ആനുകാലിക മാധ്യമ ലോകത്തെ വായനാശകലങ്ങള്‍...

Sunday 19 August 2018 3:09 am IST
ഏകാന്തയാമത്തില്‍ വേരുകളാഴ്ത്തിയ പാഴ്മരത്തില്‍ കൂടുകൂട്ടി ആരുമിതേവരെ കേള്‍ക്കാത്തനാദത്തില്‍ ആ പക്ഷി മധുരമായ് പാടി, പക്ഷിയ്ക്ക് പാടുകയല്ലോ മോചനം പൂക്കള്‍ വിളിക്കുന്നു പുഴകള്‍ വിളിക്കുന്നു പുതിയൊരു ഗീതം പാടാന്‍ ഓരോവിഷാദങ്ങള്‍ ഓര്‍മപ്പെടുത്തുന്നു പിന്നെയും പിന്നെയും പാടാന്‍ പക്ഷിയ്ക്ക്പാടിമരിക്കലേ ജന്മം

തിരുവോണസദ്യ എല്ലാവരും ഒരുമിച്ചിരുന്നാണ് ഉണ്ണുക. കാരണം വര്‍ഷത്തില്‍ വിഷുവിനും ഓണത്തിനും മാത്രമായിരിക്കും ചിലപ്പോള്‍ സദ്യയുണ്ടാക്കുന്നത്. ഞങ്ങളുടെയൊക്കെ പിറന്നാള്‍ വരുമ്പോള്‍ സ്വാഭാവികമായും എന്തെങ്കിലും നോണ്‍ വെജ് വിഭവങ്ങള്‍ ഉണ്ടാക്കാനാണ് പറയുക. അപ്പോള്‍ സദ്യ ഓണത്തിനും വിഷുവിനും മാത്രമായിരിക്കും. നല്ലവണ്ണം ആസ്വദിച്ചാണ് സദ്യ കഴിക്കുന്നത്. തിരുവനന്തപുരത്തെ സദ്യയില്‍ എല്ലാ ഐറ്റംസും ഉണ്ടാകും. അവിടം കഴിഞ്ഞ് കോട്ടയം, എറണാകുളം വരുമ്പോള്‍ ഇത്ര ഗംഭീര സദ്യയൊന്നും ഞാന്‍ കണ്ടിട്ടില്ല. തിരുവനന്തപുരത്ത് ശരിയായ ഓര്‍ഡറിലാണ് സദ്യയൊരുക്കുന്നത്. അവസാനം നല്ല ബോളിയും പാല്‍പായസവും കൂടി കഴിക്കും. അതോര്‍ക്കുമ്പോള്‍ കൊതിവരും. ഇപ്പോഴും തിരുവനന്തപുരത്ത് ബന്ധുക്കളുടെ കല്യാണം ഉണ്ടാവണേയെന്ന് പ്രാര്‍ത്ഥിക്കുന്ന ആളാണ് ഞാന്‍. കാരണം ബോളി എന്നു പറയുന്നത് തിരുവനന്തപുരത്തുകാരുടെ സ്‌പെഷ്യല്‍ ആണ്. എറണാകുളത്തൊന്നും അതു കിട്ടാനില്ല. അതെനിക്കേറെ പ്രിയപ്പെട്ടതാണ്.

(ഉമ്പായിക്കൊരു ഗസല്‍- മോഹനകൃഷ്ണന്‍ കാലടി- ചന്ദ്രിക ആഴ്ചപ്പതിപ്പ്)

    മക്കളെ അധികാര സ്ഥാനങ്ങളില്‍ അവരോധിച്ച്, അവര്‍ക്ക് അഴിമതിക്ക് അവസരമൊരുക്കുന്നുവെന്നതായിരുന്നു കരുണാനിധിക്കെതിരെ അധികം ഉയര്‍ന്നുവന്ന ഏറ്റവും വലിയ ആരോപണം. ടു-ജി സ്‌പെക്ട്രം പോലുള്ള അഴിമതികള്‍ ഡിഎംകെയുടെ അധികാര നഷ്ടത്തിനും വഴിവെച്ചിരുന്നു. മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തില്‍ അഴിമതികാണിച്ചുവെന്ന് പറഞ്ഞ് ജയലളിതയുടെ പോലീസുകാര്‍ ഒരു രാത്രി വീട്ടില്‍ കയറിച്ചെന്ന് കരുണാനിധിയെ തൂക്കിക്കൊണ്ടുപോയതായിരുന്നു കരുണാനിധിയുടെ ജീവിതത്തിലെ ഏറ്റവും പരിതാപകരമായ കാഴ്ച. എന്നാല്‍ ഏത് പരാജയത്തിലും പതറാതെയും ആരോപണങ്ങളില്‍ തലകുനിക്കാതെയും അതെല്ലാം നേരിട്ട് മുന്നോട്ടുപോകുവാനുള്ള അസാമാന്യ മനോബലമുള്ള നേതാവായിരുന്നു കലൈഞ്ജര്‍ കരുണാനിധി.

(ഓണസ്മൃതികളില്‍ നമിത-സ്ത്രീധനം  മാസിക)

1968 ല്‍ പി.സി. കുട്ടികൃഷ്ണന്‍ ഒരാശയമുന്നയിച്ചു. ' ഇത്തവണ ഓണക്കാലത്തു നമുക്ക് ഒരുതുടര്‍ക്കവിത പ്രക്ഷേപണം ചെയ്താലെന്താ? ആശയം തരക്കേടില്ല. ആകാശവാണി നിലയങ്ങള്‍ മുന്‍പൊരിക്കലും ചെയ്തിട്ടില്ലാത്ത സംഗതിയാണ്. പക്ഷേ, ആരെക്കൊണ്ടെഴുതിക്കാന്‍ കഴിയും? ആകാശവാണി കോഴിക്കോടു നിലയത്തിലെ സ്‌പോക്കണ്‍ വേഡ് സെക്ഷനിലുദിച്ച ഈ ഇതികര്‍ത്തവ്യതാമൂഢതയ്ക്ക് വിരാമം കുറിച്ചതു പിസിയുടെ തന്നെ ഈ വാക്കുകളായിരുന്നു. 'പുറമെ ഒരാളെ ഏല്‍പിക്കുക എന്നത് കൂടുതല്‍ ആലോചിച്ചിട്ടു ചെയ്യേണ്ട കാര്യമാണ്. അക്കിത്തത്തിന് ഇതേറ്റെടുക്കാന്‍ കഴിയുമോ എന്നാണ് ആദ്യം തീരുമാനപ്പെടേണ്ടത്. 'ബലിദര്‍ശനം' ഞാനെഴുതാനുള്ള ആനുഷംഗിക ഹേതു ഇതാണ്.

(അസ്തമിച്ച തമിഴക 'സൂര്യന്‍' - രമേഷ് കുമാര്‍ കോട്ടപ്പാടി- കേരള ശബ്ദം വാരിക)

ഒരു കഥ വായിക്കുവാന്‍ ഭാഷ അറിയണമെന്നതുപോലെ ദൃശ്യകല മനസ്സിലാക്കുവാന്‍ ഒരു ഭാഷ അറിയേണ്ടതുണ്ട്. ചിത്രകാരന്‍ ഒരു പ്രത്യേകഭാഷയിലൂടെയാണ് ചിതങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും അവതരിപ്പിക്കുന്നതും. രേഖകളും നിറങ്ങളും രൂപങ്ങളുമാണ് ചിത്രകാരന്റെ പദാവലി. ഒരു സംഗീതജ്ഞന്‍ ശബ്ദത്തിലൂടെയും എഴുത്തുകാരന്‍ വാക്കുകളെയും ആശ്രയിക്കുന്നതുപോലെയാണിത്. എഴുതുന്നത് അക്ഷരങ്ങള്‍ ചേര്‍ത്തെന്നതുപോലെ ചിത്രം വരയ്ക്കുന്ന് വരകളും നിറങ്ങളും രൂപങ്ങളും വെളിച്ചവും ഇരുട്ടും സ്ഥലവിന്യാസവും മാറ്റിയുംതിരിച്ചുമാണ്. അവയിലൂടെ ഉണ്ടാകുന്ന താളമാണ് (ഒമൃാീി്യ) ഒരു ചിത്രത്തെയോ ശില്‍പത്തെയോ മനോഹരമാക്കുന്നത്. അതിനും ഒരു വ്യാകരണമുണ്ട്.വ്യാകരണമില്ലായ്മയും ഉണ്ടാകാം. നിരന്തരമായ പരിശീലനത്തിലൂടെ ഓരോ കലാകാരനും അയാള്‍ക്ക് പറയുവാനുള്ളവിഷയങ്ങള്‍ക്ക് സൗകര്യപ്രദമായ പ്രതീകങ്ങളും രചനാരീതിയും അവലംബിക്കുന്നു. അങ്ങനെയാണ് ഒരു കലാകാരന്റെ സ്വന്തമായ ശൈലി രൂപപ്പെടുന്നത്.

(ഓണവും കവിതയും വന്നവഴി- അക്കിത്തം- മനോരമ ആഴ്ചപതിപ്പ്)

പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കുവാനുള്ള ഇപ്പോഴത്തെ സര്‍ക്കാറിന്റെ പ്രത്യക്ഷ ശ്രമങ്ങളുടെ ഭാഗമായും നിരവധി പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടന്നുവരുന്നുണ്ട്. മലയാള ഭാഷയുടെ പിതാവായി ആദരിക്കപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ശില്‍പം ഭാഷാപിതാവിന്റെ ജന്മദേശമായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പോലും നിഷേധിക്കപ്പെട്ടപ്പോള്‍ സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്‌കൂളില്‍ തുഞ്ചന്‍ സ്മൃതിവനവും, സ്മൃതി മണ്ഡപവും, തുഞ്ചന്‍ ശില്‍പവും സ്ഥാപിക്കപ്പെട്ടു. രാമായണമാസത്തില്‍ മാതൃഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികള്‍ സ്‌കൂളില്‍ നടത്തപ്പെട്ടു. ഈ ഭാഷാവികാസപദ്ധതികളെ വര്‍ഗ്ഗീയമായ കാഴ്ചപ്പാടോടെ നോക്കിക്കാണുകയും എതിരായുള്ള പ്രചരണങ്ങള്‍ അഴിച്ചുവിടുകയുമാണ് തത്പര രാഷ്ട്രീയ കക്ഷികളും മതതിമിരം ബാധിച്ച ചില നിഗൂഢകേന്ദ്രങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത് 

(ചിത്രകല: ആസ്വാദനത്തിന്റെ പ്രശ്‌നങ്ങള്‍-അജിത്കുമാര്‍ -ജി. ഭാഷ പോഷിണി)

ഇതു ഗീതയുടെ മാത്രം സന്ദേശമല്ല. എല്ലാ മതാചാര്യന്മാരും പറഞ്ഞിട്ടുള്ള പൊതുതത്ത്വമാണ്. എല്ലാ മതങ്ങളുടെയും കാതലാണ്. 'എന്നില്‍ കൂടിയല്ലാതെ ആരും പിതാവിനെ അറിയുന്നതല്ല' എന്ന് ക്രിസ്തുവും ' ഏകദൈവമായ അല്ലാഹുവിന്റെ സന്ദേശം എനിക്ക് ശേഷം മറ്റാരിലൂടെയും നിങ്ങള്‍ക്ക് ലഭിക്കുന്നതല്ലെ' ന്ന് നബിയും 'ബുദ്ധം ശരണം ഗച്ഛാമി' എന്ന് ഗൗതമനും 'മാമേകം ശരണം വ്രജ' എന്ന്കൃഷ്ണനും സ്വശിഷ്യരോട് പറയുന്നതും എല്ലാം സത്യമാകണമെങ്കില്‍ ഈ പറഞ്ഞതിന്റെ എല്ലാം പൊരുള്‍ ഒന്നാകാനെ വഴിയുള്ളൂ. അതായത് ഏതൊരു ശിഷ്യന് സ്വഗുരുവിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെയും ഈശ്വരപ്രാപ്തി സാധ്യമല്ല എന്ന് ഇപ്പോള്‍ പ്രത്യക്ഷമായി മുന്നില്‍ കാണപ്പെടുന്ന ഗുരുവില്‍ പൂര്‍ണശരണാഗതിയോടെ നീങ്ങണമെന്നാണ്. എല്ലാ മതങ്ങളുടെയും സാരസര്‍വ്വസ്വം അല്ലാതെ മുന്‍പ് ജീവിച്ചിരുന്നവരോ, ഇനി വരാന്‍ പോകുന്നവരോ ആയ ആരെയെങ്കിലും ആശ്രയിച്ചുകൊള്ളുക എന്ന ഒരു മതാചാര്യനും പറഞ്ഞിട്ടില്ല.

(ഗുരുവന്ദനം വിവാദമാകുമ്പോള്‍... സി.സി.സുരേഷ്- കേസരി വാരിക)

ഉദിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.