ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ക്ക് കൈത്താങ്ങായത് സേവാഭാരതി

Monday 20 August 2018 3:04 am IST

ചെങ്ങന്നൂര്‍: പരുമല, പാണ്ടനാട്, ബുധനൂര്‍, തിരുവന്‍വണ്ടൂര്‍, വെണ്മണി മേഖലകളിലെ കുടുങ്ങി കിടന്ന ആയിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് സേവാഭാരതി പ്രവര്‍ത്തകര്‍. അപകടം മനസ്സിലായ സേവാഭാരതി പ്രവര്‍ത്തകര്‍ വെള്ളം കയറുന്ന വീടുകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മിനിറ്റുകള്‍ വച്ച് വെള്ളം കുതിച്ചുയര്‍ന്നതിനാല്‍ സമീപമുള്ള ഇരുനിലവീടുകളുടെയും ഉയര്‍ന്ന കെട്ടിടങ്ങളിലേക്കുമാണ് ജനങ്ങളെ മാറ്റിയത്. ഇതിനിടയില്‍ വളര്‍ത്തു മൃഗങ്ങളെയും രക്ഷിച്ചു.

നാമമാത്രമായ ചെറിയ വള്ളങ്ങള്‍ മാത്രമാണ് ഈ പ്രദേശങ്ങളിലുണ്ടായിരുന്നത്. വലിയഒഴുക്കില്‍ ഇതില്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. ഇതോടെ ആദ്യം പകച്ചു പോയെങ്കിലും പിന്നീട് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അഴീക്കല്‍ പ്രദേശങ്ങളില്‍ ബന്ധപ്പെട്ടു. രാത്രിയോടെ ഇവിടെ നിന്ന് മത്സ്യസംഘം, സേവാഭാരതി പ്രവര്‍ത്തകര്‍ പത്തോളം വലിയ വള്ളങ്ങളുമായി എത്തി. 

ഇവരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ പരുമല, ബുധനൂര്‍, പാണ്ടനാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ വലിയ ഒഴുക്കും ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നതിനാലും കൂടുതല്‍ സഹായത്തിനായി സര്‍ക്കാര്‍ നല്‍കിയ നമ്പരുകളിലെല്ലാം ബന്ധപ്പെട്ടെങ്കിലും ആരെയും ലഭിച്ചില്ല. 

ഇതോടെ വള്ളങ്ങളിലും മുളകള്‍ കൂട്ടിക്കെട്ടി ചെങ്ങാടങ്ങള്‍ നിര്‍മിച്ചും ജീവന്‍ പണയം വച്ച് ഇവര്‍ ജനങ്ങളെ രക്ഷിച്ചു. പുറത്തേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ വെള്ളം കയറുന്നതിനനുസരിച്ച് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. 

പാണ്ടനാട് പഞ്ചായത്തിലെ അടിച്ചിക്കാവ്, വന്മഴി, മുതവഴി, തൃക്കണ്ണാപുരം ബുധനൂര്‍ പഞ്ചായത്തിലെ ഒന്നു  മുതല്‍ അഞ്ചുവരെ വാര്‍ഡുകളും, പരുമലയുടെ കിഴക്കന്‍ പ്രദേശങ്ങളുമായിരുന്നു കൂടുതല്‍ ദുരന്തം നേരിട്ടത്. 

കൊല്ലം, തിരുവനന്തപുരത്തു നിന്നും എത്തിച്ച ഭക്ഷണ സാധനങ്ങള്‍ വള്ളത്തില്‍ എത്തിക്കാവുന്ന സ്ഥലങ്ങളിലെല്ലാം എത്തിച്ചു. രക്ഷപെടുത്തിയവരുമായി കരയിലെത്തുമ്പോള്‍ ഭക്ഷണവും വെള്ളവും വൈദ്യ സഹായവുമായി പ്രവര്‍ത്തകര്‍ കാത്തുനിന്നു. 

ഇതിനോടകം രണ്ടു പഞ്ചായത്തുകളില്‍ നിന്ന് മൂവായിരത്തോളം പേരെ ഇവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്നാല്‍ പമ്പാ നദിയുടെ വടക്കു ഭാഗത്തുള്ള പാണ്ടനാട് പഞ്ചായത്തിലെ കുത്തിയതോട്, മുറിയായിക്കര, പ്രയാര്‍ ഭാഗത്ത് നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.