സഭകളിലെ ലൈംഗിക ചൂക്ഷണം: പരിഹാരം സാദ്ധ്യമോ?

Tuesday 21 August 2018 1:15 am IST
രഹസ്യ കുമ്പസാരം സഭയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്ന ഒന്നല്ല. 10,12 നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ചേര്‍ക്കപ്പെട്ട അനുഷ്ഠാനമാണ്. സഭയിലെ ഏതുനിയമവും അനുഷ്ഠാനവും ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകള്‍ കാലാകാലങ്ങളില്‍ സഭയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് അവയെ കാലാനുസൃതമായി പരിഷ്‌കരിക്കുകയും കാലത്തിന് യോജിക്കാത്തവയെ നീക്കം ചെയ്യേണ്ടതുമാണ്. ഏതെങ്കിലും തരത്തില്‍ ചൂഷണ സാധ്യതകള്‍ ഉണ്ടെങ്കില്‍ അവ വിശകലനം ചെയ്ത് പഴുതുകള്‍ അടയ്ക്കാന്‍ നടപടികള്‍ സഭാതലത്തില്‍ ഉണ്ടാവണം.

ക്രിസ്തുമതത്തിലെ പുരോഹിതന്മാരില്‍ ചിലര്‍ ഗുരുതരമായ ലൈംഗിക ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ രണ്ടു ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. ഒന്ന്, ബിഷപ്പിനും വൈദികര്‍ക്കും എതിരെയുള്ള സ്ത്രീപീഡന ആരോപണങ്ങള്‍ അങ്കലാപ്പിലാക്കുന്നത് ഈ നാട്ടിലെ കുറച്ചു ക്രിസ്ത്യാനികളെ മാത്രമാണോ? രണ്ട്, മാനസികമായും ലൈംഗികമായും പീഡിപ്പിക്കുന്നു എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടാല്‍ അതിനോട് പുരുഷമേധാവിത്വ സ്വഭാവം പ്രത്യക്ഷത്തില്‍ത്തന്നെ നിലനിര്‍ത്തുന്ന മത നേതൃത്വം എങ്ങനെ പ്രതികരിക്കും? 

ഈ ചോദ്യങ്ങളുടെ സാംഗത്യം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാകുന്നത് ഇനിപ്പറയുന്നവയുടെ അടിസ്ഥാനത്തിലാണ്. മതങ്ങളും പുരോഹിത വര്‍ഗ്ഗവും ജനങ്ങളുടെ ഇടയില്‍ നേടിയെടുത്തിരിക്കുന്ന പ്രത്യേക പദവിയും സ്വാധീനവും വളരെ വലുതാണ്. മതങ്ങളിലൂടെ ജനങ്ങളില്‍ എത്തുന്ന (എത്തിക്കുന്ന) ഈശ്വര വിശ്വാസവും അതിനെ സഹായിക്കുന്ന ആചാരങ്ങളുമാണ് ഇതിനു കാരണം.

ഭക്തജനങ്ങളുടെ ആദരവു നേടി സമൂഹത്തില്‍ ഉന്നത ശ്രേണികള്‍ അലങ്കരിക്കുന്ന പുരോഹിതന്മാരും മത നേതാക്കളും ലൈംഗിക കുറ്റൃത്യങ്ങളുടെ ചുമടും അഴിമതിയുടെ ഭാണ്ഡവും ഒക്കെ പേറി കണ്‍മുന്നില്‍ ഇങ്ങനെ മാധ്യമവിചാരണ നേരിടുന്നത് മത ഭേദമെന്യേ എല്ലാവരെയും ദുഃഖിപ്പിക്കുന്നു. ഭക്തിയുടെയും ആത്മീയതയുടെയും തെളിവുകളായി തിരക്കേറുന്ന ആരാധനാ കേന്ദ്രങ്ങളും നിറഞ്ഞു കവിയുന്ന ഭണ്ഡാരങ്ങളും മാറുമ്പോള്‍ മൂല്യമാണോ മൂല്യമില്ലായ്മയാണോ മതങ്ങളിലൂടെ ഇന്ന് പകരപ്പെടുന്നത് എന്നു കാഴ്ചക്കാരില്‍ ഒരാള്‍ ചോദിച്ചാല്‍ അദ്ഭുതപ്പെടേണ്ട. 

സഭകളില്‍ നിന്നു സ്ത്രീ പീഡനത്തിന്റെ രണ്ടു സംഭവങ്ങള്‍ ആണ് ഇന്നാട്ടിലെ നിയമ സംവിധാനത്തിനു മുന്നില്‍ അടുത്തിടെ എത്തിയിരിക്കുന്നത്. കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പ് ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നതും ഓര്‍ത്തോഡോക്‌സ് സഭയിലെ നാലു വൈദികര്‍ ഒരു സ്ത്രീയെ കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്തു ലൈംഗിക ചൂഷണം ചെയ്തു എന്നതും. 

ഒന്നാമത്തെ കേസില്‍, കന്യാസ്ത്രീ അനേക തലത്തില്‍ ഇടവക വികാരി മുതല്‍ വത്തിക്കാന്‍ പ്രതിനിധിക്കു വരെ പരാതി നല്‍കിയിട്ടുണ്ടെന്നു തെളിവുകള്‍ ഉള്ളപ്പോഴും പരാതി ലഭിച്ചിട്ടില്ല എന്ന മറുവാദം ഉറക്കെ പറഞ്ഞു കൊണ്ട് ഇതുവരെ കാര്യക്ഷമമായ യാതൊരു നടപടിയും എടുക്കാതെ സ്വയം അപഹാസ്യര്‍ ആകുകയാണ് സഭയും മേലധികാരികളും.  

രണ്ടാമത്തെ കേസില്‍, സ്ത്രീയുടെ ഭര്‍ത്താവു നല്‍കിയ പരാതിയിന്മേല്‍ വൈദികരെ താല്‍ക്കാലികമായി വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി തങ്ങളുടെ മുഖം രക്ഷിക്കുന്നു. വൈദികരുടെ അറസ്റ്റും ചോദ്യം ചെയ്യലും ജാമ്യം എടുക്കലും ഒക്കെ ഒരു വശത്തു നടക്കുന്നു. ഇതിനിടയില്‍ കന്യാസ്ത്രീയെ സന്ദര്‍ശിക്കുകയും കേസുകള്‍ പഠിക്കുകയും ചെയ്ത കേന്ദ്ര വനിതാ കമ്മീഷന്‍, കുമ്പസാരം നിര്‍ത്തലാക്കണം എന്ന ആവശ്യവുമായി പ്രധാനമന്ത്രിയെയും ഉന്നത അധികാരങ്ങളെയും സമീപിച്ചു. കേരളാ വനിതാ കമ്മീഷന്‍ ഇതുവരെയും കന്യാസ്ത്രീയെ സന്ദര്‍ശിക്കുകയോ ഈ പീഡന വിഷയത്തില്‍ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. പരാതി ലഭിച്ചില്ലെങ്കിലും ചിലയിടങ്ങളില്‍ അങ്ങോട്ട് പോയി വിഷയം പഠിക്കുകയും ഇടപെടുകയും മറ്റു ചിലയിടത്ത് പോകാതിരിക്കുകയും അഭിപ്രായം ഇല്ലാതിരിക്കുകയും ചെയ്യുന്ന കേന്ദ്ര സംസ്ഥാന വനിതാ കമ്മീഷനുകള്‍ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഉറക്കെ ചോദിച്ചു പോകുന്നു ഇവിടെ. (കഇണങ പ്രതിനിധികള്‍ നേരില്‍ സംസാരിച്ചു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയത്). 

വൈദികരില്‍ ചിലര്‍ തങ്ങള്‍ നിരപരാധികളാണെന്നു തെളിയിക്കാന്‍ വീഡിയോകള്‍ ഉണ്ടാക്കി സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചു. പിടിക്കപ്പെട്ട സ്ത്രീയുടേത് എന്നു പറഞ്ഞു ഫോട്ടോ കറങ്ങി നടന്നെങ്കിലും അവരുടെ ഭാഗം ആരും പറഞ്ഞു കേട്ടില്ല. സത്യം പുറത്തു വരുന്നതിനായി കാത്തിരിക്കുകയാണ് സഭാ ജനങ്ങള്‍. 

ക്രിസ്തീയ മതത്തില്‍ അനേകം വിഭാഗങ്ങളുണ്ട്. അതില്‍ പ്രമുഖമായ കത്തോലിക്കാ സഭയിലെ മുഴുവന്‍ സമയ സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട വനിതകളുടെ കൂട്ടങ്ങളാണ് കന്യാസ്ത്രീ സമൂഹങ്ങള്‍. കത്തോലിക്കാ സഭയുടെ  ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അധികവും നടത്തപ്പെടുന്നത് അവിവാഹിതരായി സേവനം ചെയ്യുന്ന ഇവരിലൂടെയാണ്. സമൂഹത്തിന് സ്‌നേഹവും നന്മയും കൊടുക്കാനുള്ള ദൈവ നിയോഗം ഏറ്റെടുത്ത് മഠങ്ങളില്‍ ചേരുന്നവര്‍. ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നീ വ്രതങ്ങള്‍ ജീവിത കാലം മുഴുവന്‍ പാലിച്ചു കൊള്ളാം എന്നു പ്രതിജ്ഞ എടുത്തവര്‍. ബ്രഹ്മചര്യ വ്രതം ഹനിക്കപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണെങ്കിലും തള്ളിക്കളയാന്‍ ആകില്ല എന്നാണ് ഇവരുടെ കഴിഞ്ഞ കാല അനുഭവങ്ങള്‍. 

കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഉള്ള ഏതു സാചര്യത്തിലും ചോദ്യം ചോദിക്കല്‍ ഭീഷണിയായി കാണപ്പെടും. വളരെ നാളത്തെ സഹനത്തിനു ശേഷം അനീതിക്കും പീഡനത്തിനും എതിരെ ബിഷിപ്പിനോടു സംസാരിച്ച ഈ കന്യാസ്ത്രീക്കും അത് തന്നെ നേരിടേണ്ടി വന്നു. ഒരു കന്യാസ്ത്രീ വളരെ വ്യക്തമായി പറഞ്ഞു, 'വ്രതങ്ങള്‍ ദൈവത്തോടാണ് ഏറ്റിരിക്കുന്നത്. ദൈവത്തെയാണ് പൂര്‍ണ്ണമായി അനുസരിക്കേണ്ടത്. തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മനുഷ്യരെയും ഘടനകളെയും അല്ല.' വ്രതങ്ങളുടെ പേരിലും അനുസരണയുടെ പേരിലും ഒക്കെ മൗനികളായിരുന്നു കൊള്ളും എന്ന പതിവ് ഇനി തുടരില്ല എന്നതിന്റെ വ്യക്തമായ സൂചന കൂടിയാണിത്. ബ്രഹ്മചര്യ വ്രതം നഷ്ടപ്പെട്ടു എന്ന കടുത്ത യാഥാര്‍ത്ഥ്യം പുറത്തു പറയാന്‍ ധൈര്യപ്പെടുന്ന ഈ കന്യാസ്ത്രീ ഒരു പ്രതിനിധിയാണ്. വിവിധ മതങ്ങളില്‍ വിവേചനത്തിന്റെയും ചൂഷണത്തിന്റെയും ചുറ്റുപാടില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന അനേകരുടെ പ്രതിനിധി.

കുമ്പസാരത്തെക്കുറിച്ച് പറയുമ്പോള്‍, പുരാതന സഭകള്‍ എല്ലാം കുമ്പസാരം ഒരു കൂദാശയായി കണക്കാക്കുന്നു, പാപം ഏറ്റു പറഞ്ഞു ക്ഷമ ലഭിക്കുന്നത് ദൈവ കൃപ ലഭിക്കാന്‍ കാരണമാകുന്നു. വൈദികന്‍ ഇവിടെ ദൈവത്തിന്റെ പ്രതിനിധി മാത്രമാണ്. ഒരു സ്വയാര്‍ജ്ജിത അധികാരവും ഇയാള്‍ക്കില്ല.  

എല്ലാ സഭകളുടെയും കുമ്പസാര രീതികള്‍ ഒരുപോലെയല്ല. വൈദികരുടെ അടുക്കല്‍ രഹസ്യമായി ചെയ്യുന്ന ഒന്നായി ചില സഭകളില്‍ നടത്തുമ്പോള്‍ പരസ്യമായി ദൈവത്തോട് നേരിട്ട് ഏറ്റു പറയുന്ന ഒരു പ്രാര്‍ത്ഥനയാണ് മറ്റു ചില സഭകളില്‍ ഇത്. നിര്‍ബന്ധ പൂര്‍വ്വം നടത്തുന്ന ഒന്നല്ല എങ്കിലും ഒരു വിശ്വാസി ചെയ്യേണ്ട ഒന്നായി സഭകള്‍ പഠിപ്പിക്കുന്ന ഒന്നാണിത്. സ്വന്തം ഇഷ്ടത്താല്‍ ഓരോ വ്യക്തിയും വന്നു തുറന്നു പറയുന്ന കാര്യങ്ങളാണ്. രഹസ്യ കുമ്പസാരം തുടര്‍ന്നു വരുന്ന സഭകള്‍ കുമ്പസാര വെളിപ്പെടുത്തലുകള്‍ രഹസ്യമായി സൂക്ഷിക്കേണ്ട ചുമതല കൂടി പുരോഹിതനെ ഏല്‍പ്പിച്ചിട്ടുണ്ട്. 

കേന്ദ്ര വനിതാ കമ്മീഷന്‍ മുന്നോട്ട് വച്ച കുമ്പസാരം നിര്‍ത്തലാക്കണം എന്ന ചിന്ത മത സ്വാതന്ത്ര്യത്തില്‍ ഉള്ള കൈ കടത്തലായി വരെ വ്യാഖ്യാനിക്കപ്പെട്ടു. ഇപ്പോള്‍ നടന്നതിനേക്കാല്‍ ദാരുണവും നീചവുമായ ചില പീഡനകേസുകളില്‍ ഇടപെടുക പോലും ചെയ്യാത്ത കമ്മീഷന്റെ ഉദ്ദേശ്യശുദ്ധിയും പലരും ചോദ്യം ചെയ്തു. കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്യപ്പെടുന്നത് ഇതാദ്യമായല്ല. അങ്ങനെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു അനുഷ്ഠാനം നടത്തിക്കൊണ്ടു പോകേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ സഭകള്‍ക്കുള്ളില്‍ തീര്‍ച്ചയായും നടക്കേണ്ടതാണ്. 

രഹസ്യ കുമ്പസാരം സഭയുടെ തുടക്കം മുതല്‍ ഉണ്ടായിരുന്ന ഒന്നല്ല. 10,12 നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ചേര്‍ക്കപ്പെട്ട അനുഷ്ഠാനമാണ്. സഭയിലെ ഏതു നിയമവും അനുഷ്ഠാനവും ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകള്‍ കാലാ കാലങ്ങളില്‍ സഭയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് അവയെ കാലാനുസൃതമായി പരിഷ്‌കരിക്കുകയും കാലത്തിനു യോജിക്കാത്തവയെ നീക്കം ചെയ്യേണ്ടതുമാണ്. ഏതെങ്കിലും തരത്തില്‍ ചൂഷണ സാധ്യതകള്‍ ഉണ്ടെങ്കില്‍ അവ വിശകലനം ചെയ്ത് പഴുതുകള്‍ അടയ്ക്കാന്‍ നടപടികള്‍ സഭാതലത്തില്‍ ഉണ്ടാവണം. 

സ്ത്രീ പീഡനങ്ങള്‍ തുടര്‍ച്ചയാകുമ്പോള്‍, ഇരകള്‍ ആക്കപ്പെടുന്ന സ്ത്രീകള്‍ എന്തു ചെയ്യണം? സ്ത്രീയെ ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ അത് തടയാനുള്ള സംവിധാനങ്ങള്‍ സഭക്കുള്ളില്‍ ഉണ്ടായി വരേണ്ടത് അത്യന്താപേക്ഷിതം ആണ്. ഒന്നാമത്, പീഡനം നേരിടുന്ന സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ സഭക്കുള്ളില്‍ സമിതികള്‍ ഉണ്ടാകണം. ധൈര്യത്തോടെ ആശങ്കകള്‍ കൂടാതെ കാര്യങ്ങള്‍ പറയാന്‍ സാധിക്കണം അവിടെ. ആവശ്യമെങ്കില്‍ നിയമ സഹായവും ലഭ്യമാക്കണം.

രണ്ടാമത്, നിലനില്‍ക്കുന്ന ഘടനകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എങ്കില്‍, മുന്‍പു പറഞ്ഞതുപോലെ, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കു സഭകള്‍ മുന്‍കൈ എടുക്കണം. അവയുടെ കൗദാശിക പ്രവര്‍ത്തന മേഖലകളിലെങ്ങും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ ഇടയാകുന്നില്ല എന്നുറപ്പ് വരുത്തണം. മൂന്നാമത്, തെറ്റു ചെയ്തു എന്ന് കണ്ടെത്തുന്നവര്‍ സമയത്ത് ശിക്ഷിക്കപ്പെടാതെ ഇരിക്കുന്നതും അവര്‍ക്ക് സരക്ഷണം കൊടുക്കുന്നതും തെറ്റിനെ ന്യായീകരിക്കുന്നതിനു തുല്യമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. മതങ്ങള്‍ ധാര്‍മ്മികമായ ഉത്തരവാദിത്വം പേറുന്ന സ്ഥാപനകള്‍ ആണ്. അത് മറക്കാന്‍ പാടില്ല. 

തുറന്ന കാഴ്ചപ്പാടോടെ, എല്ലാ മതങ്ങളിലെയും വിമോചനാംശം കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആരും ആരെയും കീഴ്‌പ്പെടുത്താത്ത, എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തോടും അഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സമൂഹ സൃഷ്ടിക്ക് സഹായിക്കുക എന്ന ധര്‍മ്മം ആണ് മതങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്. 

(ലേഖിക ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ വിമന്‍സ് മൂവ്‌മെന്റ് കേരള ഘടകം സെക്രട്ടറിയും കോളേജ് അദ്ധ്യാപികയുമാണ്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.