സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ ജനങ്ങളുടെ കഴുത്തറുക്കുന്നു

Wednesday 22 August 2018 9:13 am IST

മലപ്പുറം: പ്രളയദുരിതത്തില്‍ ബുദ്ധിമുട്ടുന്ന മലയാളിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടി. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ വഴി ഇന്നലെ ആരംഭിച്ച ഓണച്ചന്തകളില്‍ സാധനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ ഉയര്‍ന്ന വില.

2000 ഓണച്ചന്തകളും ഹോര്‍ട്ടികോര്‍പ്പ്, വിഎച്ച്പിസികെ തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകളും വഴി വിപണിവിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ ലഭ്യമാക്കുമെന്നായിരുന്നു മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ ഉറപ്പ്. മുപ്പതു ശതമാനം വിലയിളവ് സംബന്ധിച്ച് കൃഷിവകുപ്പ് ഡയറക്ടറും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ പാലിക്കാതെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. ഉത്സവകാലത്തെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, ഊഹക്കച്ചവടം എന്നിവ തടയാന്‍ ആരംഭിച്ച ചന്തകള്‍ യഥാര്‍ഥത്തില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

തക്കാളിക്ക് ഇന്നലെ പൊതുവിപണിയിലും സര്‍ക്കാരിന്റെ ഓണച്ചന്തയിലും 25 രൂപയാണ് വില. വെള്ളരിക്ക് മാര്‍ക്കറ്റില്‍ 28 രൂപയുള്ളപ്പോള്‍ സര്‍ക്കാരിന്റെ വില 38 ആണ്. മുരിങ്ങ നാല് രൂപയുടെ വ്യത്യാസത്തില്‍ 34 രൂപയ്ക്കാണ് ഓണച്ചന്തയില്‍ വില്‍ക്കുന്നത്. 

ചേനയ്ക്ക് ഒരു രൂപയും കാബേജിന് രണ്ടും, പച്ചമുളകിന് എട്ടും, ചെറിയ ഉള്ളിക്ക് ഏഴും, വാഴക്കയ്ക്ക് 24 രൂപയും ഓണച്ചന്തയില്‍ കൂടുതലാണ്. സംസ്ഥാനം ഇത്രയും വലിയ ദുരിതം നേരിടുമ്പോള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാരാണ് വന്‍വില ഈടാക്കി ഓണച്ചന്തകള്‍ നടത്തുന്നത്. ഈ സമയത്ത് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി വിതരണം ചെയ്യേണ്ടതിന് പകരം ഹോര്‍ട്ടികോര്‍പ്പിന് ലാഭം ഉണ്ടാക്കാനാണ് കൃഷിവകുപ്പിന്റെ ശ്രമം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.