പുനര്‍നിര്‍മിതിക്ക് പദ്ധതി; സഹായം നേരിട്ട്, ഇടനിലച്ചൂഷണം കുറയും

Monday 20 August 2018 9:22 am IST

- ആധാര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നേട്ടം

- ഡിജിറ്റല്‍ ലോക്കര്‍ ഉപയോഗിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് സുരക്ഷിതം

- നെറ്റ്ബാങ്കിങ്- മൊബൈല്‍ ബാങ്കിങ്ങുകാര്‍ക്ക് എളുപ്പം

 

കൊച്ചി: വെള്ളപ്പൊക്ക ദുരിതം ബാധിച്ച കേരളത്തിന്റെ പുനര്‍നിര്‍മിതിക്കുള്ള പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ നേരിട്ടുകിട്ടാന്‍ സംവിധാനമൊരുക്കുകയാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാണിത്. വിവിധ ഏജന്‍സികളെക്കൊണ്ട് പദ്ധതികള്‍ സ്‌പോണ്‍സര്‍ ചെയ്യിക്കാനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നേരിട്ട് പ്രവര്‍ത്തിക്കാനുമാണ് ആസൂത്രണം.

നാലു തലത്തിലാണ് പദ്ധതികള്‍. ഒന്ന് അടിസ്ഥാന സൗകര്യം പുനസ്ഥാപിക്കല്‍. രണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. മൂന്ന് ആരോഗ്യ പ്രവര്‍ത്തനം. നാല് ദൈനംദിന ജീവിത സൗകര്യങ്ങള്‍ പഴയ രീതിയിലാക്കല്‍. ഇതിലെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും ആസൂത്രണങ്ങളും അറിഞ്ഞായിരിക്കും കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍. നിതി ആയോഗിന്റെ പ്രത്യേക യോഗം ചേരുന്നുണ്ട്. 

ഇന്‍ഷുറന്‍സ്, കാര്‍ഷിക നഷ്ട പരിഹാരം തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട്‌വഴി ലഭ്യമാക്കും. വരും ദിവസങ്ങളില്‍ വന്നുചേരാവുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാണ് അഞ്ചരക്കോടി തൊഴില്‍ദിനങ്ങള്‍ പ്രഖ്യാപിച്ചത്. ഇതുവഴി സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാകും. അതും ഇടനിലക്കാരില്ലാതെ അക്കൗണ്ടുകളില്‍ എത്തിക്കാനാണ് പദ്ധതി. 

ദേശീയപാത- റോഡ് അറ്റകുറ്റപ്പണികള്‍ വഴി അതത് പ്രദേശത്തെ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് ആസൂത്രണം. 

ബാങ്കു രേഖകള്‍ നഷ്ടമായവര്‍ക്കും മറ്റ് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകാന്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മൊബൈല്‍ ഫോണ്‍ നമ്പരുണ്ടെങ്കില്‍ ഈ രേഖകളൊന്നുമില്ലാതെ സഹായം ലഭിക്കും. ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പരും ബാങ്കിടപാടും മറ്റും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി ബന്ധിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചവര്‍ക്കാണ് ഇതിന്റെ നേട്ടം.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സര്‍ട്ടിഫിക്കറ്റ്, ഔദ്യോഗിക രേഖകള്‍ തുടങ്ങിയവ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് അതേ നമ്പരുകള്‍ പുനസ്ഥാപിച്ചു നല്‍കാന്‍ മൊബൈല്‍ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.