നന്മയുടെ തുരുത്തുകള്‍ ഏറെ...

Tuesday 21 August 2018 2:38 am IST
പ്രളയക്കെടുതികളില്ലെങ്കിലും പ്രളയജലത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരുടെ വേദനമ നസ്സിലാക്കി ഇവിടെ നാടൊരുമിച്ചു. കോട്ടയം നഗരത്തിന്റെ കിഴക്കന്‍ മേഖലകള്‍ ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണമൊരുക്കി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ പ്രളയ മേഖലകളിലേക്കും പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയവരെ പുനരധിവസിപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഇവിടെ നിന്നാണ് ഭക്ഷണമെത്തിച്ചത്.

കോട്ടയം: കേരളം വിറങ്ങലിച്ചു നിന്നപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഇന്നോളം കാണാത്ത ദൗത്യത്തിന്റെ ദൃശ്യങ്ങളാണ് കണ്ടത്. പുറത്തറിഞ്ഞതിനേക്കാള്‍ എത്രയോ വിലപ്പെട്ട മനുഷ്യത്വ മുഖങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കോട്ടയം താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളായ പാമ്പാടിയും കൂരോപ്പടയും പള്ളിക്കത്തോടും മീനച്ചില്‍ താലൂക്കിന്റെ കിഴക്ക് പടിഞ്ഞാറന്‍ ഗ്രാമങ്ങളും കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പ്രദേശങ്ങളും ചങ്ങനാശ്ശേരി, കറുകച്ചാല്‍ എന്നിവിടങ്ങളും കഴിഞ്ഞ ദിവസങ്ങലില്‍ നന്മയുടെ തുരുത്തുകളായി മാറി. 

പ്രളയക്കെടുതികളില്ലെങ്കിലും പ്രളയജലത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരുടെ വേദനമ നസ്സിലാക്കി ഇവിടെ നാടൊരുമിച്ചു. കോട്ടയം നഗരത്തിന്റെ കിഴക്കന്‍ മേഖലകള്‍ ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണമൊരുക്കി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ പ്രളയ മേഖലകളിലേക്കും പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയവരെ പുനരധിവസിപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഇവിടെ നിന്നാണ് ഭക്ഷണമെത്തിച്ചത്. 

സേവാഭാരതിയുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വമൊരുക്കുകയാണ് കോട്ടയം.  തിരുനക്കര ക്ഷേത്ര മൈതാനത്ത് കണ്‍ട്രോള്‍ റൂം ആരംഭിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം അടക്കമുള്ള സംവിധാനങ്ങള്‍ സേവാഭാരതിയുമായി ബന്ധപ്പെട്ടാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നത്. ചങ്ങനാശ്ശേരിയിലും പ്രത്യേക കണ്‍ട്രോള്‍ റൂം സേവാഭാരതി ആരംഭിച്ചിട്ടുണ്ട്. ശനിയും ഞായറുമായി രണ്ടര ലക്ഷം പേര്‍ക്കാണ് ജില്ലയില്‍ ഭക്ഷണമെത്തിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളേക്കാള്‍ ഏറെ മികച്ച രീതിയില്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കുന്നതായി ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് ആര്‍. രാജേഷ് പറഞ്ഞു. 

സംസ്ഥാനത്ത് ഏറ്റവുമാദ്യം രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടി വന്നത് കോട്ടയത്താണ്. ജൂണ്‍ പകുതിയോടെ മീനച്ചിലാര്‍ കരകവിഞ്ഞ് പാലായും അതോടൊപ്പം കുമരകം അടക്കമുള്ള ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളും വെള്ളത്തിനടിയിലായി. 21 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കേണ്ടിവന്നു. ആയിരത്തോളം പേരെ വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍നിന്ന് രക്ഷിച്ചു. വെള്ളമിറങ്ങിയ ശേഷം പതിനായിരത്തോളം വീടുകള്‍ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കി നല്‍കി. പന്ത്രണ്ട് മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും മുമ്പേയാണ് വീണ്ടും പ്രളയമെത്തിയത്. ആഗസ്റ്റ് 14 മുതല്‍ ഒരാഴ്ചയായി സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി കോട്ടയത്ത് നടത്തുന്നത്. വെള്ളത്തില്‍ മുങ്ങിയ രണ്ടായിരം പേരെയാണ് അമ്പതോളം വള്ളങ്ങളിലായി ചുരുങ്ങിയ സമയം കൊണ്ട് രക്ഷിക്കാന്‍ വന്നത്. 35 ദുരിതാശ്വാസ ക്യാമ്പുകളും സേവാഭാരതി കോട്ടയം ജില്ലയില്‍ നടത്തുന്നു. ഏകദേശം അയ്യായിരത്തോളം പ്രവര്‍ത്തകര്‍ ജില്ലയില്‍ പ്രവര്‍ത്തന രംഗത്തുണ്ട്. 

പൊന്‍കുന്നം കെ.വി എല്‍പി സ്‌കൂളിലെ സേവാകേന്ദ്രത്തില്‍ പ്രതിദിനം പതിനായിരത്തിലേറെ പേര്‍ക്കാണ് ് ഭക്ഷണം തയ്യാറാക്കുന്നത്. തമ്പലക്കാട്, ചിറക്കടവ്, മറ്റു കിഴക്കന്‍ മേഖലകള്‍, പനമറ്റം എന്നിവിടങ്ങളില്‍ നിന്നായും ഭക്ഷണപ്പൊതികളെത്തുന്നുണ്ട്. 

പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ സേവാ കേന്ദ്രത്തില്‍ പതിനായിരം പേര്‍ക്കാണ് പ്രതിദിനം ഭക്ഷണമൊരുക്കുന്നത്. കൂരോപ്പട പഞ്ചായത്തിലെ കൂരോപ്പട എല്‍പി സ്‌കൂള്‍, ളാക്കാട്ടൂര്‍, കോത്തല ദേവീക്ഷേത്രം, മാടപ്പാട്, പങ്ങട എന്നിവിടങ്ങളില്‍ നിന്നായി പ്രതിദിനം പതിനയ്യായിരത്തോളം ഭക്ഷണപ്പൊതികള്‍ കോട്ടയത്തെ സേവാകേന്ദ്രത്തിലേക്കെത്തുന്നു. പാമ്പാടി, മീനടം, മണര്‍കാട്, മറ്റക്കര എന്നിവിടങ്ങളും വന്‍തോതില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. കറുകച്ചാല്‍, ചങ്ങനാശ്ശേരി മേഖലകളിലും നൂറോളം കേന്ദ്രങ്ങള്‍ ഭക്ഷണം തയ്യാറാക്കുന്നു. ദുരിത ബാധിതര്‍ക്കായി എത്ര ദിവസം വേണമെങ്കിലും ഭക്ഷണമെത്തിക്കാന്‍ തയാറാണെന്ന്  സേവാ പ്രവര്‍ത്തകര്‍ പറയുന്നു. 

പുതുപ്പള്ളി ശ്രീശങ്കര സ്‌കൂളിലും സേവാഭാരതി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ക്യാമ്പില്‍ ഡോ. രാമാനുജന്‍ നായര്‍ ഡോ. അനിത എന്നിവര്‍ മെഡിക്കല്‍ ബോധവല്‍ക്കരണ ക്ലാസും മരുന്നുവിതരണവും നടത്തുന്നുണ്ട്.  സേവാഭാരതിയും ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റും നടത്തി വരുന്ന ക്യാമ്പില്‍ എല്ലാ സൗകര്യങ്ങളമുണ്ട്. ചങ്ങനാശ്ശേരി,കോട്ടയം, തിരുവല്ല ഭാഗത്തേക്കും ക്യാമ്പില്‍ നിന്നും ഭക്ഷണവും വസ്ത്രവും എത്തിക്കുന്നുണ്ട്. സേവാഭാരതിയുടെ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ഇവിടെ പ്രവര്‍ത്തിക്കുന്നു.'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.