പ്രളയത്തില്‍ രക്ഷകരായ കടലിന്റെ മക്കള്‍ക്ക് ജന്മനാടിന്റെ സ്വീകരണം

Wednesday 22 August 2018 3:58 am IST

കോഴിക്കോട്: ക്ഷോഭിച്ച കടലിനേക്കാള്‍ അപകടം നിറഞ്ഞ പ്രളയപാച്ചിലില്‍ മൂന്ന് ദിനരാത്രങ്ങള്‍...കടലിനോട് മല്ലടിച്ച കരുത്തില്‍ കടലിന്റെ മക്കള്‍ക്ക് മുന്നില്‍ പ്രളയവും മുട്ടുമടക്കി...ഒരു നാടിന്റെയാകെ പ്രാര്‍ഥനയും ഒപ്പംനിന്നതോടെ കോഴിക്കോട് നിന്നുള്ള ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘാംഗങ്ങള്‍ കൈപിടിച്ചുയര്‍ത്തിയത് നിരവധി പേരെ...കോഴിക്കോട് കാപ്പാട്, കൊയിലാണ്ടി ഗുരുകുലം ബീച്ച്, കണ്ണന്‍കടവ്, വെള്ളയില്‍, പയ്യോളി, പുതിയകടവ്, കൊല്ലം എന്നിവിടങ്ങളിലുള്ള 34 പേരാണ് സര്‍ക്കാരിന്റെ വിളിക്ക് കാത്ത് നില്‍കാതെ ദുരന്തപ്രദേശത്തേക്ക് കുതിച്ചത്. ഈ ധീര രക്ഷകര്‍ക്ക് ജന്മനാട് നല്‍കിയത് വീരോചിത വരവേല്‍പ്പ്. 

രക്ഷാപ്രവര്‍ത്തനത്തിന് പോയവരെയും കാത്ത് രാവിലെ മുതല്‍ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും അടക്കം ജനാവലി വെള്ളയില്‍ ജംഗ്ഷനില്‍ കാത്ത് നിന്നു. പത്ത് മണിയോടെ എത്തിയ അവരെ അഭിവാദ്യം അര്‍പ്പിച്ച് ജാഥയായാണ് വരവേറ്റത്. ജില്ലാ കളക്ടര്‍ യു.വി.ജോസ് ഓരോ പ്രവര്‍ത്തകരെയും സ്വീകരിച്ചു. പ്രളയത്തിന്റെ കെടുതി അനുഭവിക്കുന്നവര്‍ക്ക് ഇനിയും ഒറ്റക്കെട്ടായി കരുത്ത് പകരണമെന്ന കളക്ടറുടെ അഭ്യര്‍ത്ഥനയെ കൈയടികളോടെയാണ് തൊഴിലാളികള്‍ വരവേറ്റത്. തങ്ങളുടെ എല്ലാ സഹായവും തൊഴിലാളികള്‍ വാഗ്ദാനം ചെയ്തു.   

ആഗസ്റ്റ് 17നാണ് അഞ്ച് ഫൈബര്‍ ബോട്ടുകളുമായി ഇവര്‍ ദുരന്ത ഭൂമിയിലേക്ക് പോയത്. സേവാഭാരതിയുടെയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശമനുസരിച്ചാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പലപ്പോഴും ജീവന്‍ അപകടത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും ഓരോ ജീവനും നെഞ്ചോട് ചേര്‍ത്ത് രക്ഷിച്ച സംഭവങ്ങളായിരുന്നു ഇവര്‍ക്ക് പറയാനുണ്ടായിരുന്നത്. അവ വിവരിക്കുമ്പോള്‍ ആ കണ്ണുകളില്‍ കാണാമായിരുന്നു പ്രളയത്തിന്റെ ഭീകരതയും വ്യാപ്തിയും. എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ കുറുമശ്ശേരി, മൂഴിക്കുളം, പൂവ്വത്തുശ്ശേരി, അയിരൂര്‍, കുത്തിയതോട്, ചാലാക്ക, പൊയ്ക്കാട്ടുശ്ശേരി എന്നിവിടങ്ങളിലായിരുന്നു ഇവരുടെ രക്ഷാ പ്രവര്‍ത്തനം. എന്‍ഡിആര്‍എഫ് സേനാംഗങ്ങളുമായും ചില സ്ഥലങ്ങളില്‍ ഒരുമിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. 

കുത്തൊഴുക്കില്‍പ്പെട്ട് മരണത്തിലേക്ക് പോയെന്ന് കരുതിയ രണ്ട് പേരെ വളരെ പ്രയാസപ്പെട്ടാണ് രക്ഷിച്ചത്. ഇതിനിടയില്‍ ഒഴുകിവന്ന കൂറ്റന്‍ മരം ഇടിച്ച് പലര്‍ക്കും പരിക്കുപറ്റി. മുങ്ങി നിന്ന ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് വള്ളം മറിയുന്ന അവസ്ഥയുണ്ടായി. ഒഴുക്കില്‍പ്പെട്ട് ഗതിമാറിയ വള്ളം തൂക്കുപാലത്തില്‍കുടുങ്ങി. ഒടുവില്‍ വളരെ പ്രയാസപ്പെട്ടാണ് രക്ഷപ്പെട്ടത്. എന്നിട്ടും ഗര്‍ഭിണികളെയും രോഗികളെയും പിഞ്ചുകുഞ്ഞുങ്ങളെയുമടക്കം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. അത്യാസന്ന നിലയിലുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രികളിലെത്തിച്ചു. നേവി ഹെലിക്കോപ്റ്ററുകള്‍ എത്തിക്കുന്ന ഭക്ഷണസാമഗ്രികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുകയും ചെയ്‌തെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

മതിലുകളിലും  കെട്ടിടങ്ങളിലും വള്ളവും എഞ്ചിനും ഇടിച്ച് കേടുപറ്റി. ഇന്ധനം തീരുമെന്ന ഭയപ്പാടും ഉണ്ടായിരുന്നു. അവിലും മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളും കരുതിയതുകൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ലെന്നും ഇവര്‍ പറഞ്ഞു. മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഫിഷറീസ് ജോയിന്റ്ഡയറക്ടര്‍ കെ.കെ. സതീഷ്, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് രജിനേഷ് ബാബു, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍ തുടങ്ങി നിരവധി പേര്‍ അഭിനന്ദിക്കാനും ആദരവ് പ്രകടിപ്പിക്കാനും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.