ഇനി കരുതലിന്റെ സഹസ്രഹസ്തങ്ങളാവാം

Tuesday 21 August 2018 1:18 am IST
ദുരന്തപ്പെയ്ത്തിന്റെ നിലയില്ലാക്കയത്തില്‍ കൈകാലിട്ടടിച്ച് അവശരായവര്‍ക്ക് ഇനി സ്വന്തം തട്ടകത്തില്‍ ആധിവ്യാധികളില്ലാതെ താമസിക്കാനാണ് വഴിയൊരുങ്ങേണ്ടത്. ദിവസങ്ങളോളം വെള്ളം കെട്ടിനിന്ന് പല വീടുകളുടെയും അടിത്തറതന്നെ ദുര്‍ബലപ്പെട്ടിരിക്കുകയാണ്. വിയര്‍പ്പിന്റെ വിലയായി സ്വരുക്കൂട്ടിയതൊക്കെ എന്നേക്കുമായുള്ള ഓര്‍മ്മ മാത്രമായിരിക്കുകയാണ്.

സംസ്ഥാനത്തെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയ പെരുമഴയും പ്രളയവും ഒട്ടൊന്നു ശമിച്ച ആശ്വാസത്തിലേക്കാണ് ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. സമാനതകളില്ലാത്ത ദുരിതമുഖത്ത് പകച്ചുനിന്നവര്‍, ജീവന്‍ നഷ്ടമായവര്‍, ജീവച്ഛവങ്ങളായവര്‍, നിസ്സംഗതയോടെ ഭാവിയിലേക്ക് കണ്ണുംനട്ടിരിക്കുന്നവര്‍... അങ്ങനെ ദുരിതപ്പെയ്ത്തില്‍ സര്‍വതും നഷ്ടമായവര്‍ പുനരധിവാസത്തിനായി പദംവെച്ചു നീങ്ങുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് ഓമനിച്ചിരുന്നവര്‍ക്ക് ഒന്നും ഇല്ലാത്ത അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഇതില്‍നിന്ന് നമുക്കു പഠിക്കാന്‍ ഒട്ടേറെ പാഠങ്ങളുണ്ട്. വഴിയെ അത്തരം പാഠങ്ങള്‍ ഗൃഹപാഠം ചെയ്ത് ഊര്‍ജം സംഭരിച്ചുവേണം ഭാവിയിലേക്ക് കുതികൊള്ളാന്‍.

ദുരന്തപ്പെയ്ത്തിന്റെ നിലയില്ലാക്കയത്തില്‍ കൈകാലിട്ടടിച്ച് അവശരായവര്‍ക്ക് ഇനി സ്വന്തം തട്ടകത്തില്‍ ആധിവ്യാധികളില്ലാതെ താമസിക്കാനാണ് വഴിയൊരുങ്ങേണ്ടത്. ദിവസങ്ങളോളം വെള്ളം കെട്ടിനിന്ന് പല വീടുകളുടെയും അടിത്തറതന്നെ ദുര്‍ബലപ്പെട്ടിരിക്കുകയാണ്. വിയര്‍പ്പിന്റെ വിലയായി സ്വരുക്കൂട്ടിയതൊക്കെ എന്നേക്കുമായുള്ള ഓര്‍മ്മ മാത്രമായിരിക്കുകയാണ്. പണം കൊണ്ടും മറ്റും ഒന്നും ചെയ്യാനാവില്ലെന്ന് രണ്ടുമൂന്നുദിനം കൊണ്ട് മനസ്സിലാക്കിയവരാണ് ദുരിതത്തില്‍പ്പെട്ട എല്ലാവരും. ഇതുവരെ രക്ഷപ്പെടുത്തുന്നതിനും താല്‍ക്കാലികമായി ഒന്ന് വിശ്രമിക്കാനും ഭക്ഷണത്തിനുമായിരുന്നു മുന്‍ഗണന കൊടുത്തിരുന്നതെങ്കില്‍ ഇനി അതിനെക്കാളേറെ കാര്യങ്ങളാണ് ഗൗരവപൂര്‍വം നടത്തേണ്ടത്.

തിരിച്ചുചെല്ലുമ്പോള്‍ വീടെന്ന് പറയാവുന്ന ഒരിടമേ ഉണ്ടാവൂ. അവിടെ ശ്രദ്ധാപൂര്‍വ്വം സ്ഥിതിഗതികള്‍ നിരീക്ഷിച്ചില്ലെങ്കില്‍ അപകടം ചെയ്യും. കാത്തുസൂക്ഷിച്ച ജീവന്‍ ചെറിയൊരു അശ്രദ്ധമൂലം നഷ്ടപ്പെടാം. കുടിവെള്ളം, ഇഴജന്തുക്കളുടെ സാന്നിധ്യം, വൈദ്യുതി കണക്ഷനുകളുടെ അവസ്ഥ തുടങ്ങിയവയൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച് മാത്രമേ വീടുകളില്‍ കയറാനും മറ്റും ശ്രമിക്കാവൂ. പല വിലപ്പെട്ട സാധനങ്ങളും എടുക്കാതെ വന്നവര്‍ ആധിപൂണ്ട് അവയൊക്കെ തെരയാനാവും ആദ്യം ശ്രമിക്കുക. അതൊക്കെ അപകടം ചെയ്യുമെന്ന് അറിയണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത കാണിക്കുകയും അതൊക്കെ ജനങ്ങളിലെത്തിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം.

പ്രളയ കാലത്തെക്കാള്‍ ജാഗ്രതയാണ് പുനരധിവാസ കാര്യത്തില്‍ ഉണ്ടാവേണ്ടത്. വലിയൊരു ഭീഷണിയായി പകര്‍ച്ചവ്യാധി വായ പിളര്‍ന്ന് നില്‍പ്പുണ്ട്. അതോടൊപ്പം ജലജന്യ രോഗങ്ങളും അനുബന്ധമായി മറ്റുള്ളവയും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതീവ ശ്രദ്ധവേണ്ടത് ഇതിലാണ്. മാനസികമായി തകര്‍ന്നുപോയവര്‍ക്ക് സാന്ത്വന പരിചരണത്തിന് വേണ്ട ഏര്‍പ്പാടുകള്‍ വേണ്ടിവരും. എങ്ങനെയൊക്കെയാണ് പ്രളയകാലം പിന്നിടാന്‍ നടപടികള്‍ സ്വീകരിച്ചതെന്നതിനെക്കുറിച്ച് വിലയിരുത്തുകയും പുനരധിവാസത്തിന് അതില്‍നിന്ന് യുക്തമായ മാര്‍ഗങ്ങള്‍ കണ്ടെത്തുകയും വേണം. ജാതി, മത, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഇനിമുതലാവും സജീവമാവുക. അതൊരുപക്ഷേ, കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടാം. അതിന് ഇടവെക്കരുത്.

ഓരോ പ്രദേശത്തെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകരെ ഉള്‍പ്പെടുത്തിയാവണം പുനരധിവാസം സംബന്ധിച്ച കമ്മറ്റികളും മറ്റും രൂപീകരിക്കേണ്ടത്. വേദനതിന്ന് കഴിഞ്ഞവരെ കൂടുതല്‍ തീ തീറ്റിക്കുന്നതിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകരുത്. പരസ്പരമുള്ള കുറ്റപ്പെടുത്തലുള്‍പ്പെടെയുള്ളവ മാറ്റിവെച്ച് കേരളത്തെ കൂടുതല്‍ കരുത്തുറ്റ സംസ്ഥാനമാക്കാനുള്ള പ്രയത്‌നത്തിനാണ് ഇനി ഊന്നല്‍ നല്‍കേണ്ടത്. എല്ലാ വിഭാഗത്തെയും അതിലേക്ക് സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പ്രശ്‌നരഹിത സംവിധാനം ഉണ്ടാക്കുകയും വേണം. ഇതൊന്നും എളുപ്പമല്ലെങ്കിലും ഒത്തുപിടിച്ചാല്‍ എന്തും സാധിക്കുമെന്നതിന് പ്രളയകാലത്തെ അനുഭവങ്ങള്‍ തന്നെ ധാരാളം. അതില്‍ മനസ്സുറപ്പിച്ച് ഭാവിശോഭനമാക്കാന്‍ കരുതലിന്റെ സഹസ്രഹസ്തങ്ങളായി നമുക്ക് ഒന്നു ചേരാം. അതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.