നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ കോണ്‍ഗ്രസ്സിനെ തെറ്റിദ്ധരിപ്പിച്ചെന്ന് അനില്‍ അംബാനി

Wednesday 22 August 2018 3:42 am IST
കഴിഞ്ഞ കുറേ ദിവസങ്ങളായി രാഹുല്‍ഗാന്ധി തനിക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ തികച്ചും വേദനാജനകമാണ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും നിര്‍ഭാഗ്യകരവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ്. റഫാല്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ റിലയന്‍സോ, ഡസോള്‍ട്ട് റിലയന്‍സ് സംയുക്ത സംരംഭമോ അല്ല നിര്‍മിക്കുന്നത്. 36 റഫാല്‍ വിമാനങ്ങള്‍ 100 ശതമാനവും നിര്‍മിച്ചതും ഇറക്കുമതി ചെയ്യുന്നതും ഫ്രാന്‍സില്‍ നിന്നാണ്.

കൊച്ചി: റഫാല്‍ വിമാന ഇടപാടില്‍, നിക്ഷിപ്തതാല്‍പ്പര്യക്കാരും കോര്‍പ്പറേറ്റ് എതിരാളികളും കോണ്‍ഗ്രസ്സിന് നല്‍കിയിരിക്കുന്നത് തെറ്റായ വിവരങ്ങള്‍ ആണെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ ഡി. അംബാനി വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസ്സിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറേ ദിവസങ്ങളായി രാഹുല്‍ഗാന്ധി തനിക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ തികച്ചും വേദനാജനകമാണ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും നിര്‍ഭാഗ്യകരവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ്. റഫാല്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ റിലയന്‍സോ, ഡസോള്‍ട്ട് റിലയന്‍സ് സംയുക്ത സംരംഭമോ അല്ല നിര്‍മിക്കുന്നത്. 36 റഫാല്‍ വിമാനങ്ങള്‍ 100 ശതമാനവും നിര്‍മിച്ചതും ഇറക്കുമതി ചെയ്യുന്നതും ഫ്രാന്‍സില്‍ നിന്നാണ്.  

36 റഫാല്‍ വിമാനങ്ങളില്‍ ഒരു രൂപപോലും വിലയുള്ള ഒരു ചെറുഘടകം പോലും റിലയന്‍സ് നിര്‍മിച്ചിട്ടില്ല. 36 റഫാല്‍ വിമാന ഇടപാടില്‍ ഏതെങ്കിലും ഒരു റിലയന്‍സ് ഗ്രൂപ്പിന്, എംഒഡിയുമായി കരാര്‍ ഇല്ല. റിലയന്‍സിന് ആയിരക്കണക്കിന് കോടികള്‍ ലഭിച്ചെന്ന ആരോപണം കല്‍പ്പിത കഥയാണ്. ഇന്ത്യാ ഗവണ്‍മെന്റുമായി ഒരു കരാറും ഉണ്ടാക്കിയിട്ടുമില്ല.

കരാര്‍ പ്രകാരം ഉള്ള കയറ്റുമതി ബാധ്യത നിറവേറ്റുന്നതില്‍ തന്നെ തങ്ങളുടെ പങ്ക് വളരെ ചെറുതാണ്. 100ലേറെ ചെറുകിട, ഇടത്തരം, മൈക്രോ (എംഎസ്എംഇ) സംരംഭങ്ങള്‍ ഇതില്‍ പങ്കാളികള്‍ ആകും. പൊതുമേഖലയിലെ ബെല്‍, ഡിആര്‍ഡിഒ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ഈ പങ്കാളിത്തത്തിന് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയും. 

2005 ലെ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ച മാത്രമാണിത്. ഫ്രഞ്ച് നിര്‍മിത റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2015 ഏപ്രില്‍ 10 ന് പ്രഖ്യാപനം ഉണ്ടാകുന്നതിന് 10 ദിവസം മുമ്പു മാത്രമാണ് റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനി രൂപീകരിച്ചതെന്ന രാഹുല്‍ഗാന്ധിയുടെ ആരോപണവും അടിസ്ഥാനരഹിതമാണെന്ന് അംബാനി പറഞ്ഞു. 2014 ഡിസംബര്‍ - 2015 ജനുവരി കാലത്താണ്, പ്രതിരോധ നിര്‍മാണ രംഗത്തേയ്ക്കു കടക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് തീരുമാനിച്ചത്. 

2015 ഫെബ്രുവരിയില്‍ ഇക്കാര്യം ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.