സര്‍ക്കാര്‍ വിളിക്കാതെ ചെന്നവര്‍ സര്‍ക്കാരിനെ കാത്തുനില്‍ക്കാതെ മടങ്ങി

Tuesday 21 August 2018 1:31 am IST

കോഴിക്കോട്: പുഴയേത്, വഴിയേത് എന്നറിയാതെ പ്രളയത്തില്‍ മൂന്നു ദിവസങ്ങള്‍. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാന്‍ കടലോര ഗ്രാമങ്ങളില്‍ നിന്ന് കുതിച്ചെത്തിയ മത്സ്യത്തൊഴിലാളികളുടേത് അതിസാഹസിക പ്രവര്‍ത്തനങ്ങള്‍. 

കടലോര ഗ്രാമങ്ങളില്‍നിന്ന്  എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത് ആയിരക്കണക്കിന് പേരെ. സര്‍ക്കാര്‍ വിളിക്കാതെ സഹോദരങ്ങളുടെ നിലവിളികേട്ട് ചെന്നവര്‍ സര്‍ക്കാരിന്റെ സഹായമൊന്നുമില്ലാതെ മടങ്ങാനൊരുങ്ങുകയാണ്. പലപ്പോഴും ജീവന്‍ അപകടത്തിലാവുമെന്ന സന്ദര്‍ഭം വരെ ഉണ്ടായെന്ന് കോഴിക്കോട് നിന്ന്  ആലുവക്കടുത്ത് പാറക്കടവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ പറയുന്നു. 

'ഒറ്റപ്പെട്ടുപോയ ഉള്‍പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനായിരുന്നു മുന്‍ഗണന. കുറുമശ്ശേരി, മൂഴിക്കുളം, പാറക്കടവ്, പൂവത്തുശ്ശേരി, കുത്തിയതോട്, പൊയ്ക്കാട്ടുശ്ശേരി  പ്രദേശങ്ങളിലായിരുന്നു  രക്ഷാപ്രവര്‍ത്തനം.'  പയ്യോളി, കണ്ണന്‍കടവ്, വെള്ളയില്‍, കൊല്ലം  ഗ്രാമങ്ങളില്‍നിന്ന് ആഗസ്റ്റ് 17നാണ് നാല് ഫൈബര്‍ ബോട്ടുകളുമായി 26 മത്സ്യത്തൊഴിലാളികള്‍ എത്തി  സേവാഭാരതിയുടെയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശമനുസരിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഗര്‍ഭിണികളെയും രോഗികളെയും പിഞ്ചുകുഞ്ഞുങ്ങളെയുമടക്കം നൂറുകണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളില്‍  എത്തിച്ചത്. നേവി ഹെലികോപ്റ്ററുകള്‍ എത്തിക്കുന്ന ഭക്ഷണസാമഗ്രികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിലും പ്രവര്‍ത്തിച്ചു. എന്‍ഡിആര്‍എഫ് സേനാംഗങ്ങളുമായി ചില സ്ഥലങ്ങളില്‍ ഒരുമിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ഒഴുക്കില്‍പ്പെട്ട് മരണത്തിലേക്ക് പോയെന്ന് കരുതിയ യുവാവിനെ ജീവന്‍ പണയംവെച്ചാണ് ദേവീകടാക്ഷം എന്ന തോണിയിലുള്ളവര്‍ രക്ഷിച്ചത്.

ബോട്ടിനാവശ്യമായ മണ്ണെണ്ണ ശേഖരിക്കാന്‍ പോലും സംവിധാനമുണ്ടായില്ല. കയ്യിലുള്ള മണ്ണെണ്ണ തീര്‍ന്നു പോവുമോ എന്ന ഭയവുമുണ്ടായിരുന്നു.

പയ്യോളിയില്‍ നിന്നുള്ള പ്രജോഷ് വളപ്പില്‍, എസ്.കെ. അഭിലാഷ്, കെ.കെ. ധനഞ്ജയന്‍, സി.പി. ഷൈജു, എസ്.കെ. ഷൈജു, കെ. സുധീഷ്, കണ്ണങ്കടവ് രാമനാമം വള്ളത്തിലെ പി.പി. വിനായകന്‍, സി.പി. രമേശന്‍, പി.പി. മണി, പി.കെ. സുഗുണന്‍, വെള്ളയിലെ ദേവീകടാക്ഷം വള്ളത്തിലെ പി.കെ. സുബോധ്, എന്‍.പി. രാധാകൃഷ്ണന്‍, പി. ഷാഹുല്‍ദാസ്, എന്‍.പി. മോഹന്‍ദാസ്, എന്‍.പി. അഭിലാഷ്, കൊല്ലം ബീച്ചിലെ ഭാഗ്യമാലാ വള്ളത്തിലെ പി.കെ. വിമിത്ത്, കെ.വി. യോഗേഷ്, കെ.വി. വേലായുധന്‍, ടി.സി. രാജു, പി.കെ. ഉദയേഷ്, കെ.വി. ബിജു, എ.വി. ഷാജി, പി.കെ. ലൈജു, വി.എം. അനീഷ്, വി.എം. പ്രശാന്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.