സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൂര്‍ണ പരാജയം

Monday 20 August 2018 1:59 pm IST
ദുരന്തനിവാരണ അതോറിറ്റിയുടെ നിയമങ്ങള്‍ അനുസരിച്ച് അവരാണ് സൈന്യത്തേയോ അര്‍ദ്ധസൈനികവിഭാഗത്തെയോ വിളിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് സഹായവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രി ആയിരുന്നു പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കേണ്ടിയിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദുരന്തനിവാരണ അതോറിറ്റിയുടെ നിയമങ്ങള്‍ അനുസരിച്ച് അവരാണ് സൈന്യത്തേയോ അര്‍ദ്ധസൈനികവിഭാഗത്തെയോ വിളിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് സഹായവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് ഉടന്‍ തന്നെ വീടുകളിലേക്ക് മടങ്ങാനാകാത്ത സാഹചര്യമാണുള്ളത്. വീടുകള്‍ വൃത്തിയാക്കുന്നതിനും മറ്റുമായി അടിയന്തരമായി 25,000 രൂപ സര്‍ക്കാര്‍ അനുവദിക്കണം. വെള്ളം ഇറങ്ങിയതോടെ വീടുകളും കെട്ടിടങ്ങളും ചെളി നിറഞ്ഞു കിടക്കുകയാണ്. കേരളം വൃത്തിയാക്കാന്‍ പാര്‍ട്ടി കൊടി ഉള്‍പ്പെടെ ഒരു അടയാളവും കാണിക്കാതെ ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണം  ചെന്നിത്തല പറഞ്ഞു.

പ്രളയക്കെടുതിയില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചിട്ടില്ല. പുനരധിവാസത്തിന്റെ കാര്യത്തിലും  അങ്ങനെ തന്നെ ആയിരിക്കും. സര്‍ക്കാരിന് അലംഭാവവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതേക്കുറിച്ച് പറയാനുള്ള അവസരം ഇതല്ലെന്നും ചെന്നിത്തല പറഞ്ഞു. 

സൈനിക വേഷത്തില്‍ സര്‍ക്കാരിനെതിരെ അപഹസിക്കുന്ന വീഡിയോ പ്രചരിച്ച സംഭവത്തില്‍ തന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ചെന്നിത്തല വ്യക്തമായ മറുപടി നല്‍കിയില്ല. തന്റെ സ്റ്റാഫിലെ ആരെങ്കിലും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ടോയെന്ന കാര്യം അറിയില്ല. ഇത്തരത്തില്‍ ലക്ഷക്കണക്കിന് പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ടാകും. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.