കേരളത്തെ സഹായിക്കുക : ആര്‍എസ്എസ്

Monday 20 August 2018 3:10 am IST

ന്യൂദല്‍ഹി: കേരളം നേരിടുന്ന പ്രളയദുരന്തത്തില്‍ അവര്‍ക്കൊപ്പം നിന്ന്  എല്ലാ സഹായ സഹകരണങ്ങളും എത്തിക്കാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും ആര്‍എസ്എസ് ആഹ്വാനം ചെയ്തു. അഭൂതപൂര്‍വവും അപ്രതീക്ഷിതവുമായ വെള്ളപ്പൊക്കമാണ് കേരളം നേരിടുന്നത്.

നൂറുകണക്കിന് ജീവിതങ്ങള്‍ പ്രളയദുരന്തത്തില്‍പ്പെട്ട് നഷ്ടപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പലയിടങ്ങളിലായി മാറിത്താമസിക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങള്‍ അത്യന്തം ഭയാനകമായ കഷ്ടപ്പാടുകളില്‍പ്പെട്ട് ഉഴലുകയാണ്, ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി പ്രസ്താവനയില്‍ പറഞ്ഞു. 

സൈന്യവും ദുരന്തനിവാരണ സേനയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളും സ്വയംസേവകരും സേവാഭാരതിയും മറ്റനേകം സാമൂഹ്യ-മത സംഘടനകളും സന്നദ്ധ സംഘടനകളും തങ്ങളുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തിക്കൊണ്ടുതന്നെ ദുരിതബാധിതരെ രക്ഷിക്കാനും മാറ്റിപാര്‍പ്പിക്കാനും അത്യന്തം ദുര്‍ഘടമായ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്നു.

ഇത്തരത്തില്‍ ഈ സേവനത്തില്‍ മുഴുകിയിട്ടുള്ള എല്ലാവരുടേയും പ്രവര്‍ത്തനം പ്രശംസനീയമാണ്. ഇനി നേരിടേണ്ട ആപത്ത് വലുതാണ്. സാധനസാമഗ്രികളുടെ കുറവാണ് പ്രധാന പ്രശ്‌നം. ഇന്ത്യയിലെ ജനങ്ങള്‍ ഒന്നാകെ കേരളത്തിന് സഹായമെത്തിക്കാന്‍ ഒന്നിക്കണം, സുരേഷ് ജോഷി ആഹ്വാനം ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.