പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം

Tuesday 21 August 2018 1:14 am IST

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കടുത്ത കാലവര്‍ഷ കെടുതിയില്‍നിന്നും നമ്മള്‍ പതിയെ കരകയറുകയാണ് ഇനി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. അതുപോലെതന്നെ പകര്‍ച്ച വ്യാധികള്‍ പടരുന്നത് തടയാനും മുന്‍കരുതലുകള്‍ ശക്തമാക്കണം. 

രോഗങ്ങള്‍ പ്രാഥമിക ഘട്ടത്തിലേ തടയുന്നതിന് ആവശ്യമായ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടണം. ക്യാമ്പുകളില്‍ ജനം കൂട്ടമായി കഴിയുമ്പോള്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. കുടിവെള്ളമുള്‍പ്പെടെയുള്ളവ ശ്രദ്ധയോടെവേണം ഉപയോഗിക്കാന്‍. വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ മലിനജലം ഉപയോഗിക്കുന്നതിനാല്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയരുത്. അതുപോലെതന്നെ പ്രധാനമാണ് പ്രളയത്തില്‍പ്പെട്ട വീടുകള്‍ വൃത്തിയാക്കുമ്പോഴും മറ്റും നമ്മള്‍ വളരെ ശ്രദ്ധ പാലിക്കേണ്ടതാണ്. ഇഴജന്തുക്കളുള്‍പ്പെടെയുള്ളവ വീടുകളില്‍ കയറിയിരിക്കുവാനുള്ള സാധ്യതയുണ്ട്. ഇലക്ട്രിക് ഉപകരണങ്ങളും മറ്റും വീണ്ടും നമ്മള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തതിന് ശേഷം മാത്രമേ അവ പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമിക്കാവു. 

പ്രളയബാധിത പ്രദേശങ്ങളിലെ താമസം, രോഗപ്രതിരോധ നടപടികള്‍, എന്നിവയ്ക്കായിരിക്കണം കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടത്. ബോധവത്കരണ പ്രവര്‍ത്തനവും ഊര്‍ജിതമാക്കണം. റോഡ്, വൈദ്യുതി, കുടിവെള്ളം, കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണം എന്നിവയ്ക്കും മുഖ്യപരിഗണന നല്‍കേണ്ടതുണ്ട്. ഇതിനാവശ്യമായ അടിയന്തര ഇടപെടലുകള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതുണ്ട്. പുനരധിവാസ പ്രവര്‍ ത്തനങ്ങള്‍ കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.

വിഷ്ണു, തൃശൂര്‍

മനുഷ്യത്വരഹിതം

തൃശൂര്‍ കലക്ടറേറ്റില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടും ബാര്‍ അസോസിയേഷന്‍ ഹാള്‍ തുറന്നുകൊടുക്കാന്‍ തയാറാവാത്ത ഭാരവാഹികളുടെ നടപടി മനുഷ്യത്വരഹിതം. പലതവണ ആവശ്യപ്പെട്ടിട്ടും തുറക്കാന്‍ തയാറാവാതിരുന്നപ്പോള്‍ പൂട്ടുപൊളിക്കാന്‍ ഉത്തരവു നല്‍കിയ കലക്ടര്‍ ടി.വി. -അനുപമയുടെ നടപടി ഉജ്വലമായി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് വക്കീലന്മാര്‍ ഇനിയും വായിച്ചു പഠിക്കേണ്ടിയിരിക്കുന്നു.

സമൂഹം മുഴവനായും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നിസ്സാരമായ ഒരു സഹായത്തിനു പോലും മുതിരാത്ത തൃശൂര്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നടപടി അപലപനീയം തന്നെയാണ്.

സോളമന്‍, കോട്ടയം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.