'കേരളബാങ്ക്' നടക്കില്ല; കാരണം തയാറെടുപ്പില്ലാത്തത്

Tuesday 21 August 2018 1:53 pm IST

കൊച്ചി: കേരള ബാങ്ക് നടക്കില്ല. റിസര്‍വ് ബാങ്ക് സംസ്ഥാന സഹകരണബാങ്കില്‍ ജില്ലാബാങ്കുകളെ ലയിപ്പിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല. നബാര്‍ഡിന്റെ അഭിപ്രായം ചോദിച്ച റിസര്‍വ് ബാങ്കിന് സംസ്ഥാന സര്‍ക്കാര്‍ കൃത്യവും വ്യക്തവുമായ മറുപടി നല്‍കിയിട്ടില്ല.

സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ കൊണ്ട് രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മിന്റെ ഗൂഢപദ്ധതികളാണ്പുറത്തുവരുന്നത്. ചിങ്ങം ഒന്നിന് കേരള ബാങ്ക് എന്ന് പ്രചരിപ്പിച്ചിരുന്ന സര്‍ക്കാരും പാര്‍ട്ടിയും അങ്ങനെയൊരു പേരുപോലും റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചിരുന്നില്ലെന്നാണ് വ്യകമാകുന്നത്. വിവരാവകാശനിയമ പ്രകാരം, റിസര്‍വ് ബാങ്കിന്റെ സഹകരണബാങ്ക് റഗുലേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാര്‍വതി.വി. സുന്ദരം നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍.

റിസര്‍വ് ബാങ്കിന് 2017 സപ്തംബര്‍ 19നാണ് അപേക്ഷ നല്‍കിയത്. ബാങ്ക്‌ലയനത്തിനാണ് അനുമതി ചോദിച്ചത്. സഹകരണബാങ്കുകളുടെ കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ട നബാര്‍ഡിനോട് റിസര്‍വ് ബാങ്ക് അഭിപ്രായം ചോദിച്ചു. നബാര്‍ഡ് സംസ്ഥാന സര്‍ക്കാരിന് ചില വ്യവസ്ഥകള്‍ വെച്ചു. അതില്‍ സംസ്ഥാനം ഒരു വര്‍ഷമായിട്ടും കൃത്യമായ നിലപാടു പറഞ്ഞിട്ടില്ല. അതേസമയം 2018 ആഗസ്ത് 17 ന്, ചിങ്ങം ഒന്നുമുതല്‍ കേരളത്തിന് സ്വന്തം ബാങ്കെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

കേരളബാങ്കിന്റെ പേരില്‍ സഹകരണബാങ്കുകള്‍ പലതും പൂട്ടാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഒരു ജില്ലയില്‍ 20 ബാങ്കുശാഖകളേ പാടുള്ളുവെന്നാണ് ചട്ടം. സംസ്ഥാനത്തെമ്പാടുമായി അഞ്ഞൂറോളം ശാഖകള്‍ പൂട്ടേണ്ടിവരും. നബാര്‍ഡിന്റെ വ്യവസ്ഥകള്‍ പ്രകാരംകേരള ബാങ്ക് നടപ്പില്ലെന്ന് അറിയാമായിട്ടും ജില്ലാബാങ്കുകളുടെ കോടിക്കണക്കിന് രൂപ ചെലവിട്ട് പരിശീലനവും നവീകരണവും ഉള്‍പ്പെടെ പരിപാടികളുമായി സഹകരണവകുപ്പ് മുന്നോട്ടു പോവുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.