പ്രളയം: കൂപ്പുകുത്തി ഓണവിപണി

Monday 20 August 2018 2:31 am IST

തിരുവനന്തപുരം: സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത  പ്രളയത്തില്‍ വിറങ്ങലിച്ചപ്പോള്‍ കൂപ്പുകുത്തിയത് ഓണവിപണി. നല്ല വ്യാപാരം ലക്ഷ്യമിട്ട് കാലേകൂട്ടി സാധനങ്ങള്‍ ശേഖരിച്ചവര്‍ക്ക് മഹാ പ്രളയം തിരിച്ചടിയാകുന്നു. അയ്യായിരം കോടിയിലധികം രൂപയുടെ ഓണ വ്യാപാരമാണ് സംസ്ഥാനത്ത് നടക്കേണ്ടത്. എല്ലാം പ്രളയത്തില്‍ ഒലിച്ചുപോയ കണക്കെയാണ് വിപണിയുടെ ഇന്നത്തെ അവസ്ഥ. പ്രധാനമായും വില്‍പ്പന നടക്കേണ്ട  ഗൃഹോപകരണ വിപണിയും വസ്ത്രവ്യാപാര വിപണിയും തകര്‍ന്നടിയുന്ന കാഴ്ചയാണ്. 

ജിഎസ്ടി കൗണ്‍സില്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ  നികുതി കുറച്ചതോടെ  വമ്പന്‍ ഓഫറുകളുമായാണ് ഇക്കുറി ഗൃഹോപകരണങ്ങളുടെ ഓണ വ്യാപാരത്തിന് ആഗസ്റ്റ് ആദ്യം തുടക്കം കുറിച്ചത്. ഇതിലേക്കായി കൂടുതല്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കമ്പനികളില്‍ നിന്ന് വ്യാപാരികള്‍ ഇറക്കുമതി ചെയ്യുകയുണ്ടായി. എന്നാല്‍ പ്രളയക്കെടുതി വ്യാപാരത്തെയാകെ താളം തെറ്റിച്ചു. പണം കൊടുത്ത് ടിവിയും ഫ്രിഡ്ജും മിക്‌സിയുമൊക്കെ വിപണനത്തിനായി ഇറക്കുമതി ചെയ്തവര്‍ ഇവ ഇനി എന്ന് വിറ്റഴിക്കും എന്നോര്‍ത്ത് വിലപിക്കുയാണ്.

വസ്ത്ര വിപണിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഓണത്തിനൊരു കോടി എന്നത് ജാതിമതഭേദമന്യേ മലയാളികളുടെ അവകാശമാണ്. പ്രളയബാധയില്‍ ഇക്കുറി  ഓണമില്ലാത്ത അവസ്ഥയിലേക്കു കേരളം നീങ്ങുന്നു. പുതു പുത്തന്‍ ഫാഷനുകളും ഓഫറുകളുമായാണ് ഓണ വിപണിക്ക് വസ്ത്രവ്യാപാര മേഖല തുടക്കമിട്ടത്. പ്രളയം എല്ലാം തകിടം മറിച്ചു.  അതിനാല്‍ ഓണക്കോടിയും ഒഴിവാക്കേണ്ടതായി വരും.  ഓണം പടിവാതിലില്‍ എത്തിയിട്ടും  വ്യാപാര സ്ഥാപനങ്ങളില്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു.  ഒരു വര്‍ഷത്തെ കച്ചവടം ഓണ വിപണിയിലൂടെ നേടാം എന്നതാണ് വസ്ത്രവ്യാപാരികളുടെ കണക്കുകൂട്ടല്‍. ഈ മനക്കോട്ടയെല്ലാം പ്രളയം തകിടം മറിച്ചു. 

മൊബൈല്‍ ഫോണ്‍ വില്‍പ്പന മുതല്‍ കുപ്പിവള വിപണിവരെ ഇക്കുറി തകരുന്ന അവസ്ഥയിലേക്കാണ്. പലവ്യഞ്ജന വിപണിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ക്ലബ്ബുകളും  കോളേജുകളും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസിലുമൊക്കെ ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചു. അതിനാല്‍ സദ്യവട്ടം ഒരുക്കേണ്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ നന്നേ കുറവ് സംഭവിക്കും.

പ്രളയം പൂ വിപണിയെയും ബാധിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അത്തപ്പൂക്കളങ്ങങ്ങള്‍ നന്നേ കുറഞ്ഞു. തോവാള, മധുര തുടങ്ങിയ പൂവിപണിയില്‍ പൂക്കള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയില്‍. ചെറുകിട വ്യാപാരികളെയാണ് പ്രളയബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. പത്തനം തിട്ട ജില്ലയിലെ ബഹു ഭൂരിപക്ഷം കടകളും കഴിഞ്ഞ അഞ്ചുദിവസമായി അടഞ്ഞു കിടക്കുന്നു. വെള്ളം കയറി  വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ എല്ലാം നശിച്ചു. കടകളില്‍ ചെളി കയറിയതിനാല്‍ വൃത്തിയാക്കിയ ശേഷം ഇനി പുതിയ വ്യാപാരസ്ഥാപനം തുടങ്ങുന്ന തരത്തില്‍ വേണം കച്ചവടം തുടങ്ങാന്‍. 

 വിപണിയിലെ തകര്‍ച്ച ഏറ്റവും അധികം ബാധിക്കുന്നത് സര്‍ക്കാരിനെ. ഓണ വിപണി പ്രളയത്തില്‍ തകര്‍ന്നതിനാല്‍ സര്‍ക്കാരിനു കിട്ടേണ്ട നികുതിയും ഇല്ലാതായി. ഓണത്തിന് നല്‍കുന്ന ബോണസും മറ്റും സര്‍ക്കാരിന് തിരികെ ലഭിക്കുന്നത് ഓണക്കച്ചവടത്തിലെ നികുതിയില്‍ നിന്നായിരുന്നു. പണം ഇല്ലാതെ നട്ടം തിരിയുന്ന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് ഓണവിപണിയുടെ തകര്‍ച്ച. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.