കവര്‍ച്ചാക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ സ്വയം വാദിച്ചു; വെറുതെ വിട്ടുകൊണ്ട് കോടതി വിധി

Tuesday 21 August 2018 8:08 pm IST

 

പയ്യന്നൂര്‍: മോഷണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി കോടതിയില്‍ അഭിഭാഷകനില്ലാതെ സ്വയം വാദിച്ചു. ഇതേതുടര്‍ന്ന് ഇന്നലെ വിധി പ്രസ്താവിച്ചപ്പോള്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി ഇയാളെ വെറുതെ വിട്ടു. രാമന്തളി കക്കമ്പാറയിലെ വിനോദ് ചന്ദ്രനെന്ന നടവളപ്പില്‍ ചന്ദ്രനെയാണ് (40) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. 

2012 മാര്‍ച്ച് 28ന് പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ ആസിയയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. എഴേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങളും 18,000 രൂപയുമാണ് അന്ന് ആസിയയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്യപെട്ടത്. പഴയങ്ങാടി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ദീര്‍ഘനാളത്തെ അന്വേഷണത്തിന് ശേഷം വിനോദ് ചന്ദ്രനെ അന്നത്തെ തളിപ്പറമ്പ് സിഐ പി.കെ.സുധാകരന്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ പയ്യന്നൂര്‍ കോടതിയില്‍ നടക്കുമ്പോഴാണ് പൗരാവകാശ നിയമത്തിന്റെ പിന്‍ബലത്തില്‍ വിനോദ് ചന്ദ്രന്‍ അഭിഭാഷകനെ വെക്കാതെ കോടതിയില്‍ കവര്‍ച്ച ചെയ്തത് താനല്ലെന്ന് സ്വയം കേസ് വാദിച്ചത്. വിചാരണ വേളയില്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയായ വിനോദ് ചന്ദ്രന്‍ തന്നെയാണെന്ന് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കാനോ വിനോദ് ചന്ദ്രന്‍ തന്നെയാണ് നടവളപ്പില്‍ ചന്ദ്രന്‍ എന്ന് സ്ഥാപിക്കാനോ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. വിചാരണയിലിരിക്കുന്ന മറ്റൊരു കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍ ഇയാള്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.