പത്തനംതിട്ടയില്‍ 68 കോടിയുടെ കൃഷിനാശം

Wednesday 22 August 2018 3:21 am IST

പത്തനംതിട്ട: നദികളുടെ കലിതുള്ളിപ്പാച്ചിലില്‍ പത്തനംതിട്ട ജില്ലയില്‍ പിഴുതെറിയപ്പെട്ടത് അറുപതിനായിരത്തിലേറെ കര്‍ഷകരുടെ സ്വപ്‌നങ്ങളും സമ്പാദ്യവും. ഇന്നലെ വരെ ജില്ലയില്‍ അറുപത്തെട്ട് കോടി നാല് ലക്ഷത്തി എഴുപത്തിയേഴായിരത്തി അഞ്ഞൂറുരൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്. ഇപ്പോഴും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷിനാശത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്നതേയുള്ളൂ. ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാനാകാത്ത ഇടങ്ങളിലെ കൃഷിനഷ്ടത്തിന്റെ വിവരങ്ങള്‍കൂടി ലഭ്യമാകുമ്പോഴേ നഷ്ടം പൂര്‍ണമായും വ്യക്തമാകൂ. 

 ഓണവിപണി ലക്ഷ്യമിട്ട്  വളര്‍ത്തിയ ആയിരക്കണക്കിന് ഏത്തവാഴയാണ് പ്രളയജലം മൂടോടെ തകര്‍ത്തത്. വിളവെടുക്കാന്‍ പാകമായി നിന്നതടക്കം 560 ഹെക്ടര്‍ സ്ഥലത്തെ ഏത്തവാഴകൃഷി നശിച്ചു. ഇതിനുപുറമെ 280 ഹെക്ടറിലെ ഏത്തവാഴത്തൈകളും നഷ്ടമായി.

ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങി565 ഹെക്ടര്‍ സ്ഥലത്തെ കിഴങ്ങുവര്‍ഗ കൃഷിയും വെള്ളംകയറി നശിച്ചു. എണ്ണായിരം ഹെക്ടറിലെ  മരച്ചീനിയും 800 ഹെക്ടറിലെ പച്ചക്കറികളും നഷ്ടമായി. കൂടാതെ ഹെക്ടര്‍ കണക്കിന് കുരുമുളക്, കൈതച്ചക്ക, കരിമ്പ് കൃഷികളും നശിച്ചതായാണ് കണക്കുകള്‍.

നെല്‍ക്കൃഷിയുടെ സമയമല്ലാത്തതിനാല്‍ ആ മേഖലയില്‍ വന്‍തോതിലുള്ള കൃഷിനാശം ഉണ്ടായില്ല. അഞ്ച് ഹെക്ടര്‍ സ്ഥലത്തെ കൃഷിമാത്രമാണ് നശിച്ചതെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. 1150 കായ്ക്കുന്ന തെങ്ങുകളും 700 ഓളം കായ്ക്കാത്ത തെങ്ങുകളും പ്രളയജലത്തില്‍ നശിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.