ദുരിതത്തിനിടെ കൊള്ളയുമായി വ്യാപാരികള്‍; പൂഴ്ത്തിവെപ്പും വ്യാപകം

Monday 20 August 2018 2:39 am IST

ആലപ്പുഴ: സംസ്ഥാനം അതിരൂക്ഷമായ പ്രളയക്കെടുതി നേരിടുമ്പോള്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കി ജനത്തെ കൊള്ളചെയ്യാന്‍ ഒരു വിഭാഗം വ്യാപാരികള്‍.  സൂപ്പര്‍ മാര്‍ക്കറ്റുകളിലും, മൊത്തവ്യാപാര ശാലകളിലും  സാധനങ്ങള്‍ പൂഴ്ത്തി വെക്കുകയാണെന്നും സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് വില്‍ക്കുന്നതായും പരാതികള്‍ ഉയരുന്നു. പരാതികള്‍ വ്യാപകമായതോടെ ഇത്തരം കൊള്ളക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. 

  കനത്ത മഴയേയും പ്രളയത്തേയും തുടര്‍ന്ന് സംസ്ഥാനത്തെവിടേയും ഭക്ഷണ സാധനങ്ങള്‍ക്ക് ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്.  ഈ സാഹചര്യം മുതലാക്കിയാണ് സാധനങ്ങള്‍ പൂഴ്ത്തിവെക്കാനും പലമടങ്ങ് വിലകൂട്ടി വില്‍ക്കാനും  വ്യാപാരികള്‍ ശ്രമിക്കുന്നത്.  അരക്കിലോ പയറിന് 100 രൂപയും സവാളയ്ക്ക് കിലോ 150 രൂപയ്ക്കുമൊക്കെയാണ് ചിലയിടങ്ങളില്‍ വില്‍ക്കുന്നത്. അരിക്ക് കിലോയ്ക്ക് പത്തു രൂപ വരെ അധികം ഈടാക്കുന്നു. 

 പച്ചക്കറികള്‍ക്ക് തീവിലയാണ് ഈടാക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വ്യാപാരികള്‍ വ്യാപകമായി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതി ഉള്ളത്. എറണാകുളത്ത് ചില പ്രദേശങ്ങളില്‍  ഹോട്ടലുകളില്‍ ഒരു പൊറോട്ടയ്ക്ക് 25 രൂപ നിരക്കില്‍ വാങ്ങുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. കൊള്ളവില ഈടാക്കിയ സ്ഥാപനങ്ങള്‍ കോട്ടയത്തും എറണാകുളത്തും നാട്ടുകാര്‍ പൂട്ടിച്ച സംഭവങ്ങളും ഉണ്ട്. 

  ക്ഷാമത്തിനു സാധ്യതയെന്ന പ്രചാരണം വര്‍ധിച്ചതോടെ പലചരക്കു കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെയാണ് ചിലയിടങ്ങളില്‍ മനഃപൂര്‍വം പൂഴ്ത്തിവയ്ക്കല്‍ ആരംഭിച്ചത്. കടകള്‍ വ്യാപകമായി അടച്ചിടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അതേസമയം, വരും ദിവസങ്ങളില്‍ പാല്‍ ക്ഷാമത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഏതാനും ദിവസമായി മിക്ക ജില്ലകളിലും മില്‍മയുടെയും സ്വകാര്യ സംരംഭകരുടെയും പാല്‍ ശേഖരണം കാര്യക്ഷമമായി നടക്കുന്നില്ല.  പലവ്യഞ്ജനം, പച്ചക്കറി, മുട്ട, ബിസ്‌ക്കറ്റ്, ബ്രഡ്, പര്‍പ്പടകം ഇനങ്ങള്‍ക്കാണ് ക്ഷാമം  അനുഭവപ്പെടുന്നു. ഇത്തരം ചൂഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കണമെന്നും നടപടിയെടുക്കുമെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പോലീസ് നമ്പര്‍:9497900440

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.