സുധാകരന്‍ - സജി തര്‍ക്കം; വെള്ളപ്പൊക്കത്തില്‍ പുതിയ വിവാദം

Saturday 18 August 2018 10:06 pm IST

കോട്ടയം: ജനലക്ഷങ്ങള്‍ തീരാദുരിതത്തില്‍, പതിനായിരങ്ങള്‍ വെള്ളവും ഭക്ഷണവും മരുന്നും ഉടുതുണിക്ക് മറുതുണിയും ഇല്ലാതെ കെട്ടിടങ്ങളുടെ ടെറസുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നു. ഇതിനിടയിലും ഇടതുസര്‍ക്കാരില്‍ വിവാദത്തിന് പഞ്ഞമില്ല. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ പരാമര്‍ശവും മന്ത്രി ജി. സുധാകരന്റെ മറുപടിയുമാണ് പുതിയ വിഷയം.

 ഉടന്‍ സൈന്യം എത്തി എയര്‍ലിഫ്റ്റിങ്ങ് നടത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിച്ചുവീഴുമെന്നും മറ്റുമായിരുന്നു സജിയുടെ വികാരനിര്‍ഭരമായ പ്രതികരണം. എന്നാല്‍ മന്ത്രി സുധാകരന്‍ തിരിച്ചടിച്ചു. അത്തരമൊരു സാഹചര്യം ഇല്ലെന്നും അന്‍പതുപേര്‍ പോലും ചെങ്ങന്നൂരില്‍ മരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കഴിയുന്നത്ര സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. കഴിവുകേട് മറയ്ക്കാനാണ് എംഎല്‍എ വികാരനിര്‍ഭരമായ പ്രതികരണം നടത്തിയതെന്നാണ് മന്ത്രിയുമായി അടുപ്പമുള്ളവര്‍ കരുതുന്നത്. 

സജിയുടെ പരാമര്‍ശം സര്‍ക്കാരിനെതിരെ തന്നെയുള്ള കടന്നാക്രമണമായാണ് പാര്‍ട്ടിക്കാര്‍ക്കും മന്ത്രിമാര്‍ക്കും തോന്നിയത്. ആരും തിരിഞ്ഞുനോക്കുന്നില്ല, ഒറ്റപ്പെട്ട് കിടക്കുന്നവര്‍ ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ  ദുരിതം അനുഭവിക്കുകയാണ് തുടങ്ങിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ഞങ്ങള്‍ എല്ലാം ഭംഗിയായി ചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നത്. അതിനിടയ്ക്ക് പ്രതിപക്ഷത്തിന്റെ സ്വരമാണ് എംഎല്‍എ പ്രകടിപ്പിച്ചത്. 

 രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനം പോരെന്നുള്ള തോന്നല്‍ ശക്തമാണ്. ജനങ്ങള്‍ക്കും ഈ തോന്നലുണ്ട്. അതിനാലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ അതിന്റെ ആവശ്യം ഇല്ലെന്നും അങ്ങനെ ചെയ്യില്ലെന്നുമാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രഖ്യാപിച്ചതും.   

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട മന്ത്രി  രാജു ജര്‍മനിക്കു പോയതും പാവപ്പെട്ടവരുടെ സര്‍ക്കാരിനെ വല്ലാതെ നാണം കെടുത്തിയ സംഭവമാണ്. അതിനു തൊട്ടു പിന്നാലെയാണ് എംഎല്‍എയും മന്ത്രിയും തമ്മിലുള്ള തര്‍ക്കം.

പ്രത്യേക ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.