തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം; ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തുടങ്ങും

Sunday 19 August 2018 4:59 pm IST

തിരുവനന്തപുരം: പത്തനംതിട്ട കളക്‌ട്രേറ്റില്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. തിരുവല്ലയിലും പത്തനംതിട്ടയിലും കണ്‍ട്രോള്‍ റൂം തുടങ്ങാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതുകൂടാതെ മൊബൈല്‍ യൂണിറ്റും സജ്ജമാക്കുന്നതാണ്. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പ്രോഗ്രാം മാനേജര്‍ക്കുമാണ് ഇതിന്റെ ചുമതല. തിരുവല്ലയൊഴികെ എല്ലായിടത്തും രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി കഴിഞ്ഞു. ഒരുലക്ഷത്തോളം പേരാണ് 516 ക്യാമ്പുകളിലായി കഴിയുന്നത്. ഇനിയും 25,000 പേര്‍കൂടി ക്യാമ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ ചികിത്സയ്ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ളവര്‍ കൂടി എത്തുന്നതോടെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നതാണ്. മഴക്കെടുതി കാരണം പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ പോയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എത്രയും വേഗം തുറക്കുന്നതാണ്. എന്നാല്‍ തുറക്കാന്‍ പ്രയാസമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പകരം താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതാണ്. ആ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരെ അവിടെ വിന്യസിക്കുന്നതാണ്. ഇതുകൂടാതെ പ്രശ്‌നബാധിത മേഖലകളില്‍ താത്ക്കാലിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുന്നതാണ്. 

ഈ ക്യാമ്പുകളോടൊപ്പം ആയുര്‍വേദ ക്യാമ്പും സംഘടിപ്പിക്കുന്നതാണ്. അടഞ്ഞുകിടക്കുന്ന ആയുര്‍വേദ ഡിസ്‌പെന്‍സറികളിലെ ജീവനക്കാരുടെ സേവനം അവിടെ ലഭ്യമാക്കും. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ച് പോകുന്നവര്‍ക്ക് കൃത്യമായ ബോധവത്ക്കരണം നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനായി ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിക്കാവുന്നതാണ്. ചത്ത മൃഗങ്ങളെ അവിടെത്തന്നെ മറവ്‌ചെയ്യാതെ മറ്റേതെങ്കിലും സ്ഥലത്ത് കുഴിച്ചിടേണ്ടതാണ്. വീട്ടിലെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.