റയലിന് ജയത്തുടക്കം

Tuesday 21 August 2018 1:31 am IST

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ടുപോയശേഷം നടന്ന ആദ്യ ലീഗ് മത്സരത്തില്‍ റയല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗെറ്റാഫെയെ തകര്‍ത്തു. ഇരുപകുതികളിലുമായി കാര്‍വാജലും ഗരെത് ബെയ്‌ലുമാണ് റയലിനായി ഗോളടിച്ചത്.

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും റയല്‍ ഏറെ മുന്നിലായിരുന്നു. കളിയുടെ 20-ാം മിനിറ്റിലാണ് റയല്‍ ആദ്യ ഗോള്‍ നേടിയത്. പോസ്റ്റിലേക്ക് വന്ന ക്രോസ്സ് തട്ടിയകറ്റുന്നതില്‍ ഗോള്‍കീപ്പര്‍ പരാജയപ്പെട്ടപ്പോള്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് കാര്‍വാജാള്‍ ഹെഡ് ചെയ്യുകയായിരുന്നു. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ റയല്‍നിരയ്ക്ക് കഴിഞ്ഞില്ല. 

പിന്നീട് 51-ാം മിനിറ്റിലാണ് റയല്‍ ലീഡ് ഉയര്‍ത്തിയത്. അസെന്‍സിയോയുടെ മികച്ച മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് ബെയ്ല്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ നാല് സീസണിലും റയല്‍ മാഡ്രിഡിന് വേണ്ടി സീസണിലെ ആദ്യ ലാ ലിഗ മത്സരത്തില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും ബെയ്‌ലിന് സ്വന്തമായി.

മറ്റൊരു മത്സരത്തില്‍ സെവിയ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയോ വയ്യക്കാനോയെ തകര്‍ത്തുവിട്ടു. ആന്‍ഡ്രെ സില്‍വയുടെ ഹാട്രിക്കാണ് സെവിയയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. 15-ാം മിനിറ്റില്‍ വാസ്‌ക്വസിലൂടെ ഗോളടി തുടങ്ങിയ സെവിയയ്ക്കായി 31, 45, 79 മിനിറ്റുകളിലാണ് സില്‍വ ലക്ഷ്യം കണ്ടത്. മറ്റൊരു കളിയില്‍ ഹ്യൂസ്‌ക ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐബറിനെയും തോല്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.