ജീവിതം വെല്ലുവിളി

Tuesday 21 August 2018 2:57 am IST
ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന അനവധി പേര്‍ വീടുകളിലേക്ക് മടങ്ങാനുള്ള ശ്രമം തുടങ്ങി. വീടുകളിലേക്ക് മടങ്ങുന്ന ജനലക്ഷങ്ങളെ കാത്തിരിക്കുന്നത് ദുരിതകാലം തന്നെ. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടില്ലാതായവര്‍, വീടുകള്‍ തകര്‍ന്നവര്‍, വീടുകള്‍ ഏതുസമയത്തും നിലംപൊത്താമെന്ന അവസ്ഥയിലുള്ളവര്‍. ഇവര്‍ക്ക് പുതിയ വീടുകള്‍ നല്‍കുക, തകര്‍ന്നവ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

കൊച്ചി: മുന്നൂറോളം ജീവനുകളെടുത്ത പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ഉൗര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇതോടെ സര്‍ക്കാരിന്റെയും സേവാഭാരതിയടക്കമുള്ള സന്നദ്ധ സംഘടനകളുടെയും ശ്രദ്ധ ഇനി  അയ്യായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പത്തു ലക്ഷത്തോളം പേരുടെ പുനരധിവാസത്തിലേക്ക്.  ഇതാണ് അടുത്ത വലിയ വെല്ലുവിളി. 

 ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന അനവധി പേര്‍ വീടുകളിലേക്ക് മടങ്ങാനുള്ള ശ്രമം തുടങ്ങി. വീടുകളിലേക്ക് മടങ്ങുന്ന ജനലക്ഷങ്ങളെ കാത്തിരിക്കുന്നത് ദുരിതകാലം തന്നെ.  ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടില്ലാതായവര്‍, വീടുകള്‍ തകര്‍ന്നവര്‍,  വീടുകള്‍ ഏതുസമയത്തും നിലംപൊത്താമെന്ന അവസ്ഥയിലുള്ളവര്‍. ഇവര്‍ക്ക് പുതിയ വീടുകള്‍ നല്‍കുക, തകര്‍ന്നവ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇതിന് വളരെയേറെ സമയം എടുക്കും.  ക്യാമ്പില്‍ നിന്ന് മടങ്ങിപ്പോകാന്‍ ഒരു കൂരയില്ലാത്തവരെ അതുവരെ എവിടെ പാര്‍പ്പിക്കുമെന്നതും ഒരു വിഷയമാണ്.

പ്രളയത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും ലക്ഷങ്ങളാണ്. ഇവര്‍ക്ക് വരുമാനം ലഭ്യമാക്കുകയാണ്  മറ്റൊന്ന്.  ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവയൊക്കെ  ഇപ്പോള്‍ സഹായങ്ങളായി ഒഴുകിയെത്തുന്നുണ്ട്. അവ ക്യാമ്പില്‍ വിതരണം ചെയ്യുന്നുമുണ്ട്. പക്ഷെ ക്യാമ്പുകള്‍ അധികകാലം തുടരാനാവില്ല. അവ നിര്‍ത്തേണ്ടിവരുന്നതോടെ ഇവരുടെ താമസം, വരുമാനം, തൊഴില്‍, ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവയെല്ലാം ഗുരുതരമായ പ്രശ്‌നങ്ങളാകും. 

കൃഷിയടക്കം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ ക്ഷാമത്തിനുള്ള സാധ്യതയുമുണ്ട്. ഇത് തരണം ചെയ്യുകയും അത്ര എളുപ്പമല്ല.  സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ ജനതയാണ് ഇപ്പോള്‍ കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും. പ്രളയം താണ്ടിയെത്തിയ ഇവര്‍ക്ക് ഭീഷണിയാകുന്നത് ചികില്‍സയാണ്. അതിനുള്ള ചെലവ് താങ്ങാന്‍ ഇന്നത്തെ അവസ്ഥയില്‍ മിക്കവര്‍ക്കും സാധ്യമല്ല.

വീടുകളിലേക്ക് മടങ്ങുകയും നിസാരമല്ല. ചെളിയടിഞ്ഞ് വൃത്തികേടായ വീടുകള്‍ കഴുകിയിറക്കണം. കിണറുകള്‍ മാലിന്യ മുക്തമാക്കണം. പുതിയ വസ്ത്രങ്ങള്‍ വാങ്ങണം. അലമാരകളില്‍ വച്ചിരുന്നവ വരെ ചെളികയറി ഉപയോഗശൂന്യമായിട്ടുണ്ട്. പാത്രങ്ങള്‍, ഗ്യാസടുപ്പുകള്‍,  നിത്യോപയോഗ സാധനങ്ങള്‍, അരിയടക്കമുളള പലവ്യഞ്ജനങ്ങള്‍ തുടങ്ങി ഉപ്പുതൊട്ട് കര്‍പ്പൂരം വരെ വാങ്ങണം.  ഇതാണ് വീടുകളിലേക്ക് മടങ്ങുന്നവര്‍ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.