ഇരിട്ടി പാലം നിര്‍മ്മാണം ആശങ്കയൊഴിയുന്നു: ഒരു ഭാഗത്തെ പൈലിങ് പൂര്‍ത്തിയായി

Tuesday 21 August 2018 4:37 pm IST

 

ഇരിട്ടി: ഇരിട്ടി പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമം സൃഷ്ടിച്ചുകൊണ്ട് പുതിയ പാലത്തിന്റെ ഒരു ഭാഗത്തെ പൈലിംഗ് പൂര്‍ത്തിയായി. പുഴയില്‍ നിര്‍മ്മിക്കുന്ന തൂണിന്റെ ഇരിട്ടി ടൗണ്‍ ഭാഗത്തെ പൈലിംഗാണ് പൂര്‍ത്തിയായത് . 

 കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തിന് മുന്‍പ് ആരംഭിച്ച പൈലിംഗ് പ്രവര്‍ത്തികള്‍ കാലവര്‍ഷത്തോടൊപ്പമുണ്ടായ ഉരുള്‍പൊട്ടലിലും പുഴയിലെ മലവെള്ളപ്പാച്ചലിലും ഒലിച്ചുപോയത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ നിര്‍ത്തിവെച്ച നിര്‍മ്മാണപ്രവര്‍ത്തികള്‍ നാലോളം പ്രശസ്തരായ പാലം നിര്‍ണമാണ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം പുനരാരംഭിക്കുകയായിരുന്നു. എന്നാല്‍ മുമ്പത്തെപോലെതന്നെ ഇരു ഭാഗത്തും പുഴയില്‍ മണ്ണിട്ട് നിരത്തി തുടങ്ങിയ പ്രവര്‍ത്തികള്‍ ഇത്തവണ നിരവധിതവണ മലയോരത്തുണ്ടായ ഉരുള്‍പൊട്ടലും കുത്തൊഴുക്കും മൂലം മണ്ണ് മുഴുവന്‍ ഒലിച്ചുപോകുന്ന അവസ്ഥയുണ്ടായി. പായം ഭാഗത്തെ പ്രവര്‍ത്തി ഇതോടെ നിര്‍ത്തിവെച്ചു. അതേസമയം പായം ഭാഗത്ത് നിര്‍മ്മിച്ച ഒരു പൈലിംഗും ഇരിട്ടി ടൗണ്‍ഭാഗത്ത് പൂര്‍ത്തിയായ ആറ് പൈലിംഗുകളും പുഴയില്‍ നിരന്തരമായി ഉണ്ടായ വെള്ളപ്പൊക്കത്തെയും കുത്തൊഴുക്കിനെയും അതിജീവിച്ച് നിലനിന്നു. 

 ഒരാഴ്ചയോളം പൈലിങ്ങിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകിയിട്ടും ഇതിനെയെല്ലാം അതിജീവിച്ച് പൈലിങ് പ്രവര്‍ത്തികള്‍ നിലനിന്നത് കെഎസ്ടിപിക്കും കരാറുകാരിലും ഏറെ ആശ്വാസവും ആത്മവിശ്വാസവും ഉണര്‍ത്തിയിരിക്കയാണ്. ഈ പൈലിംഗുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പൈലിംഗ് ക്യാപ്പ് നിര്‍മ്മാണമാണ് അടുത്തഘട്ടം. ഇതിന്റെ കോണ്‍ക്രീറ്റ് പണി കഴിഞ്ഞാല്‍ ഒരു ഭാഗത്തെ പൈലിങ് നിര്‍മ്മാണം പൂര്‍ത്തിയാവും. തുടര്‍ന്ന് പായം ഭാഗത്തുള്ള പൈലിങ്ങിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കും. മഴ പൂര്‍ണ്ണമായും നിലക്കുന്നതോടെ മാത്രമേ ഈ പ്രവര്‍ത്തി ആരംഭിക്കുകയുള്ളൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.