സൈന്യം മടങ്ങുന്നു; മൂന്നുമാസത്തിനകം കേരളത്തില്‍ രക്ഷാകേന്ദ്രം

Tuesday 21 August 2018 5:46 pm IST

കൊച്ചി: ഉരുള്‍പൊട്ടലുകളും പ്രളയവും വന്‍നാശം വിതച്ച കേരളത്തില്‍ മൂന്നു മാസത്തിനകം സര്‍വ സന്നാഹങ്ങളുമുള്ള രക്ഷാപ്രവര്‍ത്തന കേന്ദ്രം ആരംഭിക്കുമെന്ന്  ദക്ഷിണ സൈനിക കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ ഡി.ആര്‍. സോണി പറഞ്ഞു.

കേരളം തീരപ്രേദശമാണ്. ഒരു വശത്ത് മലയും നദിയും മറുവശത്ത് കടലും. ഈ സാഹചര്യത്തില്‍ ഇത്തരം ദുരന്തങ്ങള്‍ ഏതുസമയത്തും സംഭവിക്കാം. സംഭവിക്കാതിരിക്കട്ടെ. എന്നാല്‍ അടുത്തവര്‍ഷവും ഉണ്ടാകാമെന്ന കരുതല്‍ വേണം. അടുത്ത മഴക്കാലത്തിന് മുമ്പ്, രണ്ടു മൂന്നു മാസത്തിനുള്ളില്‍ സര്‍വ സന്നാഹങ്ങളുമുള്ള രക്ഷാ സംവിധാനം ഈ പ്രദേശത്ത് സജ്ജമാക്കും. 

ഈ തവണ 27 ലൈഫ് ബോട്ടുകള്‍ ജോധ്പൂരില്‍നിന്നാണ് കൊണ്ടുവന്നത്. 15 എണ്ണം ഭോപ്പാലില്‍നിന്ന്. 17 സാറ്റലൈറ്റ് ഫോണ്‍ ഉള്‍പ്പെടെ വാര്‍ത്താവിനിമയ സംവിധാനവും കുറേ ജാക്കറ്റുകളും പുനെയില്‍നിന്ന് കൊണ്ടുവന്നു. ഇതെല്ലാം എപ്പോഴും സജ്ജമായിരിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്, ജന. ഡി.ആര്‍. സോണി പറഞ്ഞു.  

രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞു. പുനര്‍നിര്‍മാണം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്.  സൈന്യത്തിന്റെ ഉത്തരവാദിത്തം യുദ്ധത്തിലായാലും സമാധാനത്തിലായാലും സ്വന്തം പൗരന്മാെര രക്ഷിക്കുകയാണ്. ആ സമയത്ത് പാലം പോലും നിര്‍മിക്കും. പക്ഷേ, അടിസ്ഥാന സൗകര്യ നിര്‍മാണത്തില്‍ സൈന്യത്തിനു പങ്കില്ല. 

എഞ്ചിനീയറിങ്, മെഡിക്കല്‍, സിഗ്‌നല്‍, ഇന്‍ഫന്ററി വിഭാഗത്തില്‍പ്പെട്ട  1500 പേര്‍ ഇവിടെയുണ്ടായിരുന്നു. ഈ പ്രവര്‍ത്തനം വലുത്, മറ്റൊന്ന് ചെറുത് എന്ന് താരതമ്യം ആവില്ല. എല്ലാ ദുരന്തങ്ങളും മോശമാണ്. ഒരാളുടെ ജീവന്‍ പോലും നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനമാണ് സൈന്യം ചെയ്യുന്നത്. എത്രപേരെ രക്ഷപ്പെടുത്തിയെന്നെല്ലാമുള്ള കൃത്യമായ കണക്കുകള്‍ തയാറാകുകയാണ്. അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.