പുനരധിവാസ പ്രവര്‍ത്തനത്തിനും സേവാഭാരതി പദ്ധതി തയാറാക്കി

Monday 20 August 2018 3:00 am IST

കൊച്ചി:  ദുരിതാശ്വാസ പ്രവര്‍ത്തനത്തിനൊപ്പം പുനരധിവാസ പ്രവര്‍ത്തനവും ഏകോപിപ്പിക്കാന്‍ സേവാഭാരതി പദ്ധതി തയാറാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ എളമക്കര സരസ്വതീ വിദ്യാനികേതന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തത്. 

കൊച്ചി നഗര സമീപ പ്രദേശങ്ങളില്‍ മാത്രം സേവാഭാരതിയുടെ നേതൃത്വത്തില്‍ പതിനെട്ടു ക്യാമ്പുകളുണ്ട്.   മൂവാറ്റുപുഴ, ആലുവ, ചേരാനല്ലൂര്‍, കളമശ്ശേരി, ഏലൂര്‍, കടുങ്ങല്ലൂര്‍ അടക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി പ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്കൊപ്പം നടത്തുന്നത്. ആലുവ-കടുങ്ങല്ലൂര്‍ ഭാഗത്ത് നാല് ദിവസമായി കുടുങ്ങിയവരെ ഇന്നലെ രാത്രിയോടെ സേവാഭാരതി പ്രവര്‍ത്തകരാണ് നാവിക സേനയ്‌ക്കൊപ്പം ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. 

വെള്ളം ഇറങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനും, നിലവിലെ സാഹചര്യത്തില്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന വീടുകള്‍ മുഴുവന്‍ വൃത്തിയാക്കാനും ഓരോ പഞ്ചായത്തിലും 100 പേരുടെ വീതം ബാച്ചുകള്‍ തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ദുരിതബാധിതര്‍ക്ക് ഭക്ഷണ സംവിധാനം സേവാഭാരതി ക്യാമ്പുകളില്‍നിന്നുതന്നെ വിതരണം ചെയ്യും. എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളായിക്കും പ്രധാന സാധനങ്ങളുടെ ശേഖരണ കേന്ദ്രം. 

അമൃത, പിവിഎസ്, ലിസി തുടങ്ങിയ ആശുപത്രികളെ സംയോജിപ്പിച്ച് സേവാഭാരതി മെഡിക്കല്‍ ടീം വൈദ്യസഹായം ഒരുക്കുന്നുണ്ട്. നാശനഷ്ടമുണ്ടായ വീടുകളുടെ പുനഃരുദ്ധാരണത്തിനായി വിദഗ്ദ്ധ സമിതി രൂപീകരിച്ചു. വിവിധ സംഘടനകളുടെ ഏകോപനത്തിനായി ആര്‍എസ്എസ് അനുബന്ധ സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കി. 

അഖിലഭാരതീയ സീമാ ജാഗരണ്‍ മഞ്ച് സംയോജക് എ. ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അധ്യക്ഷത വഹിച്ചു. എസ്.ജെ.ആര്‍. കുമാര്‍, എം.സി.വത്സന്‍, കെ.പി. ഹരിഹരകുമാര്‍, പി.വി. അതികായന്‍, ഇ.എന്‍. നന്ദകുമാര്‍, സി.ജി. രാജഗോപാല്‍, സി.എസ്. മുരളി, എം.എന്‍. രമേശ്, ടി.പി. സിന്ധുമോള്‍, മധുകുമാര്‍, പി. കുട്ടികൃഷ്ണന്‍, എന്‍. ഗോവിന്ദന്‍ (ജയലക്ഷ്മി), എം.ആര്‍. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.