ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ ഇന്ത്യയുടെ മലയാളി താരം സജന് പ്രകാശിന് അഞ്ചാം സ്ഥാനം മാത്രം. 1:57.75 സെക്കന്‍ഡിലാണ് സജന് നീന്തിയെത്തിയത്. ഈയിനത്തില്‍ ജപ്പാന്റെ ഡയ്യ സേട്ടോ 1:54.53 സെക്കന്‍ഡില്‍ സ്വര്‍ണവും അവരുടെ തന്നെ നാവോ ഹൊറോമുറ 1:55.58 സെക്കന്‍ഡില്‍ വെള്ളിയും ചൈനയുടെ ലീ ഷുഹാവോ 1:55.76 സെക്കന്‍ഡില്‍ വെങ്കലവും നേടി.
നേരത്തെ ഹീറ്റ്സില്‍ രണ്ടാം സ്ഥാനക്കാരനായാണ് സജന് പ്രകാശ് ഫൈനലില്‍ ഇടംപിടിച്ചത്. കൂടാതെ ഹീറ്റ്സിലെ മികച്ച മൂന്നാമത്തെ സമയവും സജന്റേതായിരുന്നു. അതേസമയം 100 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 56.19 സെക്കന്‍ഡിലാണ് ശ്രീഹരി നീന്തിയെത്തിയത്. ചൈനയുടെ സു ജിയാവു 52.34 സെക്കന്‍ഡില്‍ പുതിയ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി.
ജപ്പാന്റെ റിയോസുകെ ഇറി വെള്ളിയും കൊറിയയുടെ ലീ ജുഹോ വെങ്കലവും നേടി. ഇതേയിനത്തില്‍ മത്സരിച്ച അരവിന്ദ് മണിക്ക് ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മത്സരിച്ച സൗരവ് സാങ്വേക്കറും ഫൈനലില്‍ പ്രവേശിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: