റോഡ് ഗതാഗതം സാധാരണ നിലയിലേക്ക്

Monday 20 August 2018 2:43 am IST

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്നുള്ള വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ റോഡ് ഗതാഗതം സാധാരണ നിലയിലേക്ക്. ആലുവ-പറവൂര്‍ മേഖലയില്‍ ആലുവ മാര്‍ത്താണ്ഡവര്‍മ പാലം വഴി തൃശൂര്‍ ഭാഗത്തേക്കു റോഡ് ഗതാഗതം പുനരാരംഭിച്ചു. കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിത്തുടങ്ങി. എറണാകുളം സ്റ്റാന്‍ഡില്‍ നിന്നും തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചു.

എന്നാല്‍ ഇടപ്പള്ളി -പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍ നിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു ബസ് സര്‍വീസ് തുടങ്ങി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഭീഷണി തുടരുന്നതിനാല്‍ തിരുവനന്തപുരത്തേക്കുള്ള ബസുകളില്‍ ചിലത് കോട്ടയം വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അതേസമയം, ചെങ്ങന്നൂരില്‍ വെള്ളമിറങ്ങിത്തുടങ്ങിയതോടെ ഈ വഴി കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. 

ആലുവയില്‍ വെള്ളം ഇറങ്ങിയതിനാല്‍ എറണാകുളത്തേക്ക് സര്‍വീസ് ആരംഭിച്ചു. പട്ടാമ്പി പാലം അപകടവസ്ഥയിലായതിനാല്‍ പാലക്കാട് ഭാഗത്തേക്ക് ഷൊര്‍ണൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. തൃശൂര്‍-കുന്നംകുളം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കൊടുങ്ങല്ലൂര്‍-പറവൂര്‍ ഭാഗത്ത് പുല്ലൂറ്റ് പാലത്തിനു സമീപം വെള്ളക്കെട്ടുള്ളതിനാല്‍ ഗതാഗതം നിരോധിച്ചു.

ചെങ്ങന്നൂര്‍ വഴിയുള്ള എംസി റോഡില്‍ കെഎസ്ആര്‍ടിസി ഗതാഗതം പുനരാരംഭിച്ചു. എണ്ണം കുറവാണെങ്കിലും മറ്റു ഡിപ്പോകളുടെ കോട്ടയം, കൊട്ടാരക്കര, തിരുവനന്തപുരം ബസ്സുകള്‍ ചെങ്ങന്നൂര്‍ വഴി കടന്നു പോകുന്നുണ്ട്. അതേസമയം ചെങ്ങന്നൂര്‍ ഡിപ്പോയിലെ ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചിട്ടില്ല. പത്തനംതിട്ട- അടൂര്‍ റൂട്ടിലും ബസ് സര്‍വീസ് വീണ്ടും തുടങ്ങി. പത്തനംതിട്ടയില്‍ നിന്ന് പുനലൂര്‍ വഴി സര്‍വീസ് നേരത്തേ ആരംഭിച്ചിരുന്നു. നിലവില്‍ വലിയ വാഹനങ്ങളാണ് എംസി റോഡുവഴി കടത്തിവിടുന്നത്.

കെഎസ്ആര്‍ടിസി ബസ്സുകള്‍ അടൂരില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തി. തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. എറണാകുളം-തിരുവനന്തപുരം സര്‍വീസുകള്‍ നടക്കുന്നുണ്ട്. എറണാകുളം-അങ്കമാലി റൂട്ടിലെ ഗതാഗതമാണ് ഇനി പുനഃസ്ഥാപിക്കാന്‍ ബാക്കിയുളളത്. ഇന്ന് സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴിയുള്ള എറണാകുളം സര്‍വീസുകളും നടത്തുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.