കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ ഓണക്കോടി വിതരണം ചെയ്തത് സിപിഎം ജില്ലാ സെക്രട്ടറി കോണ്‍ഗ്രസിനകത്ത് പുതിയ വിവാദം

Tuesday 21 August 2018 8:08 pm IST

 

കണ്ണൂര്‍: കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ പ്രമുഖ ചാരിറ്റബിള്‍ ട്രസ്റ്റായ മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന അമ്മയ്‌ക്കൊരു ഓണക്കോടി പദ്ധതിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെക്കൊണ്ട് ഓണക്കോടി വിതരണം ചെയ്യിപ്പിച്ച സംഭവം കോണ്‍ഗ്രസിനകത്ത് വിവാദമാകുന്നു. 

സാമൂഹ്യ മാധ്യമങ്ങളില്‍ ട്രസ്റ്റ് ഭാരവാഹിയായ കോണ്‍ഗ്രസ് നേതാവിനെതിരെ വ്യാപക പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, മറ്റ് യുഡിഎഫ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സജീവ ഗ്രൂപ്പുകളിലാണ് ട്രസ്റ്റിനും ഭാരവാഹികള്‍ക്കുമെതിരായി പോസ്റ്റുകള്‍ വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഗസ്ത് 15നാണ് ജില്ലയിലെ പ്രായമായ അമ്മമാര്‍ക്ക് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണപ്പുടവ വിതരണം ചെയ്തത്. ഡിസിസി നിര്‍വാഹകസമിതി അംഗവും ട്രസ്റ്റ് ചെയര്‍മാനുമായ കെ.പ്രമോദിന്റെ സാന്നിധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

പരിപാടിക്ക് ശേഷം ട്രസ്റ്റിനെതിരെ ശക്തമായ ഭാഷയിലാണ് പ്രവര്‍ത്തകരുടെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ഒട്ടേറെ രക്തസാക്ഷികളെ നമ്മുടെ പാര്‍ട്ടിയില്‍ ഉണ്ടാക്കിയ വ്യക്തിയെ കൂട്ടുപിടിച്ച് അമ്മയ്‌ക്കൊരു ഓണക്കോടി എന്നു പറയുമ്പോള്‍ ഒട്ടനവധി അമ്മമാര്‍ക്ക് മക്കളെ നഷ്ടപ്പെടുത്താന്‍ കാരണക്കാരായ ഇയാളെക്കൊണ്ടു തന്നെ അമ്മയ്‌ക്കൊരു കോടി കൊടുപ്പിക്കണമായിരുന്നോ തുടങ്ങിയ മെസേജുകളാണ് ഗ്രൂപ്പുകളില്‍ നിറയുന്നത്. സിപിഎമ്മിന്റെ ഏതെങ്കിലും സ്ഥാപനത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വിളിച്ച് ഇത്തരം പരിപാടികള്‍ നടത്താറുണ്ടോ എന്നും ഷുഹൈബിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന ആളെക്കൊണ്ടു തന്നെ ഇത്തരം പരിപാടിയില്‍ പങ്കെടുപ്പിക്കണോ എന്ന ചോദ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വവും ട്രസ്റ്റ് ഭാരവാഹികളും വെട്ടിലായിരിക്കുകയാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.