അഹമ്മദാബാദില്‍ നിന്നും സഹായ ഹസ്തം

Monday 20 August 2018 3:03 am IST

അഹമ്മദാബാദ്: ദുരന്തക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സമാശ്വാസവുമായി ഗുജറാത്തില്‍ നിന്ന് സഹായഹസ്തം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹരിദ്വാര്‍ മിത്രമണ്ഡല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അയച്ചത് 76 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍. ഇതില്‍ 23 ലക്ഷം രൂപയുടെ മരുന്നുമുണ്ട്. പത്ത് ടണ്‍ അരി, എട്ട് ടണ്‍ ശര്‍ക്കര, പതിനയ്യായിരം കുപ്പി ജ്യൂസ്, അവല്‍, ഉപ്പ്, കുടിവെള്ളം, സാനിറ്ററി പാഡുകള്‍, വസ്ത്രങ്ങള്‍, ശുചീകരണ വസ്തുക്കള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇന്നലെ രണ്ട് കണ്ടെയിനറുകളിലായി സാധനങ്ങള്‍ കപ്പല്‍ വഴി കൊച്ചിയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസം 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ കോഴിക്കോട്ട് എത്തിച്ചിരുന്നു. 

സാധന സാമഗ്രികള്‍ സേവാഭാരതി വഴിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നത്. കര്‍ണ്ണാവതി നായര്‍ സേവാസമിതി, നായര്‍ സര്‍വീസ് സൊസൈറ്റി നറോദ എന്നീ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു. ഇന്‍ടാസ് ആണ് മരുന്നുകള്‍ സൗജന്യമായി നല്‍കിയത്. കൊല്ലത്ത് വ്യാപാരിയായ ജോഷ് ജ്യോതി യുടെ സഹായത്തോടെയാണ് സാധന സാമഗ്രികള്‍ സൗജന്യമായി കേരളത്തിലേക്ക് അയച്ചത്.

ഇന്ന് മിത്രമണ്ഡലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വലിയറത്തലയില്‍ നിന്നും മൂന്നു ലക്ഷം രൂപ വിലവരുന്ന സാധാന സാമഗ്രികള്‍ ആലപ്പുഴയിലേക്ക് അയക്കും. ഹരിദ്വാര്‍ മിത്രമണ്ഡല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹരിഭായ്, കര്‍ണാവതി നായര്‍ സേവാസമിതി ജനറല്‍ സെക്രട്ടറി ജി.എസ്. പിള്ള, എന്‍എസ്എസ് നറോദ സെക്രട്ടറി സുരേന്ദ്രന്‍ നമ്പ്യാര്‍, ഇന്‍ടാസ് കമ്പനിയുടെ സുഭാഷ് നായര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.