തീരാ ദുരിതം

Monday 20 August 2018 3:07 am IST

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സര്‍വതും ഉപേക്ഷിച്ച് ജീവനുമായി ക്യാമ്പുകളിലെത്തിയവര്‍ക്ക് അവിടെയും ദുരന്തം. കുടി വെള്ളവും വെളിച്ചവുമില്ല.  ക്യാമ്പുകളില്‍ ആവശ്യമുള്ളത്ര ശുചിമുറികള്‍ ഇല്ല. വൈദ്യസഹായത്തിന് മതിയായ ഡോക്ടര്‍മാരും ജീവന്‍ രക്ഷാ മരുന്നുകളും ഇല്ല. കൂടാതെ പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം പാളിയതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ ദുരിതക്യാമ്പുകളായി മാറുന്ന കാഴ്ചയാണ് എങ്ങും. 

ഒമ്പത് ലക്ഷത്തോളം പേര്‍ ഇതിനകം ക്യാമ്പുകളില്‍ എത്തിയിട്ടുണ്ട്. കുട്ടനാട്ടും ആലുവയിലും ഏഴായിരം മുതല്‍ പതിനായിരം പേര്‍ വരെ ഓരോ ക്യാമ്പുകളിലും കഴിയുന്നു. കൈക്കുഞ്ഞുങ്ങള്‍ മുതല്‍  വൃദ്ധര്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു. തണുത്ത് വിറങ്ങലിച്ചാണ് രാത്രികാലങ്ങളില്‍ ഇവര്‍ കഴിയുന്നത്. 

 കുട്ടനാട്ടില്‍ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് കൂടുതല്‍ പേരെ ഇന്നലെയും ഒഴിപ്പിക്കേണ്ടതായി വന്നു. മഴ ശമിച്ചതോടെ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഹെലിക്കോപ്റ്ററുകളിലും വള്ളങ്ങളിലുമായി വെളളം കയറിയ പ്രദേശങ്ങളില്‍പ്പെട്ടവരെ  രക്ഷപ്പെടുത്തുന്നുണ്ട്. ഇവിടെ കുടിവെള്ളക്ഷാമം അതിരൂക്ഷമായതിനാല്‍ ഗ്രാമപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ നഗരപ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.  

എറണാകുളം ജില്ലയിലെ പറവൂരില്‍ ഏതാണ്ട് എല്ലാവരെയും ഒഴിപ്പിച്ചു. ചാലക്കുടിയില്‍ വെള്ളം ഇറങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടന്നു. നെല്ലിയാമ്പതിയില്‍ റാപ്പിഡ് ആക്ഷന്റെ നേതൃത്വത്തില്‍  കാല്‍നടയായും ഹെലിക്കോപ്റ്ററിലുമായി ഭക്ഷണം എത്തിച്ചു. മൂവായിരത്തോളം പേര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഇവിടെ കുടുങ്ങിക്കിടക്കുന്നു. മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഇടുക്കിയില്‍ ഉരുള്‍പൊട്ടലിന് ശമനമില്ല. റോഡ് ഗതാഗതം ഇവിടെ ഭാഗികമായി പോലും പുനഃസ്ഥാപിക്കാനിട്ടില്ല. പമ്പയാറ്റില്‍ ജലനിരപ്പ് കുറഞ്ഞു. കോട്ടയം ജില്ല പ്രളയത്തില്‍ നിന്ന് ഏതാണ്ട് കരകയറിയിട്ടുണ്ട്. 

പ്രളയബാധിത ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന റെഡ്അലര്‍ട്ട് പൂര്‍ണമായും പിന്‍വലിച്ചു. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെ താമസക്കാര്‍ തിരികെ വീടുകളിലേക്ക് പോയെങ്കിലും ചെളി നിറഞ്ഞ് താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ തിരികെ ക്യാമ്പുകളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് പലയിടത്തും. 

13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ ഇന്നലെ 13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 246 ആയി. 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,24,649 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം രണ്ട് ദിവസം കൂടി  നടത്തും.

അജി ബുധനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.