തിരുവല്ലയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ വ്യോമനിരീക്ഷണം; കൂടുതല്‍ ബോട്ടുകള്‍ ക്യാമ്പുകളില്‍ ഫുഡ്, മെഡിക്കല്‍ ഹബ്

Monday 20 August 2018 2:36 am IST
"ആറന്മുളയില്‍ വീട്ടില്‍ കുടുങ്ങിയ വൃദ്ധയെ രക്ഷാ പ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു"

തിരുവല്ല: നാലു ദിവസത്തിനു ശേഷം തിരുവല്ലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പലരും വീടുകളിലേക്ക് മടങ്ങുന്നു.   അതിനിടെ വീടുകള്‍ക്കു മുകളില്‍ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നു കണ്ടെത്താന്‍ തിരുവല്ല, ചെങ്ങന്നൂര്‍  മേഖലയില്‍ രണ്ടു ഹെലിക്കോപ്റ്ററുകള്‍ വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. അഞ്ചു ട്രക്കുകളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ച് വിതരണം ചെയ്തിട്ടുണ്ട്.

അപ്പര്‍കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്ന്  ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്കു പുറമേ ഇന്നലെ നേവിയുടെ പതിനഞ്ച് ബോട്ടുകള്‍ കൂടി എത്തിച്ചു.എന്‍ഡിആര്‍എഫിന്റെ പന്ത്രണ്ടും  കരസേനയുടെ  പത്തും മത്സ്യത്തൊഴിലാളികളുടെ മുപ്പത്തൊന്‍പത് ബോട്ടുകളും  പ്രവര്‍ത്തനത്തിലുണ്ട്.  ബിലീവേഴ്സ് ചര്‍ച്ചിന്റെ അഞ്ച് സ്പീഡ് ബോട്ടുകളും ഏഴ് സ്വകാര്യ സ്പീഡ് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഭക്ഷണം മാത്രം മതി എന്നാവശ്യപ്പെടുന്നവര്‍ക്കായി  വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകളും ഭക്ഷണം എത്തിക്കുന്നുണ്ട്. കൂടാതെ ഒഎന്‍ജിസിയുടെ ഹെലിക്കോപ്ടറുമുണ്ട്.

ജില്ലയില്‍  515 ക്യാമ്പുകളിലായി  75,451 പേരാണുള്ളത്. . ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കാന്‍  ഫുഡ് ഹബ് തുടങ്ങിയിട്ടുണ്ട്. അടൂര്‍ വഴിയാണ് ദുരിതാശ്വാസ സഹായങ്ങള്‍ കൂടുതലായി എത്തുന്നത് എന്നതിനാല്‍ അവിടെയാണ് പ്രധാന ഫുഡ് ഹബ് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വളരെയേറെ സഹായങ്ങള്‍ ഇവിടേക്ക് എത്തുന്നുണ്ട്. 

ക്യാമ്പിലുള്ളവര്‍ക്ക് മെഡിക്കല്‍ ഹബും സജ്ജമാക്കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ നൂറിലധികം ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ ജീവനക്കാരുടെയും  സേവനമുണ്ട്. സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ഹബിന്റെ പ്രവര്‍ത്തനത്തിനായി ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും വിട്ടു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.