ദുരിതാശ്വാസ നിധിയിലേക്ക് ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

Tuesday 21 August 2018 4:35 pm IST

 

പയ്യന്നൂര്‍: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായിസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയായ സ്വാഹയാണ് അന്‍പത് ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ സ്ഥലം സംഭാവന ചെയ്തത്. കോറോം ശ്രീനാരായണ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ സ്ഥലമാണ് വിദ്യാത്ഥിനി സംഭാവന ചെയ്തത്. കൃഷിക്കാരനായ അച്ഛന്‍ തനിക്കും അനുജന്‍ ബ്രഹ്മയ്ക്കും വേണ്ടി കരുതിവെച്ച സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാഗ്രഹിക്കുന്നുവെന്ന് സ്വാഹ സ്‌ക്കൂള്‍ അധികൃതരെയാണ് അറിയിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച അമ്പതിനായിരത്തോളം നോട്ടുബുക്കുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന ചടങ്ങില്‍ വെച്ചാണ് സ്വാഹ തന്റെ ആഗ്രഹം എഴുതിയ കത്ത് പ്രധാനാധ്യാപകന് കൈമാറിയത്. 

അച്ഛന്‍ ശിവശങ്കരനും സ്‌ക്കൂള്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് അനുവാദം നല്‍കിയിട്ടുണ്ട്. പയ്യന്നൂര്‍ മാവിച്ചേരി സ്വദേശിയായ സ്വാഹ നാട്ടിലെ അറിയപ്പെടുന്ന ചെസ്സ് താരമാണ്. നിരവധി തവണ ദേശീയ ചെസ്സ് മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.