പത്തനംതിട്ട: മഴ കുറഞ്ഞുവെങ്കിലും ഡാമിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായി. ഡാമിലെ അധികജലം ഒഴുക്കിക്കളയുന്നതിന്റെ ഭാഗമായാണ് ഷട്ടര്‍ തുറക്കുന്നത്. പമ്പയുടേയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്കിലും കാര്യമായ കുറവുണ്ട്. 2401.86 ആണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. 600 ക്യുമെക്സ് വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. രണ്ട് ഷട്ടറുകള്‍ ഇന്നലെ അടച്ചിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസവും മഴക്ക് കുറവുണ്ടായിരുന്നെങ്കിലും ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്കില്‍ കുറവുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്കിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പ്രത്യേക മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാത്തതും കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴ ഉണ്ടാക്കാത്തതും ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: