രക്ഷപ്പെടുത്തല്‍ കഴിയുന്നു; ഇനി അടുത്ത ഘട്ടം: കേന്ദ്രം

Sunday 19 August 2018 9:06 pm IST

ന്യൂദല്‍ഹി: വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട കേരളത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അടുത്ത ഘട്ടമായ പുനര്‍നിര്‍മാണത്തിന് കേന്ദ്ര പ്രതിസന്ധി കടക്കല്‍ കമ്മിറ്റി (എന്‍സിഎംസി) ആഹ്വാനം ചെയ്തു. അവശ്യവസ്തുക്കള്‍ ലഭ്യമാക്കുക, മരുന്നും ചികിത്സയും എത്തിക്കുക, പ്രധാന സേവന മേഖലകള്‍ പഴയപടിയാക്കുക എന്നിവയാണ് മുഖ്യം.

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം, ഇന്ന് ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍സിഎംസി യോഗം സ്ഥിതി വിലയിരുത്തി. ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവ ലഭ്യമാക്കുക, വൈദ്യുതി, ഇന്ധനം, ഫോണ്‍ സംവിധാനം, ഗതാഗതം എന്നിവ പുനസ്ഥാപിക്കുക എന്നീ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. നാലാം യോഗമായിരുന്നു ഇത്.

- കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (അരിയും ഗോതമ്പും) അടിയന്തരമായി എത്തിക്കും. കൂടുതല്‍ പിന്നാലെ. 

- ഉപഭോക്തൃവകുപ്പ് 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങള്‍ നാളെ വിമാനമാര്‍ഗം കേരളത്തില്‍ എത്തിക്കും. കൂടുതല്‍ പയര്‍ വര്‍ഗങ്ങള്‍ ട്രെയിന്‍മാര്‍ഗം അയക്കും. 

- ഇന്ധന പ്രശ്‌നം പരിഹരിക്കാന്‍ 21,300 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് പെട്രോളിയം വകുപ്പ് കേരളത്തിലെത്തിക്കുന്നത്. ഗ്യാസ് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കൊച്ചിയിലെ ബോട്ടിലിങ് പ്ലാന്റ് പുനര്‍ പ്രവര്‍ത്തിപ്പിക്കും. 

- കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം നാളെ കാലത്ത് 60 ടണ്‍ അടിയന്തര മരുന്നുകള്‍ കേരളത്തില്‍ എത്തിക്കും. ആറ് ആരോഗ്യ പ്രവര്‍ത്തക സംഘത്തേയും അയയ്ക്കുന്നുണ്ട്. 

- സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്ര പുതപ്പും വിരിപ്പും റെയില്‍വേ എത്തിച്ചുകൊടുക്കും. 

- സാധനങ്ങള്‍ എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കും.

- കേന്ദ്ര രക്ഷാ പ്രവര്‍ത്തക സംഘവും സംവിധാനവും സ്ഥിതി സാധാരണമാകുംവരെ കേരളത്തില്‍ തുടരും. 

- റെയില്‍വേ നാളെ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും കൊല്‍ക്കത്തയിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. നാഴെ വൈകിട്ടോടെ എല്ലാ വണ്ടികളും പതിവു സര്‍വീസുകള്‍ നടത്താനാകുമെന്ന് റെയില്‍വേ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

- നാളെ, 14 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി പ്രത്യേക ട്രെയിനും എട്ടുലക്ഷം ലിറ്റര്‍ വെള്ളവുമായി നേവി കപ്പലും കേരളത്തിലെത്തും.

- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാളെ എല്ലാ വിമാന സര്‍വീസും പുനരാരംഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.