ആദ്യം വിളിക്കുന്നത് സേവാഭാരതിയെ

Monday 20 August 2018 2:59 am IST

തൃശൂര്‍: ദുരന്തമുഖത്ത് പതറാതെ അക്ഷീണപരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സേവാഭാരതി പ്രവര്‍ത്തകരാണ് തൃശൂരിലെ ദുരിതാശ്വാസക്യാമ്പുകളില്‍ സഹായമെത്തിക്കുന്നത്. സര്‍ക്കാരും ജില്ലാ ഭരണകൂടവും പോലീസും സഹായത്തിനായി ആദ്യം വിളിക്കുന്നത് സേവാഭാരതിയെ. 

തൃശൂര്‍ നഗരത്തില്‍ മാത്രം മുപ്പത് ക്യാമ്പുകളിലായി അയ്യായിരം പേരുണ്ട്. ജില്ലയില്‍ 176 ക്യാമ്പുകളിലായി അരലക്ഷത്തിലേറെപ്പേരും. ഒട്ടേറെ സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ടെങ്കിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും ഏകോപനത്തിലൂടെയും എല്ലായിടത്തും ആശ്വാസമെത്തിക്കാനാകുന്നത് സേവാഭാരതി പ്രവര്‍ത്തകര്‍ക്കാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ ക്യാമ്പുകളിലെത്തിയവര്‍ക്ക് അടിവസ്ത്രം മുതല്‍ എല്ലാം സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് നിര്‍ലോഭമായ സഹകരണമാണ് ലഭിക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ.എസ്. അനീഷ് പറഞ്ഞു. 

ക്യാമ്പുകളില്‍ നിന്ന് വിവിധ ആവശ്യങ്ങളുമായി ഒട്ടേറെ ഫോണ്‍വിളികള്‍ എത്തുന്നുണ്ട്. സദാ തയാറായി നില്‍ക്കുന്ന ആംബുലന്‍സുകള്‍, മെഡിക്കല്‍ സംഘം എന്നിവയും ദുരിതമുഖത്തുണ്ട്. വെള്ളമുയര്‍ന്ന സമയത്ത് നൂറുകണക്കിന് ആളുകളെ സുരക്ഷിതരായി എത്തിക്കാന്‍ കഴിഞ്ഞതും പ്രവര്‍ത്തകരുടെ സമയോചിതമായ ഇടെപെടല്‍ മൂലമാണ്. പ്രളയം രൂക്ഷമായ ചാലക്കുടി,കൊടകര,തൃശൂര്‍ നഗരം എന്നിവിടങ്ങളില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തിയില്ലായിരുന്നുവെങ്കില്‍ നൂറുകണക്കിന് പേര്‍ അപകടത്തില്‍പ്പെടുമായിരുന്നുവെന്ന് റവന്യൂ അധികൃതര്‍ തന്നെ പറയുന്നു.

തൃശൂരില്‍ തുറന്നിട്ടുള്ള സംഭരണകേന്ദ്രത്തില്‍ ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള സാമഗ്രികള്‍ ശേഖരിക്കുന്നുണ്ട്. ജില്ലയിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും ഇവിടെനിന്നാണ്. പാറമേക്കാവ് ക്ഷേത്രത്തിന് സമീപം കേന്ദ്രത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിയംഗം എസ്.സേതുമാധവന്‍ നിര്‍വ്വഹിച്ചു. പ്രാന്ത പ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍. പ്രാന്ത സേവാപ്രമുഖ് അ.വിനോദ്, ബി.എംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ.സജിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബന്ധപ്പെടാനുള്ള നമ്പറുകള്‍ 9496401012,9846134991,9605295219,9846189248   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.