ഭക്ഷണക്ഷാമം, പകര്‍ച്ചവ്യാധി ഭീഷണി കാത്തിരിക്കുന്നത് ദുരിതകാലം

Monday 20 August 2018 2:40 am IST

കോഴിക്കോട്: പ്രളയത്തില്‍ നിന്ന് കേരളം മുക്തമായിത്തുടങ്ങുന്നു. പക്ഷെ ഇനിയുള്ള നാളുകളില്‍ നേരിടേണ്ടിവരുന്നത് ഒന്നിന് പുറകെ ഒന്നായുള്ള ദുരിതങ്ങളാകും. തകര്‍ന്ന വീടുകളും മലിനമായ ജലവും രൂക്ഷമായ ഭക്ഷണക്ഷാമവും പകര്‍ച്ച വ്യാധിയും സംസ്ഥാനത്തെ ദുരിതമയമാക്കും. അവ നേരിടാനാകും കൂടുതല്‍ കൈകോര്‍ക്കോണ്ടി വരിക.

ഇടുക്കി, വയനാട് മലയോര ജില്ലകളില്‍ ഉണ്ടായ ദുരിത്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പ്രളയത്തില്‍ എത്ര വീടുകള്‍ തകര്‍ന്നെന്നോ എത്ര കുടുംബങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചെന്നോ വ്യക്തമാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. പലയിടത്തും രക്ഷാ പ്രവര്‍ത്തകര്‍ക്കുപോലും ചെന്നെത്താനായിട്ടില്ല.   ലക്ഷങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ സര്‍വ്വവും നഷ്ടപ്പെട്ട് കഴിയുന്നത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതുവരെ കുടുംബങ്ങളെ പാര്‍പ്പിക്കുക എന്നതാകും ഏറ്റവും വലിയ വെല്ലുവിളി. ദിവസങ്ങളായി വെള്ളം കെട്ടി നിന്നതിനാല്‍ വീടുകള്‍ക്ക് ബലക്ഷയം ഉണ്ടായകും. വെയില്‍ വരുന്നതോടെ പലകെട്ടിടങ്ങളും നിലം പതിക്കും. വീടിനുള്ളിലും പരിസരത്തും ചെളിയും മാലിന്യവും നിറഞ്ഞിട്ടുണ്ട്. അവ നീക്കം ചെയ്ത് വാസയോഗ്യമാക്കാന്‍ ദിവസങ്ങളെടുക്കും.

ഓടകളിലെയും കക്കൂസുകളിലെയും അടക്കം മലിനജലം കിണറുകളില്‍ കലര്‍ന്നിരിക്കുന്നതിനാല്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകും. ഇപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കുപ്പിവെള്ളം അടക്കമുള്ളവ ക്യാമ്പുകളില്‍ എത്തുന്നുണ്ട്. എന്നാല്‍  ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് എത്തുന്നതോടെ ശുദ്ധജലം കിട്ടാക്കനിയാകും. കിണര്‍ ശുദ്ധീകരിച്ചെടുക്കാന്‍ കഠിന പ്രയത്‌നം വേണ്ടിവരും. ശുദ്ധജലം കിട്ടാതെ വരുന്നതോടെ പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കും. ഡയേറിയ, വയറിളക്കം, ഛര്‍ദ്ദി, ഷിഗെല്ല, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയവയും മലിനജലം കെട്ടികിടന്നതിനാല്‍ എലിപ്പനി, ഡങ്കിപ്പനി ഉള്‍പ്പെടയുള്ളവയും പടര്‍ന്ന പിടിക്കാന്‍ സാധ്യത ഏറെയാണ്. കൂടാതെ നിരവധി ജീവികളും ചത്തൊഴികിനടക്കുന്നതിനാല്‍ അവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും വലുതാണ്.അവശ്യമരുന്നുകളുടെ ലഭ്യതക്കുറവും നേരിടേണ്ടിവരും. 

ലക്ഷക്കണക്കിന് പേരുടെ തൊഴിലിടങ്ങളും കൃഷിയും നശിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ തൊഴില്‍ ക്ഷാമവും രൂക്ഷമാകും. ഇതിനുപിന്നാലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയക്കും കുറവുണ്ടാകും. ആദ്യത്തെ കുറച്ച് ദിവസം സര്‍ക്കാര്‍ സംവിധാനത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുമെങ്കിലും തുടര്‍ന്ന് ലഭിക്കാത്ത അവസ്ഥയക്കും സാധ്യത ഉണ്ട്. വസ്ത്രങ്ങള്‍പോലും മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയവരാണ് അധികവും. 

ഈ സമയത്താകും സന്നദ്ധ സേവന പ്രവര്‍ത്തകരുടെ സഹായം കൂടുതല്‍ വേണ്ടിവരിക. മലയോരമേഖലയിലാകും സ്ഥി കൂടുതല്‍ രൂക്ഷമാവുക. നിരവധി ഗ്രാമങ്ങളാണ് അവിടെ ഒറ്റപ്പെട്ട് ആശയ വിനിമയത്തിന് പോലും സാധ്യമാകാതെ കിടക്കുന്നത്. അവരെയെല്ലാം സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഠിന പ്രയത്‌നം വേണ്ടിവരും. ജീവന്‍ രക്ഷിക്കുന്നതിനൊടൊപ്പം പരിപാലനത്തിനും താങ്ങായി ഒപ്പം നില്‍കേണ്ടിവരും.

സ്വന്തം ലേഖകന്‍

വേണം ജാഗ്രത

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കുക.

ഭക്ഷണത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.

പഴകിയ ഭക്ഷണം കഴിക്കരുത്.

ടോയ്ലെറ്റുകള്‍ വൃത്തിയായും ബ്ലോക്കാകാതെയും സൂക്ഷിക്കണം

ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയരുത്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കണം.

സ്ഥിരമായി മരുന്നു കഴിക്കുന്ന ആളുകള്‍ ക്യാമ്പുകളിലുണ്ടെങ്കില്‍ കൃത്യമായി  മരുന്നു കഴിക്കണം. മരുന്നുകള്‍ കൈവശമില്ലെങ്കില്‍ മെഡിക്കല്‍ ടീമിനെ അറിയിക്കണം.

കാലില്‍ മുറിവുള്ളവര്‍ മലിനജലത്തില്‍ ഇറങ്ങരുത്.

പാദരക്ഷകള്‍ ധരിക്കണം.

എലിപനി തടയുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കേണം.

വയറിളക്കം, മഞ്ഞപ്പിത്തം ,ടൈഫോയ്ഡ് തുടങ്ങിയ രോഗം പിടിപ്പെട്ടാല്‍ ക്യാമ്പിലെ മറ്റു അംഗങ്ങള്‍ക്ക് പകരാതിരിക്കാനും   രോഗിക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കല്‍ ടീം നിര്‍ദേശിക്കുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാറണം.

എതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരുക്കേണ്ട കാര്യങ്ങള്‍

കുടിവെള്ളം ക്ലോറിനേഷന്‍ നടത്തിയതാണെന്ന് ഉറപ്പുവരുത്തണം

വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗം പിടിപ്പെട്ടവരെ പ്രത്യേക പരിചരണത്തിനായി മാറ്റി താമസിപ്പിച്ച് ചികിത്സ ഉറപ്പു വരുത്തേണം.

ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണം.

ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിയുള്ള സാഹചര്യത്തിലാണെന്ന് ഉറപ്പു വരുത്തണം

പഴകിയ ഭക്ഷണം ക്യാമ്പുകളില്‍ വിതരണം ചെയ്യരുത്

ഈച്ച, പ്രാണി, എലിശല്യം ഇല്ലെന്ന് ഉറപ്പു വരുത്തണം. ഭക്ഷണം പ്രാണികള്‍ കടക്കാതെ മൂടിവെക്കണം.

ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.

ടോയ്ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കണം. വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തേണം.

വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കണം.

 ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

ആവശ്യത്തിനുള്ള മരുന്ന്, ബ്ലീചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്ലെറ്റ്, ഒആര്‍എസ് എന്നിവ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.