മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ 'ദുരന്തനിവാരണ സേന'

Tuesday 21 August 2018 2:19 am IST

കോഴിക്കോട്: ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള പരിശീലനമായിരുന്നില്ല മറിച്ച്, കടലില്‍ ജീവന്‍പണയം വെച്ച് ജോലിചെയ്യുന്നതിന്റെ പ്രാവീണ്യവും സഹജീവികളോടുള്ള കാരുണ്യവുമാണ് അവര്‍ക്ക് ദുരന്തമേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള കരുത്തായി മാറിയത്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ മേഖലയില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് കേരളത്തിന്റെ കടലോര ഗ്രാമങ്ങളില്‍ നിന്നെത്തിയ മത്സ്യപ്രവര്‍ത്തകസംഘം പ്രവര്‍ത്തകര്‍.

പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഇന്നലെ ദുരിതമേഖലകളില്‍ സജീവം. ആലുവ, ചാലക്കുടി, കടുങ്ങല്ലൂര്‍, പാണ്ടനാട്, വെണ്‍മണി, ബുധനൂര്‍, കുമരകം എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരെയാണ് ബോട്ടുകളിലും ചെറുതോണികളിലുമായി എത്തിയ പ്രവര്‍ത്തകര്‍ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചത്. വെണ്‍മണി, ബുധനൂര്‍, പാണ്ടനാട് എന്നിവിടങ്ങളില്‍ ഇരുപത് ചെറിയ ബോട്ടുകളും, രണ്ട് വലിയ ബോട്ടുകളും, ഒരു സ്പീഡ് ബോട്ടുമാണ് പ്രവര്‍ത്തിച്ചത്. ആറാട്ടുപുഴയില്‍ നിന്നെത്തിയ അറുപതോളം പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയത്.  

കുമരകം, പാറമ്പുഴ, കുട്ടനാട് മേഖലകളിലും ഇന്നലെ ദുരിതാശ്വാസ പ്രവര്‍ത്തനം സജീവമായിരുന്നു. 20 യമഹ എഞ്ചിന്‍ ഘടിപ്പിച്ച ചെറിയ ബോട്ടുകളില്‍ അറുനൂറോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചത്. മൂവാറ്റുപുഴ, കോതമംഗലം, കടുങ്ങല്ലൂര്‍, ആലുവ എന്നിവിടങ്ങളില്‍ പത്ത് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മുനമ്പം, വാടാനപ്പള്ളി എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് ഇതിന് നേതൃത്വം നല്‍കിയത്. എറണാകുളത്ത് മൂഴിക്കല്‍, കുറിമശ്ശേരി എന്നിവിടങ്ങളിലും  ബോട്ട്, തോണി എന്നിവ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പയ്യോളി, കൊയിലാണ്ടി, വെള്ളയില്‍, മാറാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ മത്സ്യപ്രവര്‍ത്തകസംഘം പ്രവര്‍ത്തകരാണ് ഇതിന് നേതൃത്വം നല്‍കിയത്.  

കൊല്ലങ്കോട് മേഖലയില്‍ 48 ക്യാമ്പുകളാണ് നടക്കുന്നത്. 767 കുടുംബങ്ങളില്‍ നിന്നായി 3133പേര്‍ സേവാഭാരതിയുടെ വിവിധ ക്യാമ്പുകളിലായി കഴിയുന്നു. 580 പ്രവര്‍ത്തകര്‍ ഇന്നലെ വിവിധ ക്യാമ്പുകളില്‍ സേവനനിരതരായി. വയനാട് ജില്ലയില്‍ 128 കേന്ദ്രങ്ങളിലാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കുന്നത്. 23 ടണ്‍ അരി, 4600 ക്വിന്റല്‍  പച്ചക്കറി എന്നിവ വിവിധ കേന്ദ്രങ്ങളിലായി ഉപയോഗിച്ചു. 4,50,000 രൂപയുടെ വസ്ത്രവും വിവിധ ക്യാമ്പുകളിലായി വിതരണം ചെയ്തു. 

ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ള സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നതിനും പാക്ക്‌ചെയ്യുന്നതിനുമായി കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലായി ഇന്നലെ പുതിയ രണ്ട് ഗോഡൗണുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം 10 ടണ്‍ അരി വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി അയച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.