മഹാപ്രളയം: മാലിന്യ നീക്കത്തിന് തൊഴിലുറപ്പില്‍ സാധ്യതകള്‍

Tuesday 21 August 2018 1:20 am IST
വലിയ പ്രശ്‌നമാണ് പ്രളയത്തില്‍ പൊതുവഴിയിലും വീടുകളിലും അടിഞ്ഞുകൂടിയ മാലിന്യം നീക്കല്‍. എന്തുചെയ്യണമെന്നറിയാതെ ദുരിതമനുഭവിക്കുകയാണ് ജനം. പ്രളയബാധിത പ്രദേശത്ത് ഒരിടത്തും ചെളിനീക്കുന്ന ജോലിക്ക് ആളെകിട്ടാനില്ല. എല്ലാവരും അവരവരുടെ വീട്ടിലെ ചെളിയും മാലിന്യവും നീക്കംചെയ്യാനുള്ള തത്രപ്പാടിലാണ്. വീടും പരിസരവും വൃത്തിയാക്കണമെങ്കില്‍ ആഴ്ചകളുടെ പ്രയത്‌നം വേണ്ടിവരും.

പാലക്കാട്: മഹാപ്രളയത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കാനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിയില്‍ അനന്തസാധ്യതകള്‍. അടിയന്തരമായ ഇടപെടല്‍ നടത്തിയാല്‍ കുറഞ്ഞത് ആയിരംകോടിയുടെ കേന്ദ്രഫണ്ട് കിട്ടാനുള്ള സാധ്യത ഉപയോഗപ്പെടുത്താം.

  വലിയ പ്രശ്‌നമാണ് പ്രളയത്തില്‍ പൊതുവഴിയിലും വീടുകളിലും അടിഞ്ഞുകൂടിയ മാലിന്യം നീക്കല്‍. എന്തുചെയ്യണമെന്നറിയാതെ ദുരിതമനുഭവിക്കുകയാണ് ജനം. പ്രളയബാധിത പ്രദേശത്ത് ഒരിടത്തും ചെളിനീക്കുന്ന ജോലിക്ക് ആളെകിട്ടാനില്ല. എല്ലാവരും അവരവരുടെ വീട്ടിലെ ചെളിയും മാലിന്യവും നീക്കംചെയ്യാനുള്ള തത്രപ്പാടിലാണ്. വീടും പരിസരവും വൃത്തിയാക്കണമെങ്കില്‍ ആഴ്ചകളുടെ പ്രയത്‌നം വേണ്ടിവരും. 

 ഇത്തരം പ്രവര്‍ത്തികള്‍ തൊഴിലുറപ്പിലുള്‍പ്പെടുത്തി ചെയ്യാനുള്ള സാധ്യതയെക്കുറിച്ച്  വിദഗ്ധര്‍ പ്രളയത്തിന്റെ അടുത്തദിവസം മുതല്‍ ചില ഉന്നതോദ്യോഗസ്ഥരുടെ  ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം ആരും അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്തില്ല. 2013ല്‍ ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് കേന്ദ്രം ഇതിനാവശ്യമായ അനുമതി നല്‍കിയത്. പ്രളയബാധിത മേഖലകളില്‍ തൊഴില്‍ ദിനങ്ങള്‍ 100ല്‍നിന്ന് 150 ആക്കാനും കേന്ദ്രം അനുമതിനല്‍കി. ഇതുപോലെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്ന ഘട്ടത്തില്‍ തന്നെ അടിയന്തര അനുമതി നേടിയെടുക്കാമായിരുന്നു.

ഇനിയും അവസരമുണ്ട് വിനിയോഗിക്കണം

നിലവിലുള്ള ലേബര്‍ ബജറ്റില്‍ വ്യത്യാസം വരാന്‍ സാധ്യതയുള്ളതിനാല്‍ ഉപപദ്ധതി തയാറാക്കി നല്‍കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിവേഗ അനുമതി വാങ്ങിയെടുക്കാന്‍ അവസരമുണ്ട്. അനുമതി ലഭിച്ചാലുടന്‍ ആവശ്യമായ എല്ലാവര്‍ക്കും ഒറ്റദിവസംകൊണ്ട് തൊഴില്‍കാര്‍ഡ് നല്‍കാം. പുനരധിവാസ ക്യാമ്പുകളില്‍തന്നെ ഇതിന് സൗകര്യമൊരുക്കാം. അവരവരുടെ വീടുകളില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയാല്‍തന്നെ കുറഞ്ഞത് 20 ദിവസത്തെ തൊഴില്‍ കിട്ടും. അയ്യായിരത്തിലധികം രൂപ ഒരോരുത്തരുടെയും അക്കൗണ്ടിലെത്തും. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇത് വലിയ ആശ്വാസമാകും. പുനഃസ്ഥാപന പ്രവര്‍ത്തികള്‍ കൂടി ഏറ്റെടുക്കുന്നവര്‍ക്ക് വരുമാനം 26000 രൂപയാകും. തൊഴിലുറപ്പ് പദ്ധതി വഴികിട്ടുന്ന പണത്തിന് മറ്റു പരിമിതികളില്ലെന്നാണ് പ്രത്യേകത.

ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍

= വീടുകളിലെ ചെളിനീക്കല്‍ 

= പൊതുസ്ഥലങ്ങളിലെ ചെളിയും മാലിന്യവും നീക്കല്‍

= തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍

= ഗ്രാമീണറോഡുകളുടെ പുനഃസ്ഥാപനം

= വലിയപാതകളുടെ പുനര്‍നിര്‍മാണം നടക്കുമ്പോള്‍ മണ്‍പ്രവര്‍ത്തികള്‍

= വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ നിവാരണപ്രവര്‍ത്തനങ്ങള്‍

= കൃഷിയിടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കല്‍

= കൃഷിയിറക്കാന്‍ സന്നദ്ധരായ കര്‍ഷകര്‍ക്ക് നിലമൊരുക്കി നല്‍കല്‍

= പുതിയ കനാലുകള്‍ നിര്‍മിക്കല്‍

= പ്രളയത്തില്‍ നഷ്ടപ്പെട്ട ജൈവസമ്പത്ത് പുനസ്ഥാപിക്കാനാവശ്യമായ നഴ്‌സറികളൊരുക്കല്‍ 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.