കേരളത്തിന് 21,300 കിലോ ലിറ്റര്‍ മണ്ണെണ്ണയും 50,000 മെട്രിക് ടണ്‍ ധാന്യങ്ങളും

Tuesday 21 August 2018 2:42 am IST
തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും കൊല്‍ക്കത്തയിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗജന്യമായി വ്യോമമാര്‍ഗം എത്തിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും റെയില്‍വെ സൗജന്യമായി നല്‍കും.

ന്യൂദല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് അധികമായി 21,300 കിലോ ലിറ്റര്‍ മണ്ണെണ്ണയും അമ്പതിനായിരം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അടിയന്തരമായി നൂറു മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇന്നലെ വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു. 22 ലക്ഷം ലിറ്റര്‍ കുടിവെള്ളവും ഇന്നലെ സംസ്ഥാനത്തെത്തിച്ചിട്ടുണ്ട്. അടിയന്തരമായി ആവശ്യമായ മരുന്നുകളും കേന്ദ്രം ഇന്നലെ എത്തിച്ചിട്ടുണ്ട്. 60 ടണ്‍ മരുന്നുകളാണ് എത്തിയത്. 

തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും കൊല്‍ക്കത്തയിലേക്ക് രണ്ട് പ്രത്യേക ട്രെയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗജന്യമായി വ്യോമമാര്‍ഗം എത്തിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും റെയില്‍വെ സൗജന്യമായി നല്‍കും. 

പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര, പ്രതിരോധ, വ്യോമയാന, ആരോഗ്യ, ഭക്ഷ്യ വകുപ്പ് സെക്രട്ടറിമാരും മൂന്നു സൈനിക വിഭാഗങ്ങളുടെ ഉന്നതോദ്യോഗസ്ഥരും മറ്റു സേനകളുടെ ഉദ്യോഗസ്ഥരും ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി യോഗത്തില്‍ പങ്കെടുത്തു. എല്ലാ ദിവസവും യോഗം ചേര്‍ന്ന് കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴി കേരളാ ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.