കൊച്ചി: നാവികസേനയുടെ പ്രളയരക്ഷാ ദൗത്യമായ ‘ഓപ്പ് മദദ്’ സക്രിയം. സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കും വരെ ഇതു തുടരും. കണ്ണൂര്‍, ആലപ്പുഴ, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഞായറാഴ്ച വൈകിട്ടുവരെ നാവികസേനാ വിഭാഗം മാത്രം 14797 പേരെ ബോട്ടുകളില്‍ രക്ഷപ്പെടുത്തി. 609 പേരെ ഹെലിക്കോപ്റ്റര്‍ വഴി സുരക്ഷിതരാക്കി. 8000 കിലോ ഭക്ഷ്യവസ്തുക്കളും മരുന്നും ദുരിതബാധിതര്‍ക്ക് എത്തിച്ചു.ഈസ്റ്റേണ്‍ -വെസ്റ്റേണ്‍ നാവിക സേനാംഗങ്ങളാണ് 92 സംഘങ്ങളിലുള്ളത്.
കൂടുതല്‍ പേരെ രക്ഷിക്കാന്‍ സാധിക്കുന്ന ജെമിനി ബോട്ടുകളിലായി എറണാകുളത്തുമാത്രം 48 രക്ഷാസംഘങ്ങളുണ്ട്. പിഴല തുരുത്ത്, ഇടപ്പള്ളി (ഒന്നു വീതം) പെരുമ്പാവൂര്‍ (7), വടക്കന്‍ പറവൂര്‍ (16), ആലുവ (10), മൂവാറ്റുപുഴ (4), കടുങ്ങല്ലൂര്‍ (7), അത്താണി (2) എന്നിങ്ങനെയാണ് വിന്യാസം. മൂലംപള്ളി പള്ളി പരിസരത്തുനിന്ന് 250 പേരെ പിഴല തുരുത്തിന് സമീപത്തുള്ള രക്ഷാസംഘം കരയിലെത്തിച്ചു. വെള്ളം കുറഞ്ഞതോടെ സമീപത്തെ എട്ട് തുരുത്തുകളിലും ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
തൃശൂരില്‍ ചാലക്കുടിയില്‍ വെള്ളം കുറഞ്ഞപ്പോള്‍ അവിടത്തെ സംഘങ്ങളുടെ എണ്ണം ഏഴാക്കി. മൂന്നു വിഭാഗത്തെ മാളയിലേക്ക് അയച്ചു. ചെങ്ങന്നൂര്‍ (10), പത്തനംതിട്ടയിലെ തിരുവല്ല (17), ആയൂര്‍, പുല്ലാട് എന്നിവിടങ്ങളില്‍ ഓരോന്ന് വീതം സംഘങ്ങളുണ്ട്. വയനാട്ടിലെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സംഘങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഒരു സംഘത്തെ കണ്ണൂരിലേക്കും 19 വിഭാഗത്തെ ആലപ്പുഴയ്ക്കും അയച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 3575 പേരെ ബോട്ടുകളില്‍ രക്ഷിച്ചു.
ഐഎന്‍എസ് ഗരുഡയുടെ സേവനം ആളുകളെ രക്ഷിക്കുന്നതിലും രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നതിലും മരുന്നും ഭക്ഷണവും ആകാശമാര്‍ഗം എത്തിക്കുന്നതിലുമായിരുന്നു അധികവും.
എഎല്‍എച്ച്, സീ കിങ്, ചേതക്, വ്യോമസേനയുടെ എംഐ 17 എന്നിവ വഴി ഞായറാഴ്ച മാത്രം 59 പേരെ രക്ഷിച്ചു. ഒരുലക്ഷം ഭക്ഷണപ്പൊതി, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയവ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. പത്ത് പൂര്‍ണ ഗര്‍ഭിണികളെ രക്ഷിച്ചു.
ആയിരത്തിലേറെ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ഇടപ്പള്ളി അമൃത ആശുപത്രിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകര്‍ന്നപ്പോള്‍ നാവിക സഹായം അഭ്യര്‍ഥിച്ചു. ആഗസ്റ്റ് 17 ന് രാത്രിയിലായിരുന്നു ആവശ്യം. ജലവിതരണവും തടസപ്പെട്ടിരുന്നു. പത്തു മണിക്കൂറില്‍ ബദല്‍ സംവിധാനം ഒരുക്കി.
ദക്ഷിണ നാവിക ആസ്ഥാനത്ത് 250 പേര്‍ക്ക് രക്ഷാക്യാമ്പ് നടത്തുന്നുണ്ട്. ആലുവയില്‍ എന്‍എഡിക്ക് സമീപത്തെ ക്യാമ്പില്‍ 500 പേരുണ്ട്. നാവിക ആസ്ഥാനത്തെ കിന്റര്‍ഗാര്‍ട്ടണ്‍ സ്കൂള്‍ ക്യാമ്പാക്കി മാറ്റി, അവിടെ 170 പേരുണ്ട്. രണ്ട് കേന്ദ്രീയ വിദ്യാലയങ്ങളും ക്യാമ്പുകളാണ്.
കൊച്ചിന് യൂണിവേഴ്സിറ്റി കാമ്പസില്‍ നാവികസേന പൊതു അടുക്കള ഉണ്ടാക്കി.
5000 പേര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നുണ്ട്. 17 പാചകക്കാര്‍, നാല് ഓഫീസര്‍മാര്‍ 13 ജീവനക്കാര്‍ നിരന്തരം പണിയെടുത്ത് രണ്ടുനേരം ഭക്ഷണം നല്കുന്നു. യുസി കോളേജ് ക്യാമ്പില്‍ 2000 പേര്‍ക്ക് ആഹാരം കൊടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: