തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല

Wednesday 22 August 2018 3:46 am IST

ആലപ്പുഴ: പ്രളയത്തിന്റെ ബാക്കിപത്രം കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ നാശമാണ്. സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ പോലും കാര്യമായി ബാധിക്കുന്നതാണ് നെല്‍ക്കൃഷി മേഖലയിലെ തകര്‍ച്ച. നെല്ലറയായ കുട്ടനാട്ടില്‍ രണ്ടാം കൃഷി പൂര്‍ണമായി നശിച്ചു. പതിനായിരത്തോളം ഹെക്ടറിലാണ് ഇത്തവണ രണ്ടാം കൃഷി ഇറക്കിയത്. നേരത്തെയുണ്ടായ രണ്ടു വെള്ളപ്പൊക്കത്തില്‍ 97 ശതമാനം പാടശേഖരങ്ങളിലെയും കൃഷി നശിച്ചിരുന്നു. 

കഴിഞ്ഞ ദിവസത്തെ മഹാപ്രളയത്തില്‍ നെടുമുടി, പള്ളാത്തുരുത്തി പ്രദേശങ്ങളിലെ അവശേഷിച്ചിരുന്ന പാടശേഖരങ്ങളിലെ കൃഷിയും തകര്‍ന്നടിഞ്ഞു. 

സപ്തംബറോടെ പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഴുവന്‍ പാടശേഖരങ്ങളുടെയും മട വീണതിനാല്‍ പുഞ്ചക്കൃഷി സമയബന്ധിതമായി ഇറക്കാന്‍ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ കരക്കൃഷിയും വാഴക്കൃഷിയും ഓണാട്ട് കരയിലെ എള്ള് കൃഷിയും ഉള്‍പ്പടെ കാര്‍ഷികമേഖലയിലെ തകര്‍ച്ചയില്‍ നിന്ന് അടുത്തകാലത്തെങ്ങും കര്‍ഷകര്‍ക്ക് മറികടക്കാനാകില്ല. 

സംസ്ഥാനത്ത് ഏറ്റവും അധികം കൃഷി നഷ്ടമുണ്ടായത് ആലപ്പുഴയിലാണെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. 8391. 55 ഹെക്ടറിലെ കൃഷി നശിച്ചത് മൂലം 309.86 കോടിയുടെ നഷ്ടമാണുണ്ടായത്. മലപ്പുറം ജില്ലയില്‍ 141.96 കോടിയുടേതാണ് കാര്‍ഷിക നഷ്ടം. 

പത്തനംതിട്ട ജില്ലയില്‍ 138.33 കോടിയുടെ കൃഷി നാശമാണുണ്ടായത്. ഇടുക്കിയില്‍ 130.02 കോടിയുടെ കൃഷിയാണ് നശിച്ചത്. സംസ്ഥാനത്ത് ആകെ 12084.50 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 1065.48 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. വെള്ളം പൂര്‍ണമായി ഇറങ്ങി കഴിയുന്നതോടെ വരുംദിവസങ്ങളില്‍ അന്തിമകണക്ക് വരുമ്പോള്‍ കാര്‍ഷിക മേഖലയിലെ നഷ്ടം ഭീമമാകാനാണ് സാധ്യത.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.