്‍ വര്‍ഷം 15 കോടിയുടെ അധികചെലവാണുണ്ടാകുന്നത്.

ചെന്നിത്തലയുടെ ഈ വിശദീകരണത്തിലൂടെ ഒന്ന് വ്യക്തമാവുകയാണ്. രണ്ട് മുന്നണിയും ഒരേ കള്ളനാണയത്തിന്റെ ഇരുവശം. ജയരാജന്റെ സങ്കടം ചെന്നിത്തല അറിയുന്നില്ല. ജീവിതം 27000 ദിവസം മാത്രം അതിനിടയില്‍ വല്ലതും ചെയ്യണം. പാര്‍ട്ടിയെ പോറ്റണം. അതിന് വരുന്ന ചെലവെന്തെങ്കിലും ചെന്നിത്തല അറിയുന്നുണ്ടൊ? മൂന്ന് മന്ത്രിസഭയുണ്ടായിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. നല്ല കറവക്കാരില്ലാത്തതുകൊണ്ടാണത്. ആ കുറവ് നികത്താന്‍ ജയരാജന് മാത്രമെ കഴിയൂ എന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞാല്‍ പിന്നെ വൈകിക്കുന്നതെന്തിന്? അത്രയേ ചെയ്തിട്ടുള്ളു. അത്രയേ ചെയ്തിട്ടുള്ളു. 

കെ. കുഞ്ഞിക്കണ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.