നാശനഷ്ടങ്ങള്‍ക്കു മുന്നില്‍ പകച്ച് പതിനായിരങ്ങള്‍

Monday 20 August 2018 2:32 am IST

ചെങ്ങന്നൂര്‍: വീടുകള്‍ക്കുള്ളില്‍ ചെളിക്കൂമ്പാരം, അടുക്കളയിലെ പാത്രങ്ങള്‍ പലതും തകര്‍ന്നു കിടക്കുന്നു. ടിവി , ഫ്രിഡ്ജ്, മിക്‌സി, വാഷിങ്ങ് മെഷീന്‍ തുടങ്ങി മിക്ക ഗൃഹോപകരണങ്ങളും വെള്ളം കയറി നശിച്ചു. 

സ്വിച്ച് ബോര്‍ഡുകളും വെള്ളം കയറി ഉപയോഗശൂന്യമായി. വിലപിടിച്ചുള്ള രേഖകള്‍ എല്ലാം നനഞ്ഞ് നശിച്ചു. കസേര, ദിവാന്‍ കോട്ട്, സെറ്റി, മെത്ത എന്നിവയടക്കം മിക്ക ഫര്‍ണിച്ചറുകളും ഉപയോഗശൂന്യമായി. വെയില്‍ തെളിഞ്ഞതോടെ അവ എടുത്ത് പുറത്തിട്ടെങ്കിലും പഞ്ഞിയും സ്‌പോഞ്ചും എല്ലാം കുതിര്‍ന്ന് കൊള്ളാതായി. മേശകളും ഗ്യാസ് കുറ്റികളും  മറ്റും മറിഞ്ഞ് കിടക്കുകയാണ്.  

 അലമാരിയില്‍ വച്ചിരുന്നവയടക്കം തുണികള്‍ മുഴുവന്‍ ചെളിവെള്ളത്തില്‍. മിക്കവയും,  ഇനി അലക്കിയെടുത്താല്‍ പോലും ഉപയോഗിക്കാന്‍ കൊള്ളില്ല. നാലും അഞ്ചു ദിവസം വെള്ളം കയറിക്കിടന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്. കറന്റില്ല, ഇനി കറന്റ് വന്നാല്‍ തന്നെ സ്വിച്ച് ബോര്‍ഡുകളും  ബള്‍ബുകളും ട്യൂബ്യുകളും മാറ്റാതെ  വീട്ടില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയില്ല. ഭിത്തിയടക്കം പലയിടങ്ങളിലും തൊട്ടാല്‍ ഷോക്കേല്‍ക്കാനും സാധ്യത. കിണറിലെ വെള്ളം കുടിക്കാന്‍ കൊള്ളാതായി. മുഴുവന്‍ മലിനജലമാണ്. 

 അടുക്കളയില്‍ വച്ചിരുന്ന അരിയടക്കമുള്ള പലവ്യഞ്ജനങ്ങളും ഇനി കൊള്ളില്ല. അവയെല്ലാം വാങ്ങണം. വീടുകള്‍ക്കു മുന്നില്‍ നെഞ്ചത്തു കൈവച്ച് നിലവിളിക്കുകയാണ് വീടുകളുടെ അവസ്ഥ പരിശോധിക്കാനെത്തിയവര്‍.  ചെളി മാറ്റി വീട് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍  ലക്ഷങ്ങള്‍ വേണ്ടിവരും. മിക്‌സി അടക്കമുള്ള അത്യാവശ്യം വീട്ടുപകരണങ്ങള്‍ വാങ്ങേണ്ടിയും വരും.  കുറഞ്ഞത് ഒരു മാസമെങ്കിലും വേണം വീട് കയറിക്കിടക്കാന്‍ പറ്റുന്ന അവസ്ഥയില്‍ എത്തിക്കാന്‍. പലര്‍ക്കും വീടുകളില്‍ കയറാനും ഭയമാണ്. നാലഞ്ചു ദിവസം വെള്ളത്തിലായതിനാല്‍ ഭിത്തിയും അടിഭാഗങ്ങളും കുതിര്‍ന്നുകിടക്കുകയാണ്. അവ തകരുമോയെന്ന് പലര്‍ക്കും ഭയമുണ്ട്. പല വീടുകള്‍ക്കും ബലക്ഷയമുണ്ട്.   വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയില്‍ പെടുത്തി സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം മാത്രമാണ് ഇവര്‍ക്ക് ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്നത്.

എന്തു ചെയ്യണമെന്നറിയാതെ, കൈയില്‍  നയാപ്പൈസയില്ലതെ  പകച്ചു നില്‍ക്കുകയാണ് ആയിരങ്ങള്‍.  ജീവിത സമ്പാദ്യം മുഴുവന്‍ നശിച്ചവര്‍ക്ക് എങ്ങനെയും ജീവിതം തിരികെപ്പിടിക്കേണ്ടതുണ്ട്. വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത വീട് ഇനി വീടാക്കാന്‍  ഇനി എത്രനാള്‍? എങ്ങനെ അവര്‍ക്കറിയില്ല.

പ്രത്യേക ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.