രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ; കുടുങ്ങിക്കിടക്കുന്നവർ അവശർ

Monday 20 August 2018 3:05 am IST

ആലപ്പുഴ: പ്രളയം വിഴുങ്ങിയ കുട്ടനാട്ടിലും ചെങ്ങന്നൂരിലും രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍. മഴ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. പല പ്രദേശങ്ങളില്‍ നിന്നും ഇന്നലെ രക്ഷിച്ചവരിലേറെയും തീര്‍ത്തും അവശരാണ്. ഇനി കുടുങ്ങി കിടക്കുന്നവരെ അതിവേഗം രക്ഷിച്ചില്ലെങ്കില്‍ ദുരന്തം പ്രവചനാതീതമാകും. ഇത് മൂന്‍കൂട്ടി കണ്ട് നേവി, ആര്‍മി, ദേശീയദുരന്ത നിവാരണസേന, അഗ്നിശമനസേന, പോലീസ്, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാണ്. 

 കുട്ടനാട്ടില്‍ 95 ശതമാനത്തോളം ആളുകളെയും രക്ഷിക്കാന്‍ കഴിഞ്ഞതായി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ നിന്ന് അവസാനത്തെ ആളെയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. പ്രളയദുരിതത്തില്‍ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂരിലെ മൂന്ന് പഞ്ചായത്തുകളിലാണ്  സ്ഥിതി മോശമായി അവശേഷിക്കുന്നത്. വെണ്‍മണി, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍  മേഖലകളില്‍ അതീവഗുരുതരമാണ് കാര്യങ്ങള്‍ എന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ ഗുരുതര പിഴവുകളാണ് ഇതിന് കാരണം. ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. പല മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ചെങ്ങന്നൂരില്‍ പ്രളയ മേഖലകളില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നവര്‍ ഹെലിക്കോപ്റ്ററുകളില്‍ കയറാന്‍ മടിക്കുന്നതായി രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പറയുന്നു. നാലുദിവസമായി വെള്ളപ്പൊക്കബാധിത മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ പോലും ഹെലിക്കോപ്റ്ററുകളില്‍ കയറാന്‍ കൂട്ടാക്കുന്നില്ല. ഭക്ഷണസാധനങ്ങളും അവശ്യവസ്തുക്കളും നല്‍കിയാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്. 

 കക്കി ഡാം തുറന്നത് മൂലം കിഴക്കന്‍ ഭാഗങ്ങളായ വെണ്‍മണി, ചെറിയനാട്, ആല തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയതോതില്‍ വെള്ളമുയരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനുള്ള പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെറിയനാട്, മംഗലം എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പരിശ്രമം. ഇന്നത്തോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  2,15,000 ആളുകളാണ് ആലപ്പുഴ ജില്ലയിലാകെ ക്യാമ്പില്‍ കഴിയുന്നത്.

പി.ശിവപ്രസാദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.