ടൂറിസം രംഗം കുത്തിയൊലിച്ചു

Wednesday 22 August 2018 9:20 am IST
മലയോര ടൂറിസം കേന്ദ്രങ്ങളായ മൂന്നാര്‍, വാഗമണ്‍, വയനാട് എന്നിവയും കായലോര കേന്ദ്രങ്ങളായ കുമരകം, ആലപ്പുഴ, കൊച്ചി എന്നിവയും നിശ്ശേഷം തകര്‍ന്നു. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതും റോഡ്, റെയില്‍ ഗതാഗതം നിലച്ചതും മൂലം പല സഞ്ചാരികളും ഒറ്റപ്പെട്ടിരുന്നു.

കോട്ടയം: മഹാപ്രളയം വിനോദ സഞ്ചാര മേഖലയെ കശക്കിയെറിഞ്ഞു. കടലോര വിനോദ സഞ്ചാര കേന്ദ്രങ്ങളൊഴികെ ബാക്കിയുള്ളവ പൂര്‍ണമായി തകര്‍ന്നു. ഈ മാസം തുടങ്ങിയ പുതിയ ടൂറിസം സീസണില്‍  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. കണക്കാക്കാന്‍ പറ്റാത്ത തരത്തിലുള്ള നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൈവത്തിന്റെ സ്വന്തം നാട് പ്രളയത്തില്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചതും ആഘാതമായി. വിദേശ ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെയാണ് സഞ്ചാരികളുടെ യാത്ര റദ്ദാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ടൂറിസം മേഖലയില്‍നിന്ന് നേരിട്ടും അല്ലാതെയുമായി 33,000 കോടി രൂപയുടെ വരുമാനമാണ് കേരളത്തിന് ലഭിച്ചത്. ഈ വര്‍ഷം എത്ര കിട്ടുമെന്ന് ഒരു രൂപവുമില്ല. മുന്‍വര്‍ഷത്തെ വരുമാനത്തിന്റെ മൂന്നിലൊന്നെങ്കിലും ലഭിച്ചാല്‍ തന്നെ വലിയ കാര്യമായിരിക്കുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. 

മലയോര ടൂറിസം കേന്ദ്രങ്ങളായ മൂന്നാര്‍, വാഗമണ്‍, വയനാട് എന്നിവയും കായലോര കേന്ദ്രങ്ങളായ കുമരകം, ആലപ്പുഴ, കൊച്ചി എന്നിവയും നിശ്ശേഷം തകര്‍ന്നു. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതും റോഡ്, റെയില്‍ ഗതാഗതം നിലച്ചതും മൂലം പല സഞ്ചാരികളും ഒറ്റപ്പെട്ടിരുന്നു.

ഓണക്കാലമാകുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും സഞ്ചാരികളെ കൊണ്ട് നിറയുന്നതാണ്. നെഹ്‌റു ട്രോഫി വള്ളംകളിയോടെയാണ് സീസണ്‍ ഉണരുന്നത്. എന്നാല്‍  വെള്ളപ്പൊക്കം മൂലം മാറ്റിവച്ച വള്ളംകളി ഇനി നടക്കുമോ എന്ന് സംശയമാണ്. ഇതിന്റെ തുടര്‍ച്ചയായി ആദ്യമായി സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട്  ലീഗും അനിശ്ചിതത്വത്തിലാണ്. ആലപ്പുഴയിലും കുമരകത്തും ഉള്ള 1500 ഹൗസ് ബോട്ടുകള്‍ ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. കുമരകം മേഖലയില്‍ വീട് നഷ്ടപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്നത് ഹൗസ്‌ബോട്ടുകളിലാണ്.

മൂന്നാറില്‍ ഈ വര്‍ഷം കുറിഞ്ഞിക്കാലം കൂടിയായതിനാല്‍ എട്ട് ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം മൂന്നാര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പെരിയാറില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നതോടെ തേക്കടിയെയും കൈയൊഴിഞ്ഞു. ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തന്നെ വാഗമണിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം തടഞ്ഞു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്, കട്ടപ്പന-ഉപ്പുതറ-വാഗമണ്‍ റോഡുകളിലൂടെ ഗതാഗതം നിരോധിക്കുകയും ചെയ്തു. വയനാട്ടിലെ അവസ്ഥയും വ്യത്യസ്തമല്ല. ചുരം റോഡുകള്‍ പൂര്‍ണമായി തകര്‍ന്നു. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ് വയനാട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.